---
title: "ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും; നിയമനം കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അറ്റൻഡറായി"
english_title: "Content Highlights:-  KK Harshina Will Join Government Job Today Appointed As Office Attendant At Kozhikode Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361772/content-highlights-harshina-will-join-government-job-today-appointed-as-office-attendant-at-kozhikode-medical-college"
published_at: "2026-05-26T07:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a144afea6916_KK_Harshina.jpg"
keywords: ["Latest News", "Health Department", "KK Harshina", "Medical Negligence", "Kozhikode Medical College"]
---

# ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും; നിയമനം കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അറ്റൻഡറായി

> **Lead Summary:** കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ. കെ. ഹർഷിന ഇന്ന് ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ ആശുപത്രിയിൽ ഓഫീസ് അറ്റൻഡർ ആയാണ് നിയമനം നൽകിയിരിക്കുന്നത്.

## Article Content

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ. കെ. ഹർഷിന ഇന്ന് ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ ആശുപത്രിയിൽ ഓഫീസ് അറ്റൻഡർ ആയാണ് നിയമനം നൽകിയിരിക്കുന്നത്.

ഹർഷിനയുടെ പ്രസവശസ്ത്രക്രിയ നടന്നത് ഇതേ ആശുപത്രിയിലായിരുന്നു. ഹർഷിന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടതിന് തൊട്ടുപിന്നാലെയാണ് ജോലി നൽകിയുള്ള ഉത്തരവ് ഇറക്കിയത്. നിയമന ഉത്തരവ് കൈമാറാൻ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. ഹർഷിനയുടെ മൂന്നാം പ്രസവശസ്ത്രക്രിയ നടന്നത് ഇതേ ആശുപത്രിയിലായിരുന്നു.

ഹർഷിനയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും ചികിത്സാചെലവ് ഏറ്റെടുക്കുമെന്നും മന്ത്രിസഭ ഉറപ്പുനൽകി. 2017 നവംബർ 30ന് നടന്ന ശസ്ത്രക്രിയയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. 2022ലാണ് അത് കണ്ടെത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്.

തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.

മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്ത് അനാസ്ഥയില്ല എന്നായിരുന്നു കോളേജിലെ അന്വേഷണ റിപ്പോർട്ട്. മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നല്‍കിയത്.

തുടർന്ന് ഹർഷിന പൊലീസിൽ പരാതി നൽകി. മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും പ്രതികളായി. കുറ്റപത്രം പൊലീസ് സമർപ്പിച്ചെങ്കിലും ഡോക്ടർമാർ കോടതിയെ സമീപിച്ചതോടെ വിചാരണ സ്റ്റേ ചെയ്യാൻ ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361772/content-highlights-harshina-will-join-government-job-today-appointed-as-office-attendant-at-kozhikode-medical-college)