---
title: "പ്ലസ് വൺ ഏകജാലക പ്രവേശനം: ജൂൺ 3 വരെ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെയൊക്കെ"
english_title: "content highlights:- How to apply for Plus One single window admission?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362027/content-highlights-how-to-apply-for-plus-one-single-window-admission"
published_at: "2026-05-27T09:14:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1669426612f_admission.jpg"
keywords: ["Latest News", "Thiruvanandapuram", "Plus one", "Admission"]
---

# പ്ലസ് വൺ ഏകജാലക പ്രവേശനം: ജൂൺ 3 വരെ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെയൊക്കെ

> **Lead Summary:** **തിരുവനന്തപുരം: [** സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.

## Article Content

**തിരുവനന്തപുരം: [** സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.

ജൂൺ മൂന്നുവരെ വിദ്യാർഥികൾക്ക് hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. സൈറ്റിലെ 'ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ - എസ്.ഡബ്ല്യു.എസ്.' എന്ന ലിങ്ക് വഴി ഒ.ടി.പി. ഉപയോഗിച്ച് സ്വന്തമായി പ്രൊഫൈൽ രൂപീകരിച്ചാണ് അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടത്.

അപേക്ഷാ രജിസ്‌ട്രേഷൻ ഫീസായ 25 രൂപ പ്രവേശന സമയത്ത് സ്കൂളിൽ അടച്ചാൽ മതിയാകും. ഒരു റവന്യൂ ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. ഒന്നിലധികം ജില്ലകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷകൾ നൽകേണ്ടതുണ്ട്.

ഹയർ സെക്കൻഡറി കോഴ്സുകളുടെ കാലാവധി രണ്ടു വർഷമാണ്. ഇംഗ്ലീഷും ഒരു രണ്ടാം ഭാഷയും നാല് ഓപ്ഷണൽ വിഷയങ്ങളും ഉൾപ്പെടെ ആകെ ആറ് വിഷയങ്ങളാണ് വിദ്യാർഥികൾക്ക് പഠിക്കാനുള്ളത്.

വിവിധ സ്കൂളുകളിലായി സയൻസ് വിഭാഗത്തിൽ ഒൻപതും ഹ്യുമാനിറ്റീസിൽ 32-ഉം കൊമേഴ്സിൽ നാലും ഉൾപ്പെടെ ആകെ 45 കോമ്പിനേഷനുകൾ ലഭ്യമാണ്. മലയാളം, ഹിന്ദി, അറബിക് ഉൾപ്പെടെ 12 രണ്ടാം ഭാഷകളുമുണ്ട്.

എന്നാൽ എല്ലാ സ്കൂളുകളിലും എല്ലാ വിഷയങ്ങളും ഭാഷകളും ഉണ്ടാകില്ലെന്നതിനാൽ പ്രോസ്പെക്ടസ് പരിശോധിച്ചു വേണം മുൻഗണന നിശ്ചയിക്കാൻ. ഒരു സ്കൂളും ഒരു സബ്ജക്ട് കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. വിദ്യാർഥികൾക്ക് താല്പര്യമുള്ളത്രയും ഓപ്ഷനുകൾ മുൻഗണനാക്രമത്തിൽ നൽകാം.

ഔദ്യോഗിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ എസ്.എസ്.എ.ൽ.സി, ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പത്താം ക്ലാസ് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡ് നേടി വിജയിച്ചവർക്കാണ് പ്രവേശനത്തിന് അർഹതയുള്ളത്.

സി.ബി.എസ്.ഇ പശ്ചാത്തലമുള്ളവർക്ക് ഹയർ സെക്കൻഡറിയിൽ മാത്തമാറ്റിക്സ് എടുക്കണമെങ്കിൽ പത്താം ക്ലാസിൽ മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പാസ്സായിരിക്കണം. അതേസമയം സാക്ഷരതാ മിഷൻ, ഓപ്പൺ സ്കൂളുകൾ എന്നിവയിലൂടെ യോഗ്യത നേടിയവർക്ക് റെഗുലർ സ്ട്രീമിൽ അപേക്ഷിക്കാൻ അർഹതയുണ്ടാകില്ല.

