---
title: "പെരുന്നാൾ മധുരമായി അബ്ദുൽ റഹീം ജന്മനാട്ടില്‍; 20 വർഷത്തെ കാത്തിരിപ്പ്, പ്രാർത്ഥനകൾ സഫലമായി  ....."
english_title: "Content Highlights:-Abdul Raheem Returns Home After 20 Years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362227/content-highlights-abdul-raheem-returns-home-after-20-years"
published_at: "2026-05-28T08:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17a9a3a01be_Abdul_Raheem.jpg"
keywords: ["Latest News", "Saudi Arabia", "Abdul Rahim", "Kozhikode"]
---

# പെരുന്നാൾ മധുരമായി അബ്ദുൽ റഹീം ജന്മനാട്ടില്‍; 20 വർഷത്തെ കാത്തിരിപ്പ്, പ്രാർത്ഥനകൾ സഫലമായി  .....

> **Lead Summary:** കോഴിക്കോട്: 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിലെത്തി. ഇന്ന് രാവിലെ 7.35നാണ് അബ്ദുൽ റഹീം കരിപ്പൂർ വിമാന താവളത്തിലിറങ്ങിയത്. വിപുലമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്.

## Article Content

കോഴിക്കോട്: 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിലെത്തി. ഇന്ന് രാവിലെ 7.35നാണ് അബ്ദുൽ റഹീം കരിപ്പൂർ വിമാന താവളത്തിലിറങ്ങിയത്. വിപുലമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്.

വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ വേ​ഗത്തിൽ പൂ‍ർത്തിയായതോടെയാണ് റഹീമിന് പെരുന്നാൾ ദിനം തന്നെ നാട്ടിലെത്താൻ സാധിച്ചത്. സൗദിബാലന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതൽ ജയിലിലാണ്.

അബ്ദുൽ റഹീമിന്‍റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

2006ലാണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം സ്വരൂപിച്ചത്.

2006 ഡിസംബര്‍ 24-നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി.

ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362227/content-highlights-abdul-raheem-returns-home-after-20-years)