---
title: "പ്രതീക്ഷകളെല്ലാം വെള്ളത്തിലായി; തമിഴ്നാടൻ ഉൽപാദനവും വിയറ്റ്നാം ഇറക്കുമതിയും വില്ലനായി, അടയ്ക്ക വില കുറയുന്നു, കർഷകർ പ്രതിസന്ധിയിൽ"
english_title: "content highlights:- Areca palm price decreases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362250/content-highlights-areca-palm-price-decreases"
published_at: "2026-05-28T09:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17c147eabf8_areca.jpg"
keywords: ["Latest News", "Idukki", "Areca palm price"]
---

# പ്രതീക്ഷകളെല്ലാം വെള്ളത്തിലായി; തമിഴ്നാടൻ ഉൽപാദനവും വിയറ്റ്നാം ഇറക്കുമതിയും വില്ലനായി, അടയ്ക്ക വില കുറയുന്നു, കർഷകർ പ്രതിസന്ധിയിൽ

> **Lead Summary:** **മറയൂർ: [**[ ]വിദേശത്തുനിന്നുള്ള ഇറക്കുമതി ശക്തമായതോടെ ആഭ്യന്തര വിപണിയിൽ അടയ്ക്ക വില കുത്തനെ ഇടിയുന്നത് മറയൂർ മേഖലയിലെ കമുക് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.

## Article Content

**മറയൂർ: [**[ ]വിദേശത്തുനിന്നുള്ള ഇറക്കുമതി ശക്തമായതോടെ ആഭ്യന്തര വിപണിയിൽ അടയ്ക്ക വില കുത്തനെ ഇടിയുന്നത് മറയൂർ മേഖലയിലെ കമുക് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.

കഴിഞ്ഞ വർഷങ്ങളിൽ കിലോയ്ക്ക് 200 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് ഈ സീസണിന്റെ തുടക്കത്തിൽ 60 രൂപയായാണ് വില കുറഞ്ഞത്. എന്നാൽ കഴിഞ്ഞ രണ്ട് മാസം കൊണ്ട് വിപണിയിൽ വീണ്ടും ഇടിവുണ്ടാവുകയും നിലവിൽ കർഷകർക്ക് കിലോയ്ക്ക് 50 മുതൽ 55 രൂപ വരെ മാത്രം ലഭിക്കുന്ന അവസ്ഥയുമാണുളളത്.

വിയറ്റ്നാമിൽ നിന്നുള്ള കൊട്ടടയ്ക്കയുടെ വൻതോതിലുള്ള ഇറക്കുമതിയും അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ഉൽപാദനം വർധിച്ചതുമാണ് വിപണിയിൽ പെട്ടെന്നുണ്ടായ ഈ വിലത്തകർച്ചയ്ക്ക് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.

വർഷങ്ങളായി ചെയ്തുവന്നിരുന്ന കരിമ്പ് കൃഷിയിൽ നിന്നുള്ള തിരിച്ചടികൾ കാരണമാണ് മറയൂർ മേഖലയിലെ ഭൂരിഭാഗം കർഷകരും സമീപകാലത്ത് കമുക് കൃഷിയിലേക്ക് വൻതോതിൽ മാറിയത്.

കരിമ്പ് നടീൽ മുതൽ ശർക്കര ഉൽപാദനം വരെയുള്ള നീണ്ട കാത്തിരിപ്പും, വിപണിയിൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന വ്യാജ ‘മറയൂർ ശർക്കര’ ഉണ്ടാക്കുന്ന വിലയിടിവും കാരണമാണ് പലരും കരിമ്പ് ഉപേക്ഷിക്കാൻ നിർബന്ധിതരായത്.

തുടർന്ന് ആനക്കാൽപെട്ടി, ചെറുവാട്, ചാനൽമേട്, കരശനാട്, കോവിൽകടവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വ്യാപകമായി കമുക് കൃഷി ഇറക്കുകയായിരുന്നു. എന്നാൽ മികച്ച ലാഭം പ്രതീക്ഷിച്ച് കമുക് കൃഷിയിലേക്ക് തിരിഞ്ഞ കർഷകർക്ക്, ഇപ്പോഴുണ്ടായ അപ്രതീക്ഷിത വിലയിടിവ് വലിയ ആഘാതമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362250/content-highlights-areca-palm-price-decreases)