എന്നാൽ ഇവർക്ക് പരീക്ഷാഭവന്റെ തുല്യതാ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ സ്കോൾ-കേരള വഴി തുടർപഠനം നടത്താം. പ്രായപരിധി പരിശോധിക്കുകയാണെങ്കിൽ, അപേക്ഷകർക്ക് 2026 ജൂൺ ഒന്നിന് 15 വയസ്സ് തികയേണ്ടതുണ്ട്.

ഉയർന്ന പ്രായപരിധി 20 വയസ്സാണെങ്കിലും പട്ടികവിഭാഗക്കാർക്ക് 22 വയസ്സുവരെയും ഭിന്നശേഷിക്കാർക്ക് 25 വയസ്സുവരെയും ഇളവുണ്ടാകും. കേരള ബോർഡിൽ നിന്നും ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധി ബാധകമല്ല.

പ്രവേശന പ്രക്രിയയുടെ ഭാഗമായി ആദ്യം ഒരു ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷയിലെ തെറ്റുകൾ തിരുത്താനും ഓപ്ഷനുകളിൽ മാറ്റം വരുത്താനും ഈ സമയത്ത് വിദ്യാർഥികൾക്ക് അവസരമുണ്ടാകും.

തുടർന്ന് മൂന്ന് റൗണ്ടുകളിലായി മുഖ്യ അലോട്മെന്റുകൾ നടക്കും. അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് നിർബന്ധമായും സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനാണ് ലഭിക്കുന്നതെങ്കിൽ താല്കാലിക പ്രവേശനം നേടി ഉയർന്ന ഓപ്ഷനുകൾക്കായി കാത്തിരിക്കാം.

താല്കാലിക പ്രവേശനത്തിന് ഫീസ് ആവശ്യമില്ലെങ്കിലും അസൽ സർട്ടിഫിക്കറ്റുകൾ സ്കൂളിൽ ഏൽപ്പിക്കേണ്ടതുണ്ട്. താല്കാലിക പ്രവേശനം നേടാതിരുന്നാൽ വിദ്യാർഥികൾ പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്താകും.

ഉയർന്ന ഓപ്ഷനുകൾ ആവശ്യമില്ലാത്തവർ അത് റദ്ദാക്കാൻ പ്രിൻസിപ്പലിന് രേഖാമൂലം അപേക്ഷ നൽകണം. മുഖ്യ അലോട്മെന്റുകൾക്ക് ശേഷം വരുന്ന ഒഴിവുകളിലേക്ക് സപ്ലിമെന്ററി അലോട്മെന്റുകൾ ഉണ്ടായിരിക്കും.

സർക്കാർ സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെ നിശ്ചിത ശതമാനം സീറ്റുകളും ഏകജാലകം വഴിയാണ് നികത്തുന്നത്. പട്ടികവർഗ-പട്ടികജാതി വികസന വകുപ്പുകളുടെ കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനവും ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രത്യേക ഓൺലൈൻ അപേക്ഷ വഴിയാണ്. എയ്ഡഡ് സ്കൂളുകളിലെ 20 ശതമാനം വരുന്ന മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും, പിന്നാക്ക-ന്യൂനപക്ഷ സ്കൂളുകളിലെ 20 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുമുള്ള പ്രവേശനം ഏകജാലക പരിധിയിൽ വരുന്നതല്ല. ഈ സീറ്റുകളിലേക്ക് അതാത് സ്കൂളുകളിൽ നിന്നും പ്രത്യേക ഫോം വാങ്ങി അവിടെത്തന്നെ സമർപ്പിക്കണം. അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലെ പ്രവേശനവും സ്കൂൾ തലത്തിലാണ് നടക്കുന്നത്. അപേക്ഷകർ തെറ്റായ വിവരങ്ങൾ നൽകിയാണ് അലോട്മെന്റ് നേടിയതെന്ന് കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കുമെന്നതിനാൽ അതീവ ശ്രദ്ധയോടെ വേണം അപേക്ഷിക്കാൻ. സംശയനിവാരണത്തിനായി എല്ലാ സ്കൂളുകളിലും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362027/content-highlights-how-to-apply-for-plus-one-single-window-admission)