---
title: "പ്രതിഷേധം കനക്കുന്നു...! ഇഡി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് സിപിഐ എം; എംഎ ബേബി നേതൃത്വം നൽകും"
english_title: "CPIM Announces March To ED Headquarters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362083/cpim-announces-march-to-ed-headquarters"
published_at: "2026-05-27T12:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16913607edf_CPIM_PROTEST.jpg"
keywords: ["Latest News", "CPIM", "ED Headquarters", "March", "M A Baby"]
---

# പ്രതിഷേധം കനക്കുന്നു...! ഇഡി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് സിപിഐ എം; എംഎ ബേബി നേതൃത്വം നൽകും

> **Lead Summary:** പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിൽ പ്രതിഷേധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് സിപിഐഎം. ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധ മാർച്ച്. ജനറൽസെക്രട്ടറി എം എ ബേബി യുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുക. ഇ ഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്കാണ് മാർച്ച് നടത്തുക.

## Article Content

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിൽ പ്രതിഷേധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് സിപിഐഎം. ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധ മാർച്ച്. ജനറൽസെക്രട്ടറി എം എ ബേബി യുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുക. ഇ ഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്കാണ് മാർച്ച് നടത്തുക.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി ഘടകങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടുന്നതിനിടെയാണ്, പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ ഇ ഡി റെയ്ഡ്. പിന്നാലെ പിണറായി വിജയന് പ്രതിരോധമൊരുക്കിയും കോൺഗ്രസിനെയും കേന്ദ്രസർക്കാരിനെയും കടന്നാക്രമിക്കുകയുമാണ് സിപിഐഎം നേതാക്കൾ.

റെയ്ഡ് ബിജെപി-കോൺഗ്രസ് സംയുക്ത ഓപ്പറേഷന്റെ ഭാഗമാണ് പരിശോധനയെന്ന് സിപിഐഎം നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ഡൽഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ ആരോപണം.

പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്. മുൻമന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സിഎംആർഎൽ, എക്സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന പുരോഗമിക്കുകയാണ്. വീണയേയും സിഎംആർഎൽ കമ്പനി ഡയറക്ടർ ശരൺ എസ് കർത്തയേയും ഇ ഡി ചോദ്യം ചെയ്തു.

അതേസമയം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്‌ഡിന്‍റെ ലക്ഷ്യമെന്ന് വിമര്‍ശിച്ച എം വി ഗോവിന്ദന്‍, പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നു. എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ബിജെപിയുടെയും കോൺഗ്രസിൻ്റെയും ഒരേ ആവശ്യമാണ്. അരവിന്ദ് കെജ്രിവാളിനെ സമാനമായാണ് ജയിലടച്ചത്. ഭാവന ചമച്ചാൽ കുറ്റപത്രമാകില്ലെന്ന് കോടതി പറഞ്ഞ് വെറുതെവിട്ടു. ഇത് പോലൊരു ഭാവന ചമക്കലാണ് എക്സാലോജിക് കേസുമെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

ആരോപണം അടിസ്ഥാന രഹിതമാണ്. ഡയറിയിൽ പേരുള്ള രണ്ടുപേർ ഇന്ന് മന്ത്രിമാരാണ്. പക്ഷെ കേസില്ല. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇഡി നടപടിക്കെതിരെ ജനങ്ങളെ നിരത്തി പ്രതിഷേധിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. തെറ്റായ പ്രവണയെ ശക്തിയായി പ്രതിരോധിക്കും. ബ്രാഞ്ചുകളിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362083/cpim-announces-march-to-ed-headquarters)