---
title: "സ്വപ്നങ്ങൾ ബാക്കിയാക്കി അവർ മടങ്ങി... മഹാരാഷ്ട്രയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മറാഠി ടെലിവിഷൻ താരം മഹേഷ് പവാർ ഉൾപ്പെടെ എട്ടുപേർ മരിച്ചു"
english_title: "content highlights:- Eight killed as car falls into gorge in Maharashtra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362243/content-highlights-eight-killed-as-car-falls-into-gorge-in-maharashtra"
published_at: "2026-05-28T09:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17bc329a3dc_accident.jpg"
keywords: ["Latest News", "Accident", "Maharashtra", "Mahesh Pawar"]
---

# സ്വപ്നങ്ങൾ ബാക്കിയാക്കി അവർ മടങ്ങി... മഹാരാഷ്ട്രയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മറാഠി ടെലിവിഷൻ താരം മഹേഷ് പവാർ ഉൾപ്പെടെ എട്ടുപേർ മരിച്ചു

> **Lead Summary:** **മുംബൈ: [ **മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രശസ്ത മറാഠി ടെലിവിഷൻ താരം മഹേഷ് പവാർ ഉൾപ്പെടെ എട്ടുപേർ മരണപ്പെട്ടു.

## Article Content

**മുംബൈ: [ **മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രശസ്ത മറാഠി ടെലിവിഷൻ താരം മഹേഷ് പവാർ ഉൾപ്പെടെ എട്ടുപേർ മരണപ്പെട്ടു.

'അപ്പി ആംചി കളക്ടർ' എന്ന ജനപ്രിയ മറാഠി പരമ്പരയിലൂടെ ശ്രദ്ധേയനായ മഹേഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ വാഹനം നിയന്ത്രണം വിട്ട് ആയിരം അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

മുംബൈയിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള പോളാഡ്പൂർ-മഹാബലേശ്വർ റോഡിലെ അംബെനാലി ഘട്ടിലാണ് വിനോദ ലോകത്തെ ഒന്നടങ്കം നടുക്കിയ ഈ അപകടം സംഭവിച്ചത്.

വളവുകളും കുത്തനെയുള്ള ഇറക്കങ്ങളുമുള്ള ഈ മലയോര പാതയിൽ വെച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

മഹേഷ് പവാറിനെ കൂടാതെ റിതേഷ് ലോഖണ്ഡെ (22), സുഹാസ് ലോഖണ്ഡെ (20), ഉത്കർഷ് ഷിംഗ്‌തെ (21), നിഖിൽ ഷിംഗ്‌തെ (25), ആദിത്യ സാളുങ്കെ (21), രാജേഷ് കാട്കർ (35), അൻഷ് ചവാൻ (19) എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റുള്ളവർ.

ഞായറാഴ്ച പുലർച്ചെ ദാപോളിയിലെ ഹാർനെയിൽ നിന്ന് സത്താറയിലേക്ക് യാത്ര തിരിച്ച ഇവർ നിശ്ചിത സമയ കഴിഞ്ഞും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലാണ് തിങ്കളാഴ്ച രാവിലെ അംബെനാലി ഘട്ടിൽ തകർന്ന നിലയിൽ വാഹനം കണ്ടെത്തിയത്. അപകടത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

ദേശീയ ദുരന്ത നിവാരണ സേനയും (NDRF) സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന അഞ്ച് പ്രത്യേക സംഘങ്ങളാണ് അതിശക്തമായ താഴ്ചയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. മറാഠി ടെലിവിഷൻ രംഗത്ത് ഏറെ പ്രതീക്ഷയുണർത്തിയ യുവനടൻ മഹേഷ് പവാറിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കും ആരാധകർക്കും വലിയ ആഘാതമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362243/content-highlights-eight-killed-as-car-falls-into-gorge-in-maharashtra)