---
title: "വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം നവവധു വിഷം കഴിച്ച് മരിച്ചു; പരിശോധനയിൽ പെൺകുട്ടിക്ക് പ്രായം വെറും 13 വയസ്സ്!"
english_title: "Content Highlights:-  Newlywed dies of poison just days after marriage; examination reveals girl was only 13 years old!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362263/content-highlights-newlywed-dies-of-poison-just-days-after-marriage-examination-reveals-girl-was-only-13-years-old"
published_at: "2026-05-28T10:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17ce0be43a1_ChildMarriage.jpg"
keywords: ["Latest News", "Uttar Pradesh", "Child Marriage Case", "Crime News"]
---

# വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം നവവധു വിഷം കഴിച്ച് മരിച്ചു; പരിശോധനയിൽ പെൺകുട്ടിക്ക് പ്രായം വെറും 13 വയസ്സ്!

> **Lead Summary:** ത്സാൻസി: ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിൽ നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. മരണാനന്തരം നാട്ടുകാർ നടത്തിയ പരിശോധനയിൽ പെൺകുട്ടിക്ക് വെറും 13 വയസ്സ് മാത്രമാണ് പ്രായമെന്ന് കണ്ടെത്തി.

## Article Content

ത്സാൻസി: ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിൽ നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. മരണാനന്തരം നാട്ടുകാർ നടത്തിയ പരിശോധനയിൽ പെൺകുട്ടിക്ക് വെറും 13 വയസ്സ് മാത്രമാണ് പ്രായമെന്ന് കണ്ടെത്തി.

കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു പെൺകുട്ടിയുടെ വിവാഹം നടന്നത്. പതിനെട്ടുകാരനായ റസിയ എന്ന യുവാവാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. പെൺകുട്ടിക്ക് 18 വയസ്സുണ്ടെന്നാണ് മുത്തശ്ശൻ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ മരണശേഷം പെൺകുട്ടിയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് യഥാർത്ഥ പ്രായം 13 മാത്രമാണെന്ന് പുറത്തറിഞ്ഞത്.

സ്വന്തം വീട്ടിലെത്തിയ പെൺകുട്ടി വിഷം കഴിച്ചയുടൻ അമ്മയുടെ അടുത്ത് ഓടിയെത്തി വിവരം പറയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ത്സാൻസി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മരണകാരണത്തെക്കുറിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തെക്കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളോ ആത്മഹത്യാ ചിന്തകളോ ഉണ്ടാകുന്നപക്ഷം തണൽ, ദിശ തുടങ്ങിയ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ: 1056, 0471-2552056

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362263/content-highlights-newlywed-dies-of-poison-just-days-after-marriage-examination-reveals-girl-was-only-13-years-old)