---
title: "മുംബൈ വിട്ട് ഹാർദിക് പാണ്ഡ്യ ചെന്നൈയിലേക്ക്? സൂചന നൽകി ഇൻസ്റ്റഗ്രാം സ്റ്റോറി; ആരാധകർ ആവേശത്തിൽ"
english_title: "Content Highlights:-Hardik Pandya to leave Mumbai for Chennai?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361808/content-highlights-hardik-pandya-to-leave-mumbai-for-chennai"
published_at: "2026-05-26T10:14:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1525d7407ec_harthik_pandey.jpg"
keywords: ["latest news", "Sports", "Hardik Pandya", "M.S Dhoni", "Cricket"]
---

# മുംബൈ വിട്ട് ഹാർദിക് പാണ്ഡ്യ ചെന്നൈയിലേക്ക്? സൂചന നൽകി ഇൻസ്റ്റഗ്രാം സ്റ്റോറി; ആരാധകർ ആവേശത്തിൽ

> **Lead Summary:** **[** ഐപിഎല്ലിൽ കളിക്കാർ ടീം മാറുന്നത് സാധാരണയാണെങ്കിലും ഹാർദിക് പാണ്ഡ്യയുടെ അടുത്ത നീക്കത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ഹാർദിക് ചേക്കേറുമെന്ന സൂചനകൾ താരം തന്നെ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

## Article Content

**[** ഐപിഎല്ലിൽ കളിക്കാർ ടീം മാറുന്നത് സാധാരണയാണെങ്കിലും ഹാർദിക് പാണ്ഡ്യയുടെ അടുത്ത നീക്കത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ഹാർദിക് ചേക്കേറുമെന്ന സൂചനകൾ താരം തന്നെ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ഹാർദിക് അസംതൃപ്തനാണെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു. ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ മുംബൈയ്ക്ക് ഈ സീസൺ കടുത്ത നിരാശയാണ് സമ്മാനിച്ചത്. 14 മത്സരങ്ങളിൽ 4 ജയം മാത്രം നേടിയ ടീം 10 കളികളിലും തോറ്റ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ അതിവേഗം മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

**ചർച്ചയായി ആ '07:07' ഇൻസ്റ്റഗ്രാം സ്റ്റോറി**

വാംഖഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റതിന് പിന്നാലെ ഹാർദിക് പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ പുതിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ലാപ്ടോപ്പിൽ ആനിമേഷൻ കാണുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. എന്നാൽ, ഇതിനടുത്ത് ഇരുന്ന മൊബൈൽ ഫോണിന്റെ സ്ക്രീൻ സേവറിലെ സമയമാണ് ആരാധകർ ശ്രദ്ധിച്ചത്. '07:07' എന്നാണ് ഫോണിൽ കാണിച്ച സമയം.

'7' എന്നത് ചെന്നൈയുടെ ഇതിഹാസ താരം എം.എസ് ധോണിയുടെ ജേഴ്സി നമ്പറാണ്. ധോണിയുമായി അത്രമേൽ അടുത്ത സൗഹൃദം പുലർത്തുന്ന താരമാണ് ഹാർദിക്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണിയുടെ കീഴിലാണ് ഹാർദിക് ഒരു ലോകോത്തര ഓൾറൗണ്ടറായി വളർന്നതും. ഈ '7' നമ്പർ സ്റ്റോറിയിലൂടെ ധോണിയുടെ ചെന്നൈയിലേക്ക് താൻ എത്തുന്നു എന്ന സൂചനയാണ് ഹാർദിക് നൽകിയതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

നേരത്തെ ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥനുമായി ഹാർദിക് പാണ്ഡ്യ ഏറെനേരം സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഈ ഇൻസ്റ്റഗ്രാം സ്റ്റോറി കൂടി വന്നതോടെ ഹാർദിക്കിന്റെ മഞ്ഞക്കുപ്പായത്തിലേക്കുള്ള കൂടുമാറ്റം ഉടനുണ്ടാകുമെന്ന ഉറപ്പിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361808/content-highlights-hardik-pandya-to-leave-mumbai-for-chennai)