---
title: "ശരീരമാകെ മുളകുവെള്ളം ഒഴിച്ചു; മുൻ വൈരാഗ്യം തീർക്കാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ"
english_title: "Content Highlights:- Three people, including a young woman, were arrested for kidnapping and beating a young man to settle a previous feud"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361756/content-highlights-three-people-including-a-young-woman-were-arrested-for-kidnapping-and-beating-a-young-man-to-settle-a-previous-feud"
published_at: "2026-05-25T22:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a148403c7567_thiruvananthapuram.jpg"
keywords: ["Latest News", "Kidnap Case", "Attack", "Police", "Arrest"]
---

# ശരീരമാകെ മുളകുവെള്ളം ഒഴിച്ചു; മുൻ വൈരാഗ്യം തീർക്കാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: **മുൻവൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തിരുവനന്തപുരം: **മുൻവൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.

മലയിൻകീഴ് വിറകുവെട്ടിക്കോണം സ്വദേശി അഭിലാഷ് (അഭി - 39) , മലയിൻകീഴ് അരുവിപ്പാറ സ്വദേശി സുജിത് (ചിക്കു - 32) , കായംകുളം വള്ളികുന്നം സ്വദേശി സരിത (37) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. വെമ്പായം പുത്തൻവിള സ്വദേശിയായ യുവാവാണ് അതിക്രമത്തിന് ഇരയായത്.

കേസിലെ ഒന്നാം പ്രതിയായ അഭിലാഷിന്‍റെ ഭാര്യ മോഷണക്കേസിൽ പെട്ട് ജയിലിലാകാൻ കാരണം ഈ യുവാവാണെന്ന മുൻവൈരാഗ്യമാണ് ക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച മരുതൂരിലുള്ള ഒരു ഫ്ലാറ്റിലേക്ക് യുവാവിനെ പ്രതികൾ സൗഹൃദം നടിച്ച് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് അസഭ്യം പറയുകയും, മഴുവിന്‍റെ പിൻഭാഗം, ഇടിവള എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

മൂന്നാം പ്രതിയായ സരിത യുവാവിന്‍റെ ശരീരമാകെ മുളകുവെള്ളം ഒഴിച്ചതിനെ തുടർന്ന് ഇയാൾ ബോധരഹിതനായി. ഇതിനിടയിൽ യുവാവിനെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം രേഖകളിൽ ഒപ്പിടുവിച്ച് സ്കൂട്ടർ കൈക്കലാക്കാനും പ്രതികൾ ശ്രമം നടത്തി.

ബോധം നഷ്ടപ്പെട്ട യുവാവിനെ പിന്നീട് പ്രതികൾ ചേർന്ന് ചെമ്പൂരുള്ള മറ്റൊരു ഫ്ലാറ്റിലെത്തിച്ച് മൂന്ന് ദിവസത്തോളം അന്യായമായി തടങ്കലിൽ പാർപ്പിച്ചു. അവിടെവെച്ചും മർദ്ദനം തുടർന്ന ശേഷം പ്രതികൾ യുവാവിനെ അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361756/content-highlights-three-people-including-a-young-woman-were-arrested-for-kidnapping-and-beating-a-young-man-to-settle-a-previous-feud)