---
title: "ഇന്നലെ സംഭവിച്ചതെന്ത്....? ഡിജിപിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി, വീട്ടിൽ നേരിട്ടെത്തി വിശദീകരണം നൽകണം"
english_title: "Content Highlights:-Home Minister Summons DGP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362272/content-highlights-home-minister-summons-dgp"
published_at: "2026-05-28T11:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06874a0f3d5_ramesh1.jpg"
keywords: ["Latest News", "Home Minister", "Ramesh Chennithala", "Enforcement Directorate", "Raid", "DGP"]
---

# ഇന്നലെ സംഭവിച്ചതെന്ത്....? ഡിജിപിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി, വീട്ടിൽ നേരിട്ടെത്തി വിശദീകരണം നൽകണം

> **Lead Summary:** തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനിടെ തലസ്ഥാനത്തുണ്ടായ അക്രമ സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖറിനെ വിളിപ്പിച്ചു. വീഴ്ചയിൽ ഡിജിപി വിശദീകരണം നൽകും.

## Article Content

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനിടെ തലസ്ഥാനത്തുണ്ടായ അക്രമ സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖറിനെ വിളിപ്പിച്ചു. വീഴ്ചയിൽ ഡിജിപി വിശദീകരണം നൽകും.

മന്ത്രിയുടെ വീട്ടിലേക്കാണ് വിളിപ്പിച്ചത്. കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ മുൻ ഡിജിപിയും ഫയർഫോഴ്സ് മേധാവിയുമായിരുന്ന എ. ഹേമചന്ദ്രനും പങ്കെടുക്കുന്നു.

ഇന്നലെയുണ്ടായത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടാണെന്നും വിലയിരുത്തുന്നതും. ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതിൽ കേന്ദ്ര സർക്കാറും ​ഗവർണറും വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടി നൽകാൻ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ട്. വീഴ്ച കണ്ടെത്തുന്നതുൾപ്പെടെയുള്ള കാര്യത്തിൽ ഇന്നത്തെ യോ​ഗത്തിൽ ചർച്ചയാകും. അതോ‌ടൊപ്പം പൊലീസിലെ പൊളിച്ചെഴുത്തും ചർച്ചയാകും.

മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഇന്നലെത്തെ സംഭവം വീഴ്ചയാണെന്നു ആഭ്യന്തര മന്ത്രിക്ക് ബോധ്യമുണ്ട്. ഇന്നലെയും ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.

തിരുവനന്തപുരത്തെ ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു.

പൊലീസിൽ കുറ്റമില്ലെന്നും പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നു. നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല പ്രകടനം നടത്തുന്നതിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362272/content-highlights-home-minister-summons-dgp)