---
title: "സ്വർണവേട്ട ദുരന്തമായി; ലാവോസിൽ 7 ഗ്രാമീണർ ഒരാഴ്ചയായി ഗുഹയ്ക്കുള്ളിൽ;കഴുത്തറ്റം വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം"
english_title: "Content Highlights:-Rescue operation in neck-deep water; Seven people trapped in floodwaters inside cave for a week"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361930/content-highlights-rescue-operation-in-neck-deep-water-seven-people-trapped-in-floodwaters-inside-cave-for-a-week"
published_at: "2026-05-26T15:49:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1575081877b_frgtryhg.jpg"
keywords: ["LATEST NEWS", "Floodwaters", "Cave", "Thailand"]
---

# സ്വർണവേട്ട ദുരന്തമായി; ലാവോസിൽ 7 ഗ്രാമീണർ ഒരാഴ്ചയായി ഗുഹയ്ക്കുള്ളിൽ;കഴുത്തറ്റം വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം

> **Lead Summary:** വിയന്റിയൻ: **[**മധ്യ ലാവോസിലെ സെയ്സോംബൂൻ പ്രവിശ്യയിൽ സ്വർണം തിരഞ്ഞ് ഗുഹയിലിറങ്ങിയ ഏഴ് ഗ്രാമീണർ കനത്ത മഴയെത്തുടർന്ന് ഒരാഴ്ചയായി ഉള്ളിൽ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചത്. തുടർന്നുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഗുഹയുടെ പ്രവേശന കവാടം അടഞ്ഞതോടെയാണ് ഇവർ ഉള്ളിൽ പെട്ടത്.

## Article Content

വിയന്റിയൻ: **[**മധ്യ ലാവോസിലെ സെയ്സോംബൂൻ പ്രവിശ്യയിൽ സ്വർണം തിരഞ്ഞ് ഗുഹയിലിറങ്ങിയ ഏഴ് ഗ്രാമീണർ കനത്ത മഴയെത്തുടർന്ന് ഒരാഴ്ചയായി ഉള്ളിൽ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചത്. തുടർന്നുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഗുഹയുടെ പ്രവേശന കവാടം അടഞ്ഞതോടെയാണ് ഇവർ ഉള്ളിൽ പെട്ടത്.

2018-ൽ തായ്‌ലൻഡിലെ 'താം ലുവാങ്' ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഡൈവർമാരടക്കം അടങ്ങുന്ന അന്താരാഷ്ട്ര സംഘമാണ് ഇപ്പോൾ ലാവോസിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

വായുസഞ്ചാരമുള്ള ഗുഹയിലെ ഒര ഉയർന്ന തട്ടിലാണ് ഗ്രാമീണർ ഉള്ളതെന്നാണ് നിഗമനം. എന്നാൽ ഇവരുടെ അടുത്തേക്ക് എത്തിച്ചേരുക എന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ്. ഗ്രാമീണരുടെ അടുത്തെത്താൻ രക്ഷാപ്രവർത്തകർ 340 മീറ്റർ നീളമുള്ള ഇടുങ്ങിയ തുരങ്കത്തിലൂടെ സഞ്ചരിക്കണം. ഇതിൽ ചില ഭാഗങ്ങൾക്ക് 60 സെന്റീമീറ്റർ മാത്രമാണ് വീതി. അതിനാൽ രക്ഷാപ്രവർത്തകർക്ക് ഇഴഞ്ഞുമാത്രമേ മുന്നോട്ട് പോകാനാകൂ.

 പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ ഇരുണ്ട ഗുഹകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തു കളയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാറകൾക്കിടയിലൂടെ കേബിളുകൾ സ്ഥാപിച്ചാണ് രക്ഷാപ്രവർത്തകർ താഴേക്ക് ഇറങ്ങുന്നത്. ഗുഹയ്ക്ക് മുകളിലെ മലയിലുള്ള നാല് തുരങ്കദ്വാരങ്ങളിലൂടെ ഇവരുടെ അടുത്തേക്ക് താഴാൻ കഴിയുമോ എന്നും മറ്റൊരു സംഘം പരിശോധിക്കുന്നുണ്ട്.

സമ്പന്നമായ ധാതുനിക്ഷേപങ്ങൾക്ക് പേരുകേട്ട പ്രദേശമാണിത്. അധികൃതരുടെ കർശന സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഗ്രാമീണർ സ്ഥിരമായി ഇവിടെ സ്വർണം തിരയാൻ പോകാറുണ്ട്. ഗുഹയുടെ വഴി അടയുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ട ഒരാളാണ് മറ്റ് ഏഴുപേർ ഉള്ളിൽ കുടുങ്ങിയ വിവരം പുറംലോകത്തെ അറിയിച്ചത്.

2018-ൽ തായ്‌ലൻഡിലെ ചിയാങ് റായിൽ സമാനമായ രീതിയിൽ ഗുഹയ്ക്കുള്ളിൽ വെള്ളം കയറി 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും രണ്ടാഴ്ചയിലധികം കുടുങ്ങിയിരുന്നു. അന്ന് ലോകത്തെ ഞെട്ടിച്ച വൻ ദൗത്യത്തിലൂടെയാണ് ഇവരെ രക്ഷപെടുത്തിയത്. അന്നത്തെ ദൗത്യത്തിൽ പങ്കെടുത്ത രണ്ട് തായ് ഡൈവർമാരും ഫിൻലാൻഡിൽ നിന്നുള്ള ഒരു വിദഗ്ദ്ധനുമാണ് ഇപ്പോൾ ലാവോസിലെ ഈ അപകടകരമായ ദൗത്യത്തിലും പങ്കുചേർന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361930/content-highlights-rescue-operation-in-neck-deep-water-seven-people-trapped-in-floodwaters-inside-cave-for-a-week)