---
title: "ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19-കാരി, ക്രൂരത അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് ചെയ്തതെന്ന് എഫ്ഐആർ"
english_title: "Content Highlights:-More Details Emerge On The Incident Of Giving Birth In The Bathroom Of Haripad Taluk Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362196/content-highlights-more-details-emerge-on-the-incident-of-giving-birth-in-the-bathroom-of-haripad-taluk-hospital"
published_at: "2026-05-27T20:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1703e4619fa_Haripad_Taluk_Hospital_CASE.jpg"
keywords: ["Latest News", "New Born Baby", "Haripad Taluk Hospital", "Police Case", "Murder Attempt"]
---

# ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19-കാരി, ക്രൂരത അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് ചെയ്തതെന്ന് എഫ്ഐആർ

> **Lead Summary:** ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.

## Article Content

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.

വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. അതേസമയം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു.

കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപത് കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ യുവതി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നെങ്കിലും ഇക്കാര്യം യുവതി നിരസിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറി യുവതി പ്രസവിച്ചു.

കുഞ്ഞിന്‍റെ പൊക്കിൾ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.

തുടർന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. അവധിക്ക് വീട്ടിൽ എത്തും. മകൾ ഗർഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല.

കാമുകനിൽ നിന്നാണ് ഗര്‍ണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും യുവതി പൊലീസിന് മൊഴിനൽകി. അമ്മയും കുഞ്ഞും വണ്ടാനംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 

കുഞ്ഞിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362196/content-highlights-more-details-emerge-on-the-incident-of-giving-birth-in-the-bathroom-of-haripad-taluk-hospital)