---
title: "'ഒരു റാത്തൽ ഇറച്ചിക്കായി പേപിടിച്ചോടി, ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല, സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും' - കെ.ടി. ജലീൽ "
english_title: "ED raid, Pinarayi Vijayan, Veena Vijayan, KT Jaleel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362111/ed-raid-pinarayi-vijayan-veena-vijayan-kt-jaleel"
published_at: "2026-05-27T13:30:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16a5a597b72_kt_jalel.jpg"
keywords: []
---

# 'ഒരു റാത്തൽ ഇറച്ചിക്കായി പേപിടിച്ചോടി, ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല, സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും' - കെ.ടി. ജലീൽ 

> **Lead Summary:** **തിരുവനന്തപുരം: **മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എം.എ.എയുമായ ഡോ. കെ.ടി. ജലീൽ രംഗത്ത്.

## Article Content

**തിരുവനന്തപുരം: **മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എം.എ.എയുമായ ഡോ. കെ.ടി. ജലീൽ രംഗത്ത്.

‘ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ല’ എന്ന് നിയമസഭയിൽ ഇരു കരങ്ങളും ഉയർത്തി പ്രഖ്യാപിച്ച പിണറായി വിജയനെ സ്പർശിക്കാൻ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങൾ ഒന്നിച്ച് ഇറങ്ങി വന്നാലും നടക്കില്ലെന്ന് ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

**പോസ്റ്റിന്റെ പൂർണ രൂപം**

മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?

> കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് "ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്"യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്.

കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തൻ്റെ ഒരു റാത്തൽ ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല.

> മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ "അതിന് ആ തടി പോരെന്ന്" തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണ്. പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണ്. സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362111/ed-raid-pinarayi-vijayan-veena-vijayan-kt-jaleel)