---
title: "'കില്ലാടി ദമ്പതികൾ'; ഭാര്യയെ സഹോദരിയെന്ന് പരിചയപ്പെടുത്തി വിവാഹം കഴിപ്പിച്ചു; ഒടുവിൽ വാട്‌സാപ്പ് ചാറ്റിൽ കുടുങ്ങി വിവാഹത്തട്ടിപ്പ്, ഭാര്യയും ഭർത്താവും പിടിയിൽ "
english_title: "Content Highlights:- Woman and husband arrested in marriage fraud case in Morena, Madhya Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361703/content-highlights-woman-and-husband-arrested-in-marriage-fraud-case-in-morena-madhya-pradesh"
published_at: "2026-05-25T16:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a142f7618ce8_marriege_froud.jpg"
keywords: ["Latest News", "Marriage Fraud Case", "Madhya Pradesh", "Arrest"]
---

# 'കില്ലാടി ദമ്പതികൾ'; ഭാര്യയെ സഹോദരിയെന്ന് പരിചയപ്പെടുത്തി വിവാഹം കഴിപ്പിച്ചു; ഒടുവിൽ വാട്‌സാപ്പ് ചാറ്റിൽ കുടുങ്ങി വിവാഹത്തട്ടിപ്പ്, ഭാര്യയും ഭർത്താവും പിടിയിൽ 

> **Lead Summary:** **ഭോപ്പാൽ: ** മധ്യപ്രദേശിലെ മൊറേനയിൽ വിവാഹത്തട്ടിപ്പ് കേസിൽ യുവതിയും ഭർത്താവും പിടിയിൽ. മൊറേന സ്വദേശിനിയായ രാധ എന്ന ദിക്ഷ മുഡ്ഗലിനെയാണ് ഗ്വാളിയോർ സ്വദേശിയായ രത്തൻ ശർമയുടെ പരാതിയിൽ പോലീസ് പിടികൂടിയത്.

## Article Content

**ഭോപ്പാൽ: ** മധ്യപ്രദേശിലെ മൊറേനയിൽ വിവാഹത്തട്ടിപ്പ് കേസിൽ യുവതിയും ഭർത്താവും പിടിയിൽ. മൊറേന സ്വദേശിനിയായ രാധ എന്ന ദിക്ഷ മുഡ്ഗലിനെയാണ് ഗ്വാളിയോർ സ്വദേശിയായ രത്തൻ ശർമയുടെ പരാതിയിൽ പോലീസ് പിടികൂടിയത്.

വിവാഹിതയായ യുവതിയും ഭർത്താവും ഇക്കാര്യം മറച്ചുവെച്ച് താനുമായുള്ള വിവാഹം നടത്തിയെന്നും വിവാഹശേഷം പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമാണ് രത്തൻ ശർമയുടെ പരാതി.

സംഭവത്തിൽ യുവതിയുടെ സഹോദരനായി അഭിനയിച്ച യഥാർഥ ഭർത്താവ് സോനു എന്ന അജയ് ചൗഹാൻ ഉൾപ്പെടെ ആറുപേർ കൂടി പ്രതികളാണ്.

ഇതിൽ അജയ് ചൗഹാനെ കസ്റ്റഡിയിലെടുത്തതായും ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ജബൽപുരിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ രത്തൻ ശർമയ്ക്കായി കുടുംബം ഏറെക്കാലമായി വധുവിനെ തേടുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ അയൽക്കാരനായ സോനു തിവാരി മൊറേന സ്വദേശിയായ അജയ് ചൗഹാനെ പരിചയപ്പെടുത്തിയത്.

തന്റെ സഹോദരിയായ രാധയ്ക്ക് വിവാഹം ആലോചിക്കുന്നുണ്ടെന്ന് അജയ് ചൗഹാൻ രത്തൻ ശർമയുടെ കുടുംബത്തെ അറിയിച്ചു. എന്നാൽ, യഥാർഥത്തിൽ അജയ് ചൗഹാന്റെ ഭാര്യയായിരുന്നു രാധ. ഇക്കാര്യം മറച്ചുവെച്ച് വിവാഹത്തട്ടിപ്പിലൂടെ പണം സമ്പാദിക്കാനായിരുന്നു പ്രതികളുടെ ശ്രമം.

യുവതിയുടെ ഫോട്ടോ കണ്ടതോടെ രത്തൻ ശർമയുടെ കുടുംബത്തിന് യുവതിയെ ഇഷ്ടമായി. പിന്നാലെ രത്തൻ ശർമയും യുവതിയെ കണ്ടു. മേയ് ഏഴിനായിരുന്നു വിവാഹം.

സഹോദരനെന്ന വ്യാജേന അജയ് ചൗഹാനാണ് വിവാഹചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ചടങ്ങിൽ നവവധുവിന്റെ ബന്ധുക്കളായി മറ്റു ചിലരെയും പ്രതികൾ കൊണ്ടുവന്നിരുന്നു.

വിവാഹത്തിനായി ഏകദേശം ഏഴുലക്ഷത്തോളം രൂപയാണ് രത്തൻ ശർമ ചെലവാക്കിയത്. വിവാഹത്തിനുശേഷം വധുവും വരനും ഗ്വാളിയോറിലെ വീട്ടിലെത്തി. എന്നാൽ, വിവാഹശേഷം യുവതിയുടെ പെരുമാറ്റത്തിൽ രത്തൻ ശർമയ്ക്കും വീട്ടുകാർക്കും സംശയം തോന്നി.

യുവതി നിരന്തരം വാട്‌സാപ്പിൽ ചാറ്റ് ചെയ്യുന്നതും സംശയത്തിനിടയാക്കി. തുടർന്ന് രത്തൻ ശർമ 'ഭാര്യ'യുടെ വാട്‌സാപ്പ് ചാറ്റ് പരിശോധിച്ചതോടെയാണ് അജയ് ചൗഹാനുമായുള്ള ചാറ്റുകൾ കണ്ടെത്തിയത്.

സഹോദരനാണെന്ന് പറഞ്ഞ അജയ് ചൗഹാൻ 'ഭാര്യ'യുടെ ഭർത്താവാണെന്നും ഇതോടെ രത്തൻ ശർമ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാധയും അജയ് ചൗഹാനും 2024-ൽ വിവാഹിതരായവരാണെന്നും കണ്ടെത്തി.

യുവതിയും കൂട്ടരും വഞ്ചിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ രത്തൻ ശർമയും വീട്ടുകാരും യുവതിയെ കൈയോടെ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു.

രത്തൻ ശർമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അറസ്റ്റും രേഖപ്പെടുത്തി. യുവതിയെ പിന്നീട് മഹിളാ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ യഥാർഥ ഭർത്താവായ അജയ് ചൗഹാനെയും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361703/content-highlights-woman-and-husband-arrested-in-marriage-fraud-case-in-morena-madhya-pradesh)