---
title: "ബംഗളൂരുവിൽ എബോള ഭീതി; ഉഗാണ്ടയിൽ നിന്നെത്തിയ യുവതി ഐസൊലേഷനിൽ, ആരോഗ്യവകുപ്പിന്റെ അതീവ ജാഗ്രത"
english_title: "Content Highlights:- Ebola scare in Bengaluru; Woman from Uganda in isolation, Health Department on high alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362043/content-highlights-ebola-scare-in-bengaluru-woman-from-uganda-in-isolation-health-department-on-high-alert"
published_at: "2026-05-27T09:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16741d82e8f_Ebola_scare.jpg"
keywords: ["Latest News", "Bengaluru", "Ebola Virus", "Health Alert", "Uganda", "NIV Pune"]
---

# ബംഗളൂരുവിൽ എബോള ഭീതി; ഉഗാണ്ടയിൽ നിന്നെത്തിയ യുവതി ഐസൊലേഷനിൽ, ആരോഗ്യവകുപ്പിന്റെ അതീവ ജാഗ്രത

> **Lead Summary:** **ബംഗളൂരു: **കർണാടക തലസ്ഥാനമായ ബംഗളൂരുവിൽ എബോള രോഗബാധയെന്ന സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നേരിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്, ഉഗാണ്ടയിൽ നിന്നെത്തിയ 28 വയസ്സുകാരിയെ ചൊവ്വാഴ്ച ബംഗളൂരുവിലെ സർക്കാർ പകർച്ചവ്യാധി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

## Article Content

**ബംഗളൂരു: **കർണാടക തലസ്ഥാനമായ ബംഗളൂരുവിൽ എബോള രോഗബാധയെന്ന സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നേരിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്, ഉഗാണ്ടയിൽ നിന്നെത്തിയ 28 വയസ്സുകാരിയെ ചൊവ്വാഴ്ച ബംഗളൂരുവിലെ സർക്കാർ പകർച്ചവ്യാധി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

ഉഗാണ്ടയിൽ നിന്ന് അഹമ്മദാബാദ് വഴിയാണ് യുവതി ബംഗളൂരുവിലെത്തിയത്. തുടർന്ന് നഗരത്തിലെ ഒരു ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. യുവതിയുടെ രക്തസാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഇപ്പോൾ കർശന ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.

വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും എബോള ബാധിത മേഖലയിൽ നിന്നുള്ള യാത്രാചരിത്രം പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ഇവരെ നിരീക്ഷിച്ചുവന്നത്. തുടർന്ന് ശരീരവേദന അനുഭവപ്പെട്ടതോടെ ജില്ല സർവൈലൻസ് സംഘവും എയർപോർട്ട് ഹെൽത്ത് ഒഫീഷ്യൽസും ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ സ്രവസാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ടെന്നും നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പരിശോധനാ ഫലം നെഗറ്റീവായാലും പ്രോട്ടോക്കോൾ പ്രകാരം 48 മണിക്കൂറിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തുമെന്നും രണ്ടുതവണ ഫലം നെഗറ്റീവായാൽ മാത്രമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362043/content-highlights-ebola-scare-in-bengaluru-woman-from-uganda-in-isolation-health-department-on-high-alert)