---
title: "ലഖ്‌നൗ-ഗോരഖ്പൂർ ദേശീയ പാതയിൽ റോഡ്‌വേയ്‌സ് ബസ് നിർത്തിയിട്ടിരുന്ന ട്രെയിലറിലിടിച്ചു; രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം"
english_title: "Content Highlights:-  Roadways bus hits parked trailer on Lucknow-Gorakhpur National Highway; Two passengers die"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362163/content-highlights-roadways-bus-hits-parked-trailer-on-lucknow-gorakhpur-national-highway-two-passengers-die"
published_at: "2026-05-27T16:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16cdd4decb4_accident.jpg"
keywords: ["Latest News", "Ayodhya", "Road Accident", "Highway Accident"]
---

# ലഖ്‌നൗ-ഗോരഖ്പൂർ ദേശീയ പാതയിൽ റോഡ്‌വേയ്‌സ് ബസ് നിർത്തിയിട്ടിരുന്ന ട്രെയിലറിലിടിച്ചു; രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം

> **Lead Summary:** ലഖ്‌നൗ: അയോധ്യയിലെ ലഖ്‌നൗ-ഗോരഖ്പൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യാത്രക്കാർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. യാത്രക്കാരുമായി പോവുകയായിരുന്ന ഉത്തർപ്രദേശ് റോഡ്‌വേയ്‌സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രെയിലർ ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അയോധ്യയിലെ റൗണഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുബേർഗഞ്ച് മാർക്കറ്റിന് സമീപമാണ് സംഭവം നടന്നത്.

## Article Content

ലഖ്‌നൗ: അയോധ്യയിലെ ലഖ്‌നൗ-ഗോരഖ്പൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യാത്രക്കാർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. യാത്രക്കാരുമായി പോവുകയായിരുന്ന ഉത്തർപ്രദേശ് റോഡ്‌വേയ്‌സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രെയിലർ ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അയോധ്യയിലെ റൗണഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുബേർഗഞ്ച് മാർക്കറ്റിന് സമീപമാണ് സംഭവം നടന്നത്.

കുശിനഗർ ജില്ലയിലെ പരേവതർ സ്വദേശി സാബിർ (54), ലഖ്‌നൗ ഗോമതി നഗർ സ്വദേശി സുരേഷ് കുമാർ (43) എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന ട്രെയിലറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. യാത്രക്കാർ സീറ്റുകളിൽ നിന്ന് തെറിച്ചുവീഴുകയും വണ്ടിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയുമായിരുന്നു.

അപകട വിവരമറിഞ്ഞ് റൗണാഹി പൊലീസ് സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ബസ് വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഹൈവേയിൽ തടസപ്പെട്ട ഗതാഗതം പൊലീസ് ഇടപെട്ട് പുനഃസ്ഥാപിച്ചു.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ഒളിവിൽ പോയ ട്രെയിലർ ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ലാൽചന്ദ് സരോജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362163/content-highlights-roadways-bus-hits-parked-trailer-on-lucknow-gorakhpur-national-highway-two-passengers-die)