---
title: "ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം"
english_title: "Content Highlights:-Devagiri St. Joseph And Guruvayur Sree Krishna Colleges Win In Lions Kerala College Premier League"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362125/content-highlights-devagiri-st-joseph-and-guruvayur-sree-krishna-colleges-win-in-lions-kerala-college-premier-league"
published_at: "2026-05-27T14:23:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16b171c95c7_Lions_Kerala_College_Premier_League.jpg"
keywords: []
---

# ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം

> **Lead Summary:** കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിനും വിജയം. ആദ്യ മത്സരത്തിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് 181 റൺസിനാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിനെ തോൽപ്പിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ കൊല്ലം ടി.കെ.എം എഞ്ചിനീയറിം​ഗ് കോളേജിനെ തോൽപ്പിച്ച് ശ്രീകൃഷ്ണ കോളേജ് ശക്തമായി തിരിച്ചുവന്നു. ഒൻപത് റൺസിനായിരുന്നു ശ്രീകൃഷ്ണ കോളേജിന്റെ വിജയം. കാസ‍ർ​ഗോഡ് കെസിഎ ​ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്.

## Article Content

കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിനും വിജയം. ആദ്യ മത്സരത്തിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് 181 റൺസിനാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിനെ തോൽപ്പിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ കൊല്ലം ടി.കെ.എം എഞ്ചിനീയറിം​ഗ് കോളേജിനെ തോൽപ്പിച്ച് ശ്രീകൃഷ്ണ കോളേജ് ശക്തമായി തിരിച്ചുവന്നു. ഒൻപത് റൺസിനായിരുന്നു ശ്രീകൃഷ്ണ കോളേജിന്റെ വിജയം. കാസ‍ർ​ഗോഡ് കെസിഎ ​ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്.

ശ്രീകൃഷ്ണ കോളേജിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെന്റ് ജോസഫ്സ് കോളേജ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. ഓപ്പണർമാരായ ഗൗതമും കാശിനാഥും ചേർന്ന് ആദ്യ അഞ്ച് ഓവറിൽ 85 റൺസ് കൂട്ടിച്ചേർത്തു. ഗൗതം 29 പന്തുകളിൽ 76 റൺസും കാശിനാഥ് 19 പന്തുകളിൽ 32 റൺസും നേടി. അവസാന ഓവറുകളിൽ വെറും 13 പന്തുകളിൽ 39 റൺസെടുത്ത ക്യാപ്റ്റൻ ആദർശും 26 പന്തുകളിൽ 46 റൺസെടുത്ത അക്ഷയ് സജിത്തും സെന്റ് ജോസഫ്സ് നിരയിൽ തിളങ്ങി.

ശ്രീകൃഷ്ണ കോളേജിന് വേണ്ടി അഭിറാം നാലും ശ്രീശാന്ത് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീകൃഷ്ണ കോളേജ് 20 ഓവറിൽ 106 റൺസിന് ഓൾ ഔട്ടായി. 53 റൺസെടുത്ത ഓപ്പണർ ആര്യൻ മാത്രമാണ് ശ്രീകൃഷ്ണ കോളേജ് നിരയിൽ ചെറുത്തുനിന്നത്. സെന്റ് ജോസഫ്സിന് വേണ്ടി ആദർശും തേജസും മൂന്ന് വിക്കറ്റ് വീതവും നന്ദഗോപാലും അങ്കുഷും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീകൃഷ്ണ കോളേജ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 47 റൺസെടുത്ത ഫർഹാനും 34 റൺസെടുത്ത ക്യാപ്റ്റൻ അലൻ നെൽസണുമാണ് ശ്രീകൃഷ്ണയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ടി.കെ.എം എഞ്ചിനീയറിങ് കോളേജിന് വേണ്ടി എബി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടി.കെ.എം കോളേജിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് മാത്രമാണ് നേടാനായത്. 44 റൺസെടുത്ത കാർത്തിക്കും 30 റൺസെടുത്ത തുഷാറുമാണ് ടി.കെ.എം കോളേജിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ശ്രീകൃഷ്ണ കോളേജിനായി അഭിറാം മൂന്ന് വിക്കറ്റ് വീഴ്ത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362125/content-highlights-devagiri-st-joseph-and-guruvayur-sree-krishna-colleges-win-in-lions-kerala-college-premier-league)