---
title: "ഹോട്ടൽ സ്റ്റൈലിൽ ചിക്കൻ റോസ്റ്റ് ഇനി വീട്ടിലുണ്ടാക്കാം; കൊതിയൂറും രുചിയിൽ ഒരു നാടൻ റെസിപ്പി"
english_title: "Hotel-style chicken roast can now be made at home; a local recipe with a rich taste"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361922/hotel-style-chicken-roast-can-now-be-made-at-home-a-local-recipe-with-a-rich-taste"
published_at: "2026-05-26T15:28:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1570460df12_chicken_roast.jpg"
keywords: ["Cookery", "Chicken Roast", "Chicken Recipes", "Kerala Food"]
---

# ഹോട്ടൽ സ്റ്റൈലിൽ ചിക്കൻ റോസ്റ്റ് ഇനി വീട്ടിലുണ്ടാക്കാം; കൊതിയൂറും രുചിയിൽ ഒരു നാടൻ റെസിപ്പി

> **Lead Summary:** ഹോട്ടലിൽ നിന്നൊക്കെ കഴിക്കുന്ന അതേ രുചിയിൽ വീട്ടിൽ തന്നെ ഒരു ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാലോ? അധികം സമയം കളയാതെ കൊതിയൂറും മണത്തിലും ഗുണത്തിലും തയ്യാറാക്കാവുന്ന റെസിപ്പി താഴെ നൽകുന്നു.

## Article Content

ഹോട്ടലിൽ നിന്നൊക്കെ കഴിക്കുന്ന അതേ രുചിയിൽ വീട്ടിൽ തന്നെ ഒരു ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാലോ? അധികം സമയം കളയാതെ കൊതിയൂറും മണത്തിലും ഗുണത്തിലും തയ്യാറാക്കാവുന്ന റെസിപ്പി താഴെ നൽകുന്നു.

ആവശ്യമായ സാധനങ്ങൾ:

1. ചിക്കൻ മാരിനേറ്റ് ചെയ്യാൻ:

ചിക്കൻ - 1/2 കിലോ

മുളക് പൊടി - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

നാരങ്ങാ നീര് - 1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

2. റോസ്റ്റ് തയ്യാറാക്കാൻ:

സവാള - 3 എണ്ണം (നീളത്തിൽ അരിഞ്ഞത്)

തക്കാളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 വലിയ ടേബിൾ സ്പൂൺ

പച്ചമുളക് - 2 അല്ലെങ്കിൽ 3 എണ്ണം (നീളത്തിൽ കീറിയത്)

മല്ലിപ്പൊടി - 1.5 ടേബിൾ സ്പൂൺ

കശ്മീരി മുളക് പൊടി - 1 ടേബിൾ സ്പൂൺ (നല്ല നിറത്തിന്)

ഗരം മസാല - 1 ടീസ്പൂൺ

കുരുമുളക് പൊടി - 1 ടീസ്പൂൺ

പെരുംജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ

തേങ്ങാക്കൊത്ത് - ചെറിയൊരു പിടി (ആവശ്യമെങ്കിൽ)

കറിവേപ്പില - 2 തണ്ട്

വെളിച്ചെണ്ണ - 3-4 ടേബിൾ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് മാരിനേറ്റ് ചെയ്യാൻ പറഞ്ഞിരിക്കുന്ന സാധനങ്ങൾ (മുളക് പൊടി, മഞ്ഞൾപ്പൊടി, നാരങ്ങാ നീര്, ഉപ്പ്) പുരട്ടി 20-30 മിനിറ്റ് മാറ്റിവെക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ഇട്ട് പകുതി വേവാകുന്നത് വരെ (ലൈറ്റ് ബ്രൗൺ നിറം) ചെറുതായി ഫ്രൈ ചെയ്ത് കോരി മാറ്റുക. (കൂടുതൽ കരിഞ്ഞുപോകരുത്).

ബാക്കി വന്ന അതേ എണ്ണയിലേക്ക് (തേങ്ങാക്കൊത്ത് ഇടുന്നുണ്ടെങ്കിൽ അത് മൂപ്പിച്ചു മാറ്റുക) കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും അല്പം ഉപ്പും ചേർത്ത് നല്ലതുപോലെ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. സവാള എത്രത്തോളം വഴലുന്നോ അത്രയും രുചി കൂടും.

സവാള നന്നായി വഴന്നതിന് ശേഷം തീ കുറച്ചു വെച്ച് മല്ലിപ്പൊടി, കശ്മീരി മുളക് പൊടി, ഗരം മസാല, പെരുംജീരകം പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

മസാല മൂത്തു വരുമ്പോൾ തക്കാളി ചേർത്ത് നന്നായി ഉടഞ്ഞു വരുന്നത് വരെ വഴറ്റുക.

ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളും മുകളിൽ പറഞ്ഞ കുരുമുളക് പൊടിയും ചേർത്ത് മസാലയുമായി നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് കാൽ കപ്പ് ചൂടുവെള്ളം ഒഴിച്ച് കൊടുത്ത്, പാൻ അടച്ചുവെച്ച് ചെറിയ തീയിൽ ചിക്കൻ വേവിക്കുക (ഏകദേശം 10-15 മിനിറ്റ്).

ചാറെല്ലാം വറ്റി ചിക്കനിൽ മസാല നന്നായി പിടിച്ചു എണ്ണ തെളിഞ്ഞു വരുമ്പോൾ മുകളിൽ കുറച്ച് കറിവേപ്പിലയും ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണയും (വറുത്ത തേങ്ങാക്കൊത്തും) തൂവി തീ ഓഫ് ചെയ്യാം.

നല്ല നാടൻ കോഴി റോസ്റ്റ് തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361922/hotel-style-chicken-roast-can-now-be-made-at-home-a-local-recipe-with-a-rich-taste)