---
title: " 'ഇത്തരം ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ട, പിണറായി വിജയനെ ജയിലിലടയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് കോൺഗ്രസാണ്' - ഇ.ഡി റെയ്ഡിൽ  ഡോ. ജോൺ ബ്രിട്ടാസ് എം പി "
english_title: "Content Highlights ED raid, Pinarayi Vijayan, Dr. John Brittas MP in ED raid"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362054/content-highlights-ED-raid-PinarayiVijayan-Dr-JohnBrittas-MP-in-ED-raid-new"
published_at: "2026-05-27T10:44:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a167df26735e_johnbritas.jpg"
keywords: ["ED raid", "Pinarayi Vijayan", "Dr. John Brittas MP"]
---

#  'ഇത്തരം ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ട, പിണറായി വിജയനെ ജയിലിലടയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് കോൺഗ്രസാണ്' - ഇ.ഡി റെയ്ഡിൽ  ഡോ. ജോൺ ബ്രിട്ടാസ് എം പി 

> **Lead Summary:** ** **പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന റെയ്ഡുകൾ ബി.ജെ.പിയും കോൺഗ്രസും സംയുക്തമായി തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച റെയ്ഡുകൾ മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചാണ് നടത്തിയതെന്നും, ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ പരിണിതഫലമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

** **പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന റെയ്ഡുകൾ ബി.ജെ.പിയും കോൺഗ്രസും സംയുക്തമായി തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച റെയ്ഡുകൾ മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചാണ് നടത്തിയതെന്നും, ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ പരിണിതഫലമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ നടപടിയിൽ യാതൊരു അത്ഭുതവുമില്ലെന്ന് വ്യക്തമാക്കിയ ബ്രിട്ടാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കങ്ങൾ ഉണ്ടായതെന്നത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടി. പിണറായി വിജയനെ ജയിലിലടയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് കോൺഗ്രസാണെന്നും, ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി വിജയൻ തീയിൽ കുരുത്ത നേതാവാണ്. ഇത്തരം ഉമ്മാക്കി കാട്ടി അദ്ദേഹത്തെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട എന്നും ബ്രിട്ടാസ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് പോലീസിന്റെ ക്രൂരമർദ്ദനത്തെ അതിജീവിച്ചും, പിന്നീട് ലാവ്ലിൻ കേസ് പോലുള്ള കള്ളക്കഥകളെ കോടതിയിൽ പരാജയപ്പെടുത്തിയും കരുത്താർജ്ജിച്ച നേതാവാണ് അദ്ദേഹമെന്ന് ബ്രിട്ടാസ് ഓർമ്മിപ്പിച്ചു.

രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചത് തരംതാണ രാഷ്ട്രീയമാണെന്നും ബ്രിട്ടാസ് വിമർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബിജെപിയും കോൺഗ്രസും തമ്മിൽ വോട്ട് കച്ചവടം നടന്നതായും, അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന ഈ രാഷ്ട്രീയ നാടകങ്ങളെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ഭീഷണികൾ കൊണ്ട് ഇടതുപക്ഷത്തെയോ അതിന്റെ നേതാക്കളെയോ ഇല്ലാതാക്കാൻ കഴിയില്ലെന്നും ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362054/content-highlights-ED-raid-PinarayiVijayan-Dr-JohnBrittas-MP-in-ED-raid-new)