മുന്നൊരുക്കങ്ങളും മുന്‍കരുതലുകളും യാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും. അനാവശ്യ സമയനഷ്ടവും ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രയാസങ്ങളും ഒഴിവാക്കാനും യാത്രയ്ക്ക് യോജിച്ച സമയവും സ്ഥലവും കണ്ടെത്താനുമൊക്കെ ഇതുവഴി സാധിക്കും.
കടപ്പുറത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പോകുമ്പോഴും മഞ്ഞ് അനുഭവിക്കാന്‍ പോകുമ്പോഴും ഒരേ മുന്കരുതലുകളല്ല വേണ്ടത്. അതുപോലെ വനത്തില്‍ സഫാരി, ട്രെക്കിങ്, മരുഭൂമിയിലേക്കുള്ള യാത്ര ഇവയ്ക്കൊക്കെ മുന്‍കരുതലുകള്‍ വെവ്വേറെ തന്നെയാണ്. ഏതൊരു യാത്രയേയും കൂടുതല്‍ ആസ്വാദ്യകരവും അനായാസവുമാക്കാന്‍ സഹായിക്കുന്ന ചില മുന്‍കരുതലുകളെക്കുറിച്ച് അറിയാം.
ശുചിത്വം
ഹാന്‍ഡ് സാനിറ്റൈസര്‍ പോലുള്ളവ കോവിഡിന് മുമ്പ് അനാവശ്യവും ആഢംബരവുമൊക്കയായാണ് കരുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ കഥ മാറി. ഏതൊരു യാത്രയിലും കൂടെ കൂട്ടേണ്ട ഒന്നായിട്ടുണ്ട് മാസ്കും സാനിറ്റൈസറുകള്‍ പോലുള്ള അണുനാശിനികളുമെല്ലാം. സാധാരണ ജലദോഷ പനി മുതല്‍ കോവിഡ് 19 പോലുള്ള മുന്തിയ ഇനം വൈറസ് രോഗങ്ങളെ വരെ ചെറുക്കാന്‍ ഇത്തരം മുന്കരുതലുകളെകൊണ്ട് സാധിക്കും.
ഏതൊരു യാത്രയിലും പൊതു സ്ഥലങ്ങള്‍ പലതും കയറി ഇറങ്ങേണ്ടി വരാറുണ്ട്. ഇത്തരം അവസരങ്ങളില്‍ നമ്മുടെ കൈവശം തന്നെ സാനിറ്റൈസറുകളും മറ്റും ഉണ്ടാവുന്നതും അത് ഫലപ്രദമായി ഉപയോഗിക്കുന്നതും ഏറെ ഗുണം ചെയ്യും. കൊണ്ടുപോകുന്ന സാനിറ്റൈസറില്‍ കുറഞ്ഞത് 60 ശതമാനം ആല്‍ക്കഹോള്‍ കണ്ടന്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുത്തേണ്ടതുണ്ട്. ആല്‍ക്കഹോള്‍ ആരോഗ്യത്തിന് ഹാനികരമാണെങ്കിലും സാനിറ്റൈസറിലെ ആല്‍ക്കഹോള്‍ കൂടുതല്‍ അണുക്കളെ നശിപ്പിച്ച് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയാണ് ചെയ്യുക. സാധ്യമായ ഇടങ്ങളിലെല്ലാം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും രോഗസാധ്യത കുറക്കും.
ഡിജിറ്റല്‍ പേമെന്റ്
മണിക്കൂറുകള്‍ നീണ്ട ക്യൂ പല യാത്രകളുടേയും രസം മൊത്തത്തില്‍ കളയാറുണ്ട്. ഡിജിറ്റല്‍ വിനിമയം സര്‍വസാധാരണമായ ഈ അവസരത്തില്‍ പരമാവധി ഡിജിറ്റല്‍ പേമെന്റ് നടത്തി ക്യൂ ഒഴിവാക്കാന്‍ ശ്രമിക്കാവുന്നതാണ്. ഭക്ഷണം വാങ്ങാനും മറ്റു പര്ച്ചേസുകള്ക്കുമെല്ലാം ഡിജിറ്റലായി തന്നെ പണം നല്‍കാം. യാത്രകളില്‍ സ്മാര്‍ട്ട് ഫോണുകളിലെ ചാര്‍ജ്ജ് തീരുന്നത് പലപ്പോഴും സ്ഥിരം വില്ലനാവാറുണ്ട്. പ്രത്യേകിച്ച് ഡിജിറ്റല്‍ പേമെന്റിനെ കൂടുതലായി ആശ്രയിക്കുമ്പോള്‍ അങ്ങനെ സംഭവിക്കുന്നത് കൂടുതല്‍ കഷ്ടമാണ്. അതുകൊണ്ടുതന്നെ യാത്രകളില്‍ ഒരു ഫുള്‍ ചാര്‍ജ്ജ് ചെയ്ത പോര്‍ട്ടബിള്‍ പവര്‍ ബാങ്ക് കൂടെ കൂട്ടുന്നത് വലിയ സഹായമാവും.
