---
title: "തലസ്ഥാനത്തെ വിദ്യാർത്ഥി സംഘർഷം; രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു, കേസെടുത്തത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ "
english_title: "  Content Highlights:-Kerala University Election Clash Cantonment Police Registers Two FIR Against SFI Activists"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361771/content-highlights-kerala-university-election-clash-cantonment-police-registers-two-fir-against-sfi-activists"
published_at: "2026-05-26T07:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14ffb41e2a8_FIR_Against_SFI_Activists.jpg"
keywords: ["Latest News", "Kerala University", "SFI", "KSU", "Thiruvananthapuram", "FIR"]
---

# തലസ്ഥാനത്തെ വിദ്യാർത്ഥി സംഘർഷം; രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു, കേസെടുത്തത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 

> **Lead Summary:** തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പോലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.

## Article Content

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പോലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.

കെഎസ്‌യു പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിവരമില്ല. കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

ഇന്നലെ രാവിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനായ അഭിജിത്ത് സജിയോട് എസ്.എഫ്.ഐ പ്രവർത്തകർ ഐഡി കാർഡ് ആവശ്യപ്പെടുകയും അത് നൽകാത്തതിനെ തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

അഭിജിത്തിനെ അസഭ്യം വിളിക്കുകയും മതിലിനോട് ചേർത്തുനിർത്തി മുഖത്തും തലയിലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. സംഭവത്തിൽ ആഷിഖ്, അർജുൻ, വൈഭവ് ചാക്കോ, ഹരികൃഷ്ണൻ എന്നീ എസ്.എഫ്.ഐ പ്രവർത്തകർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാത്രി 10 മണിയോടെ എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് രണ്ടാമത്തെ സംഘർഷമുണ്ടായത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും ഏറ്റുമുട്ടി.

പരസ്പരം കല്ലെറിഞ്ഞ ശേഷം എസ്എഫ്ഐ പ്രവർത്തകർ സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചുവെന്നുമാണ് ആരോപണം. ആക്രമണത്തിൽ മ്യൂസിയം എസ്.എച്ച്.ഒ അനൂപിന്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞെന്നും മറ്റ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361771/content-highlights-kerala-university-election-clash-cantonment-police-registers-two-fir-against-sfi-activists)