---
title: "'മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്, ഇത്രയും കാലം അനുഭവിച്ച പ്രയാസത്തിന് ഈ ദിവസം നീതി ലഭിച്ചിരിക്കുന്നു'; ഹർഷിന "
english_title: "Content Highlights:- Harshina says she has kept the promise made by the Health Minister regarding the incident where scissors got stuck in her stomach during an obstetric operation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361737/content-highlights-harshina-says-she-has-kept-the-promise-made-by-the-health-minister-regarding-the-incident-where-scissors-got-stuck-in-her-stomach-during-an-obstetric-operation"
published_at: "2026-05-25T19:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14406edd751_Harshina.jpg"
keywords: ["Latest News", "Medical Negligence Case", "Kozhikode Medical Collage", "Harshina"]
---

# 'മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്, ഇത്രയും കാലം അനുഭവിച്ച പ്രയാസത്തിന് ഈ ദിവസം നീതി ലഭിച്ചിരിക്കുന്നു'; ഹർഷിന 

> **Lead Summary:** **തിരുവനന്തപുരം: ** കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചെന്ന് ഹർഷിന.

## Article Content

**തിരുവനന്തപുരം: ** കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചെന്ന് ഹർഷിന.

അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനെയും ആരോഗ്യമന്ത്രി കെ. മുരളീധരനേയും കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

'ഇത്രയും കാലം അനുഭവിച്ച പ്രയാസത്തിന് ഈ ദിവസം നീതി ലഭിച്ചിരിക്കുന്നു. വളരെയധികം സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് നിൽക്കുന്നത്'- ഹർഷിന പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും വി.ഡി. സതീശൻ കൂടെ ഉണ്ടായിരുന്നുവെന്നും ഹർഷിന കൂട്ടിച്ചേർത്തു.

'അർഹതപ്പെട്ട നഷ്ടപരിഹാരം തീർച്ചയായും നൽകുമെന്നും ചികിത്സയ്ക്ക് എത്ര ആയാലും അത് നേരിട്ട് നടത്തിത്തരുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രിയെ കണ്ടു. സർക്കാർ ജോലി നൽകാമെന്ന് അറിയിച്ചു. ഓർഡർ അടിച്ചു ഇപ്പോൾ തന്നെ കൈയിൽ തരാമെന്ന് പറഞ്ഞു.'- ഹർഷിന പറഞ്ഞു.

രാവിലെ പത്ത് മണിയോടെയായിരുന്നു ഹർഷിന മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെത്തിയത്. മന്ത്രിസഭാ യോഗം കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനെയും ആരോഗ്യമന്ത്രി കെ. മുരളീധരനേയും കണ്ടു. ഈ കൂടിക്കാഴ്ചയിലാണ് സർക്കാർ ജോലി വാഗ്ദാനം നൽകിയതായി ഹർഷിന പറഞ്ഞത്.

വയറ്റിൽ കത്രിക കുടുങ്ങിയതിന് ശേഷം വലിയതോതിൽ ആരോഗ്യപ്രശ്നം നേരിടുന്നുണ്ട്. ഇതിനായുള്ള ചികിത്സയും നടക്കുന്നുണ്ട്. ഈ ചികിത്സയ്ക്കായുള്ള സഹായം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചുവെന്ന്‌ ഹർഷിന പറഞ്ഞു. ഇന്നു തന്നെ ഓർഡറായി കൈയിൽ ലഭിക്കുമെന്നാണ് ഹർഷിന വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361737/content-highlights-harshina-says-she-has-kept-the-promise-made-by-the-health-minister-regarding-the-incident-where-scissors-got-stuck-in-her-stomach-during-an-obstetric-operation)