വെള്ളം
യാത്രകളില്‍ നമ്മുടെ സ്ഥിരം ഭക്ഷണരീതികളും സമയക്രമങ്ങളും മാറി മറിയാറുണ്ട്. എന്തൊക്കെ സംഭവിച്ചാലും പരമാവധി വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. നിര്‍ജ്ജലീകരണം നിങ്ങളുടെ യാത്രയെ മൊത്തം അവതാളത്തിലാക്കാന്‍ പോലും ഇടയുണ്ട്. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലെ യാത്രകള്‍.
ശരീരത്തിന്റെ ശുചീകരണ പ്രക്രിയ കാര്യക്ഷമമാക്കാനും അനാവശ്യ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ആകെ മൊത്തം ഉഷാറായി ഇരിക്കാനുമെല്ലാം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. തണ്ണിമത്തന്, ഓറഞ്ച്, പഴങ്ങള്‍, വെള്ളരി, കട്ടി തൈര് തുടങ്ങി ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും നിര്‍ജ്ജലീകരണത്തെ പടിക്കു പുറത്താക്കാന്‍ സഹായിക്കും. അതേസമയം അതി മധുരമുള്ള ശീതളപാനീയങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചായയും കാപ്പിയും മദ്യവുമെല്ലാം അമിതമായി ഉപയോഗിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.
ഇരിപ്പിടം
പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രകളില്‍ ഇരിപ്പിടത്തിനും പ്രാധാന്യമുണ്ട്. ഇടനാഴിയോട് ചേര്‍ന്നുള്ള സീറ്റുകളില്‍ എപ്പോള്‍ വേണമെങ്കിലും മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ എഴുന്നേറ്റ് നടക്കാനും ശുചിമുറികളില്‍ പോകാനുമൊക്കെ സൗകര്യമുണ്ട്. പക്ഷേ അതുകൊണ്ട് മാത്രമായില്ല. പരമാവധി വിന്‍ഡോ സീറ്റുകള്‍ തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇടനാഴികളിലെ ഇരിപ്പിടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും മറ്റു യാത്രികരുമായി സമ്പര്‍ക്കം ഉണ്ടാവാം. കോവിഡാനന്തര ലോകത്തില്‍ ഇത്തരം കാര്യങ്ങളുടെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. കാഴ്ച്ചകള്‍ക്കൊപ്പം കൂടുതല്‍ സുരക്ഷിതമായ ഇടം കൂടിയാണ് യാത്രകളിലെ വിന്‍ഡോ സീറ്റ്.
പരമാവധി അറിയുക
പോകുന്ന സ്ഥലത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും പരമാവധി അറിയാന്‍ ശ്രമിക്കുന്നത് യാത്രകളെ കൂടുതല്‍ അനായാസമാക്കും. അനാവശ്യ സമ്മര്‍ദങ്ങള്‍ ഒഴിവാക്കുന്നതു വഴി യാത്ര കൂടുതല്‍ ആസ്വദിക്കാനുമാകും. കോവിഡാനന്തര യാത്രകളില്‍ നേരത്തെയില്ലാത്ത പല ആശങ്കകളും യാത്രികര്ക്കുണ്ടാവാറുണ്ട്. ഇപ്പോഴും കോവിഡ് പൂര്‍ണ്ണമായും കീഴടങ്ങിയിട്ടില്ലെന്ന തിരിച്ചറിവില്‍ ആവശ്യമായ മുന്‍കരുതലുകളെടുത്തുള്ള യാത്രകളായിരിക്കും കൂടുതല്‍ സുന്ദരങ്ങളായി തീരുക.
Here are the things to look for when selecting yours ...