---
title: "'വൈഭവിനെ പൂട്ടാൻ പ്ലാൻ ബി-യും സി-യും റെഡി'; രാജസ്ഥാൻ റോയൽസിന് മുന്നറിയിപ്പുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ "
english_title: "content highlights:- Sunrisers Hyderabad captain warns Rajasthan Royals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362131/content-highlights-sunrisers-hyderabad-captain-warns-rajasthan-royals"
published_at: "2026-05-27T14:34:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d395f84a38_VYBHAV.jpg"
keywords: []
---

# 'വൈഭവിനെ പൂട്ടാൻ പ്ലാൻ ബി-യും സി-യും റെഡി'; രാജസ്ഥാൻ റോയൽസിന് മുന്നറിയിപ്പുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ 

> **Lead Summary:** **മുല്ലാൻപൂർ: [ **ഐ.പി.എൽ. എലിമിനേറ്റർ പോരാട്ടത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവൻഷിയെ തളയ്ക്കാൻ തങ്ങളുടെ പക്കൽ കൃത്യമായ തന്ത്രങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.

## Article Content

**മുല്ലാൻപൂർ: [ **ഐ.പി.എൽ. എലിമിനേറ്റർ പോരാട്ടത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവൻഷിയെ തളയ്ക്കാൻ തങ്ങളുടെ പക്കൽ കൃത്യമായ തന്ത്രങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.

ചുരുങ്ങിയ ഓവറുകൾക്കുള്ളിൽ കളിയുടെ ഗതി മുഴുവൻ മാറ്റിമറിക്കാൻ ശേഷിയുള്ള വൈഭവിനെപ്പോലെയുള്ള വെടിക്കെട്ട് താരങ്ങൾക്കെതിരെ ഇറങ്ങുമ്പോൾ ഒരു പ്ലാൻ മാത്രം പോരെന്നും, പ്ലാൻ ബി-യും പ്ലാൻ സി-യും കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണെന്നും കമ്മിൻസ് വ്യക്തമാക്കി.

ഈ സീസണിലെ ലീഗ് ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും രാജസ്ഥാനെ തോൽപ്പിക്കാൻ ഹൈദരാബാദിന് സാധിച്ചിരുന്നുവെങ്കിലും, ജയ്പൂരിൽ നടന്ന മത്സരത്തിൽ തങ്ങൾക്കെതിരെ വൈഭവ് നേടിയ സെഞ്ച്വറി ബൗളർമാർക്ക് നല്ലൊരു പാഠമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒരു ബൗളർ എന്ന നിലയിൽ സ്വന്തം കരുത്തിൽ പന്തെറിയുന്നതിനൊപ്പം തന്നെ, കളി തട്ടിയെടുക്കാൻ ശേഷിയുള്ള എതിർടീമിലെ പ്രധാന താരങ്ങൾക്കായി പ്രത്യേക പ്ലാനുകൾ തയ്യാറാക്കേണ്ടി വരുമെന്നും, വൈഭവിനെ മുൻ നിർത്തിയുള്ള ചില തന്ത്രങ്ങൾ തങ്ങൾ മെനഞ്ഞിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ കമ്മിൻസ് കൂട്ടിച്ചേർത്തു.

രാജസ്ഥാനെതിരെയുള്ള തുടർച്ചയായ ആറ് വിജയങ്ങളുടെ വലിയ ആത്മവിശ്വാസവുമായാണ് ഹൈദരാബാദ് ഇത്തവണ എലിമിനേറ്റർ മത്സരത്തിന് പാഡ് കെട്ടുന്നത്. 2022-ന് ശേഷം രാജസ്ഥാനോട് തോൽവി അറിഞ്ഞിട്ടില്ലാത്ത ഹൈദരാബാദ്, ഈ സീസണിലെ ആദ്യ മത്സരത്തിൽ പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ എന്നിവരുടെ തകർപ്പൻ ബൗളിംഗ് പ്രകടനത്തിന്റെ കരുത്തിൽ 57 റൺസിനാണ് ജയിച്ചത്.

രണ്ടാം മത്സരത്തിൽ വൈഭവ് സൂര്യവൻഷി 37 പന്തിൽ 103 റൺസ് നേടി വിറപ്പിച്ചെങ്കിലും ആ മത്സരത്തിലും വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. അഭിഷേക് ശർമ്മയ്ക്ക് ശേഷം ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഐ.പി.എൽ. സെഞ്ച്വറിയായിരുന്നു അന്ന് വൈഭവ് കുറിച്ചത്.

വെറും 14 ഇന്നിംഗ്‌സുകളിൽ നിന്ന് 232-ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 583 റൺസ് അടിച്ചുകൂട്ടിയ ഈ യുവതാരം ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ് തുടങ്ങിയ ഇതിഹാസ ബൗളർമാരെപ്പോലും ഇതിനോടകം നിഷ്പ്രഭമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ പാറ്റ് കമ്മിൻസിനെതിരെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തിക്കൊണ്ടാണ് വൈഭവ് തുടങ്ങിയതെന്നിരിക്കെ, എലിമിനേറ്ററിലെ ഈ രാജസ്ഥാൻ-ഹൈദരാബാദ് പോരാട്ടം കടുത്തതായിരിക്കുമെന്നുറപ്പാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362131/content-highlights-sunrisers-hyderabad-captain-warns-rajasthan-royals)