---
title: "കോഴിക്കോട് ലോഡ്ജിൽ എംഡിഎംഎ വിൽപ്പന; കാവലിന് ജർമൻ ഷെപ്പേർഡും റോട്ട് വീലറും, പ്രതി പിടിയിൽ"
english_title: " Content Highlights:- Young Man Arrested For Selling MDMA At Lodge Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361884/content-highlights-young-man-arrested-for-selling-mdma-at-lodge-kozhikode"
published_at: "2026-05-26T13:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1554c78b46e_arrest.jpg"
keywords: ["Latest News", "Young Man Arrested", "MDMA", "Kozhikode"]
---

# കോഴിക്കോട് ലോഡ്ജിൽ എംഡിഎംഎ വിൽപ്പന; കാവലിന് ജർമൻ ഷെപ്പേർഡും റോട്ട് വീലറും, പ്രതി പിടിയിൽ

> **Lead Summary:** കോഴിക്കോട്: ലോഡ്ജിൽ എംഡിഎംഎ വിൽപ്പന നടത്തി വന്ന യുവാവ് പിടിയിൽ. 38 ഗ്രാമോളം എംഡിഎംഎയുമായി കോഴിക്കോട് നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശി സാജിദ് ജമാൽ ആണ് ചൊവ്വാഴ്ച രാവിലെ ആറോടെ പിടിയിലായത്.

## Article Content

കോഴിക്കോട്: ലോഡ്ജിൽ എംഡിഎംഎ വിൽപ്പന നടത്തി വന്ന യുവാവ് പിടിയിൽ. 38 ഗ്രാമോളം എംഡിഎംഎയുമായി കോഴിക്കോട് നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശി സാജിദ് ജമാൽ ആണ് ചൊവ്വാഴ്ച രാവിലെ ആറോടെ പിടിയിലായത്.

നേരത്തെ പൊലീസിന്റെ പിടിയിലായ സാജിദ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ലഹരി വിൽപ്പന നടത്തുകയായിരുന്നു. ഇയാൾ കുറച്ച് ദിവസമായി പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.

കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്നുനടത്തിയ പരിശോധനയിൽ സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽവെച്ചാണ് സാജിദ് പിടിയിലാകുന്നത്. ഒരുവർഷത്തിനിടെ ഇത് നാലാം തവണയാണ് ഇയാൾ അറസ്റ്റിലാകുന്നത്. താൻ പിടിയിലാകാതിരിക്കുവാൻ വേണ്ടി വളർത്തുനായ്ക്കളെ കെട്ടിയിട്ടായിരുന്നു ലഹരി വിൽപന നടത്തി കൊണ്ടിരുന്നത്. റോട്ട് വീലർ, ജർമൻ ഷെപ്പേർഡ് തുടങ്ങിയ ഇനം നായ്ക്കളെയാണ് പ്രതി വളർത്തിയത്.

ഡാൻസാഫ് സംഘത്തെ കണ്ട സമയം നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. സ്‌കൂൾ അവധിക്കാലമായതിനാൽ ആവശ്യക്കാരേറെയാണെന്നാണ് പ്രതികൾ മൊഴി നൽകി. ഒട്ടേറെ പെൺകുട്ടികളും ലഹരി വാങ്ങുന്നതായി സാജിദ് വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361884/content-highlights-young-man-arrested-for-selling-mdma-at-lodge-kozhikode)