---
title: "കണ്ടില്ലേ... കേരളക്കരയുടെ ശബ്ദം വീര്യം.....: 'മുഷ്ടി ചുരുട്ടി പിണറായി വിജയൻ'; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ്, അഭിവാദ്യങ്ങളുമായി അണികൾ"
english_title: "content highlights:-  ED raid, Pinarayi Vijayan, Veena Vijayan, Pinarayi Vijayan Facebook post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362159/content-highlights-ed-raid-pinarayi-vijayan-veena-vijayan-pinarayi-vijayan-facebook-post"
published_at: "2026-05-27T16:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16ca94cf9e4_pinarayivijayan.jpg"
keywords: []
---

# കണ്ടില്ലേ... കേരളക്കരയുടെ ശബ്ദം വീര്യം.....: 'മുഷ്ടി ചുരുട്ടി പിണറായി വിജയൻ'; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ്, അഭിവാദ്യങ്ങളുമായി അണികൾ

> **Lead Summary:** **തിരുവനന്തപുരം: **സ്വന്തം വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ എട്ട് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് പിന്നാലെ, സോഷ്യൽ മീഡിയയിലൂടെ കടുത്ത രാഷ്ട്രീയ പ്രതിരോധം തീർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

## Article Content

**തിരുവനന്തപുരം: **സ്വന്തം വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ എട്ട് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് പിന്നാലെ, സോഷ്യൽ മീഡിയയിലൂടെ കടുത്ത രാഷ്ട്രീയ പ്രതിരോധം തീർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

** **എട്ട് മണിക്കൂർ നീണ്ട ഇഡി പരിശോധനയ്ക്ക് പിന്നാലെ ഫേസ്ബുക്കിൽ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പിണറായി വിജയൻ. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കി, പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടിയിലെന്ന് എഴുതി നൽകി ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവ് പിണറായി പുതിയ ചിത്രം പോസ്റ്റ് ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. 

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറ്റ് സിപിഎം നേതാക്കളും പിണറായിക്കൊപ്പം നിൽക്കുന്നതാണ് ചിത്രം. പിണറായിക്ക് പിന്തുണ അർപ്പിച്ച് പ്രവർത്തക‍രും പോസ്റ്റിൽ കമന്‍റ് ചെയ്യുന്നുണ്ട്. മുന്നോട്ട് സഖാവെ ,ഇനിയും മുന്നോട്ട്.. കണ്ടില്ലേ... കേരളക്കരയുടെ ശബ്ദം വീര്യം.... കൂടെ ഉണ്ടാവും. കഴിഞ്ഞ 10 വർഷം മഷിക്കുപ്പി സമരങ്ങൾ മാത്രം കണ്ട പൂക്കികുഞ്ഞുങ്ങളോടാണ്... ഇത് പ്രസ്ഥാനം വേറെ ആണ്... എന്നിങ്ങനെയാണ് പോസ്റ്റിന് അടിയിൽ വരുന്ന കമെന്റുകൾ

ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നുമാണ് പിണറായി വിജയൻ ഇഡി റെയ്ഡിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇഡി പരിശോധന പൂർത്തിയാക്കി ഉദ്യോ​ഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോൾ വൻ സം​ഘർഷമാണ് ഉണ്ടായത്.

ഇഡി ഉദ്യോഗസ്ഥര്‍ കാറിൽ കയറിയ ശേഷം സംഘർഷം കനക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘർഷത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡെന്ന് സിപിഎം ആരോപിച്ചു. പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ റെയ്ഡ് നടന്നത്. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍.

സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും. പിണറായി വിജയന്‌ നേരെയുള്ള ഈ കടന്നാക്രമണത്തെ പാര്‍ട്ടിക്ക്‌ നേരെയുള്ള ആക്രമണമായാണ്‌ സി.പി.ഐ (എം) കാണുന്നതെന്നും സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധം നടക്കുമെന്നും സിപിഎം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362159/content-highlights-ed-raid-pinarayi-vijayan-veena-vijayan-pinarayi-vijayan-facebook-post)