---
title: "കൊച്ചി വിമാനത്താവളത്തിൽ സോപ്പ് കവറുകളിൽ ഒളിപ്പിച്ച മൂന്നര കിലോ മയക്കുമരുന്ന് പിടികൂടി; പരിശോധനയ്ക്കിടെ പ്രതിയുടെ ആത്മഹത്യാ ശ്രമം"
english_title: "Three and a half kilos of methamphetamine seized in Nedumbassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361939/three-and-a-half-kilos-of-methamphetamine-seized-in-nedumbassery"
published_at: "2026-05-26T16:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1578ed8751d_23.jpg"
keywords: ["Latest News", "Nedumbassery", "Drugs"]
---

# കൊച്ചി വിമാനത്താവളത്തിൽ സോപ്പ് കവറുകളിൽ ഒളിപ്പിച്ച മൂന്നര കിലോ മയക്കുമരുന്ന് പിടികൂടി; പരിശോധനയ്ക്കിടെ പ്രതിയുടെ ആത്മഹത്യാ ശ്രമം

> **Lead Summary:** **നെടുമ്പാശേരി:[ **തായ്‌ലൻഡിൽ നിന്ന് സോപ്പെന്ന വ്യാജേന ബാഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്നര കിലോ മെത്താക്യുലോൺ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി.

## Article Content

**നെടുമ്പാശേരി:[ **തായ്‌ലൻഡിൽ നിന്ന് സോപ്പെന്ന വ്യാജേന ബാഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്നര കിലോ മെത്താക്യുലോൺ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശികളായ സത്യനാരായണ റൊക്കല്ല (36), അരുൺകുമാർ പണ്ടാരി (55) എന്നിവരെ അധികൃതർ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ബാങ്കോക്കിൽ നിന്നുള്ള തായ് ലയൺ എയർ വിമാനത്തിലാണ് ഇരുവരും കൊച്ചിയിലെത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഡിആർഐ സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. സോപ്പിന്റെ രൂപത്തിലാക്കി പേപ്പറിൽ പൊതിഞ്ഞ് വിവിധ കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മാരക ലഹരിവസ്തുവായ മെത്താക്യുലോൺ കണ്ടെത്തിയത്.

പരിശോധന പുരോഗമിക്കുന്നതിനിടെ നാടകീയ രംഗങ്ങളാണ് വിമാനത്താവളത്തിൽ അരങ്ങേറിയത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതികളിലൊരാളായ സത്യനാരായണ റൊക്കല്ല സമീപത്തുണ്ടായിരുന്ന കത്രികയെടുത്ത് സ്വന്തം വയറ്റിൽ കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അമിതമായി ഉപയോഗിച്ചാൽ ജീവന് തന്നെ ഭീഷണിയാകുന്ന മെത്താക്യുലോണിന് ഇന്ത്യൻ വിപണിയിൽ കിലോയ്ക്ക് അഞ്ച് ലക്ഷം രൂപയോളം വിലവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആശുപത്രി വിട്ട പ്രതികളെ അങ്കമാലി കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

[
](http:// (truevisionnews.com))

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361939/three-and-a-half-kilos-of-methamphetamine-seized-in-nedumbassery)