---
title: "കാരയ്ക്കാക്കുഴിയിൽ വളർത്തുനായയെ ആക്രമിച്ച പുലി ക്യാമറയിൽ കുടുങ്ങി; ഡ്രോൺ പരിശോധനയും കൂട് സ്ഥാപിക്കലും ഊർജ്ജിതമാക്കി"
english_title: "CONTENT HIGHLIGHS:- Tiger attacks pet dog in Karaikkakuzhi, caught on camera"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362306/content-highlighs-tiger-attacks-pet-dog-in-karaikkakuzhi-caught-on-camera"
published_at: "2026-05-28T13:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17f61ede7ce_16.jpg"
keywords: ["Latest News", "Tiger", "Drone inspection"]
---

# കാരയ്ക്കാക്കുഴിയിൽ വളർത്തുനായയെ ആക്രമിച്ച പുലി ക്യാമറയിൽ കുടുങ്ങി; ഡ്രോൺ പരിശോധനയും കൂട് സ്ഥാപിക്കലും ഊർജ്ജിതമാക്കി

> **Lead Summary:** **പത്തനംതിട്ട: [** പുലിയുടെയും കാട്ടാനകളുടെയും തുടർച്ചയായ സാന്നിധ്യം മൂലം പത്തനംതിട്ട ജില്ലയിലെ വിവിധ മലയോര മേഖലകൾ അതീവ ഭീതിയിൽ. കൂടൽ കാരയ്ക്കാക്കുഴിയിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ്.

## Article Content

**പത്തനംതിട്ട: [** പുലിയുടെയും കാട്ടാനകളുടെയും തുടർച്ചയായ സാന്നിധ്യം മൂലം പത്തനംതിട്ട ജില്ലയിലെ വിവിധ മലയോര മേഖലകൾ അതീവ ഭീതിയിൽ. കൂടൽ കാരയ്ക്കാക്കുഴിയിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ്.

കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പുലിയിറങ്ങി കൂട്ടിൽ കിടന്ന വളർത്തുനായയെ ആക്രമിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞതോടെയാണ് വനംവകുപ്പ് നടപടികൾ ഊർജ്ജിതമാക്കിയത്.

പുലിയെ കണ്ടെത്താനായി പ്രദേശത്ത് ഡ്രോൺ പരിശോധന ആരംഭിച്ച അധികൃതർ, ഇതിനെ എത്രയും വേഗം പിടികൂടാനായി ഉടൻ തന്നെ സ്ഥലത്ത് കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

കോന്നി കുളത്തുമൺ മേഖലയിലും പുലിപ്പേടിയിൽ ഓരോ നിമിഷവും തള്ളിനീക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇവിടെ പുലിയുടെ ആക്രമണത്തിൽ മൂന്ന് ആടുകളാണ് ചത്തത്.

ഇതിനിടയിൽ വടശ്ശേരിക്കര പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനക്കൂട്ടവും ജനങ്ങളെ കടുത്ത പരിഭ്രാന്തിയിലാക്കുന്നുണ്ട്. കല്ലാർ നദി മുറിച്ചുകടന്ന് ജനവാസ മേഖലയിലെത്തുന്ന ആനകൾ പ്രദേശത്തെ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്.

വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവരും പുലർച്ചെ റബ്ബർ ടാപ്പിങ് ഉൾപ്പെടെയുള്ള ജോലികൾക്കായി പുറത്തിറങ്ങുന്നവരും അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362306/content-highlighs-tiger-attacks-pet-dog-in-karaikkakuzhi-caught-on-camera)