---
title: "ബൈപാസ് നിർമാണം വിനയായി; തോടുകൾ നികത്തിയതോടെ ആലപ്പുഴയിൽ മുന്നൂറോളം വീടുകൾ വെള്ളത്തിനടിയിൽ"
english_title: "content highlights:- Houses under water after canals are filled in Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362246/content-highlights-houses-under-water-after-canals-are-filled-in-alappuzha"
published_at: "2026-05-28T09:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17bd90992d0_2.jpg"
keywords: ["Latest News", "Bypass construction", "Alappuzha"]
---

# ബൈപാസ് നിർമാണം വിനയായി; തോടുകൾ നികത്തിയതോടെ ആലപ്പുഴയിൽ മുന്നൂറോളം വീടുകൾ വെള്ളത്തിനടിയിൽ

> **Lead Summary:** **ആലപ്പുഴ: [ **ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്വാഭാവിക തോടുകൾ മൂടി ഓടയും സർവീസ് റോഡും നിർമിച്ചതോടെ ആലപ്പുഴയിൽ മുന്നൂറിലധികം വീടുകൾ വെള്ളക്കെട്ടിലായി.

## Article Content

**ആലപ്പുഴ: [ **ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്വാഭാവിക തോടുകൾ മൂടി ഓടയും സർവീസ് റോഡും നിർമിച്ചതോടെ ആലപ്പുഴയിൽ മുന്നൂറിലധികം വീടുകൾ വെള്ളക്കെട്ടിലായി.

കഴിഞ്ഞ നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വീടുകൾക്കുള്ളിൽ വെള്ളം കയറിയതോടെ വയോധികരും രോഗികളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്.

മഴവെള്ളം ഒഴുക്കിവിട്ടിരുന്ന പ്രകൃതിദത്ത തോടുകൾ ബൈപാസ് നിർമാണത്തിനായി നികത്തിയതാണ് ഇപ്പോഴത്തെ വൻ വെള്ളക്കെട്ടിന് കാരണമായത്. ഇതിനുപുറമെ പ്രദേശത്തെ ചില സ്വകാര്യ വ്യക്തികൾ തോടുകൾ മൂടിയതും കോൺക്രീറ്റ് മിക്സിങ് പ്ലാന്റിലെ അവശിഷ്ടങ്ങൾ ഒഴുക്കിവിട്ട് ഒഴുക്ക് തടസ്സപ്പെടുത്തിയതും സ്ഥിതി സങ്കീർണ്ണമാക്കി.

ദുരന്തബാധിത പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമായിട്ടും ജില്ലാ ഭരണകൂടമോ ഉത്തരവാദപ്പെട്ട അധികൃതരോ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പരസ്യമായി പ്രതിഷേധിക്കുന്നു. വീടുകളിൽ കക്കൂസ് മാലിന്യമടക്കം കലർന്ന അഴുക്കുവെള്ളം നിറഞ്ഞതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പ്രദേശം നേരിടുന്നത്.

രോഗികളായ കുടുംബാംഗങ്ങളെ കിടത്താനോ ശുചിമുറികൾ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. കഴിഞ്ഞദിവസം സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയ്ക്കും വെള്ളം പമ്പ് ചെയ്തു കളയാൻ സാധിക്കാതെ വന്നതോടെ, നികത്തിയ തോടുകൾ പുനഃസ്ഥാപിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് വ്യക്തമാക്കി അവർ മടങ്ങുകയായിരുന്നു.

ദിവസങ്ങളായി ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ബൈപാസ് ഉപരോധിച്ച് ശക്തമായ സമരം ആരംഭിക്കുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്.

അതേസമയം, തോടുകൾ പുനഃസ്ഥാപിച്ച് വെള്ളക്കെട്ട് പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ബൈപാസ് നിർമാണത്തിനായുള്ള കോൺക്രീറ്റ് മിക്സിങ് കൊണ്ടുപോകുന്നത് തടയുമെന്ന് പ്രദേശത്തെ കൗൺസിലർമാരും വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362246/content-highlights-houses-under-water-after-canals-are-filled-in-alappuzha)