---
title: "'തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനേറ്റത് വൻ തിരിച്ചടി', കേരളത്തിലും തീവ്ര വലതുപക്ഷ സാന്നിധ്യം ഉദിച്ചുയർന്നു കഴിഞ്ഞുവെന്ന് എം എ ബേബി"
english_title: "  Content Highlights:- CPI(M) Suffered A Major SetbackIn The Election MA Baby"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361693/content-highlights-cpim-suffered-a-major-setbackin-the-election-ma-baby"
published_at: "2026-05-25T16:23:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fbe338344df_ma_baby.jpg"
keywords: ["Latest News", "CPI(M)", "Party General Secretary M.A. Baby", "Election Defeat"]
---

# 'തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനേറ്റത് വൻ തിരിച്ചടി', കേരളത്തിലും തീവ്ര വലതുപക്ഷ സാന്നിധ്യം ഉദിച്ചുയർന്നു കഴിഞ്ഞുവെന്ന് എം എ ബേബി

> **Lead Summary:** ദില്ലി: സി പി എം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം കേരളത്തിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശദീകരിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി. കേരളത്തിൽ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുക്കാൻ സാധിച്ചതായും തമിഴ്നാട്ടിൽ ബി ജെ പി പൂർണ്ണമായി തകർന്നതായും അദ്ദേഹം വിലയിരുത്തി. എന്നാൽ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ബി ജെ പി വലിയ ശക്തിയായി മാറിയിരിക്കുകയാണ്.

## Article Content

ദില്ലി: സി പി എം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം കേരളത്തിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശദീകരിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി. കേരളത്തിൽ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുക്കാൻ സാധിച്ചതായും തമിഴ്നാട്ടിൽ ബി ജെ പി പൂർണ്ണമായി തകർന്നതായും അദ്ദേഹം വിലയിരുത്തി. എന്നാൽ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ബി ജെ പി വലിയ ശക്തിയായി മാറിയിരിക്കുകയാണ്.

കേരളത്തിലുണ്ടായ പരാജയം പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച അദ്ദേഹം, 1977 ന് ശേഷം രാജ്യത്ത് ഒരു സംസ്ഥാനത്തും ഇടത് സർക്കാരില്ലാത്ത സാഹചര്യം വന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്നും ചൂണ്ടിക്കാട്ടി. കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയതാണെന്നും പാർട്ടിയും മുന്നണിയും ഇതിന്റെ കാരണങ്ങൾ കൃത്യമായി പരിശോധിച്ചുവരികയാണെന്നും എം എ ബേബി പറഞ്ഞു. ഭയരഹിതവും സ്വതന്ത്രവുമായ ചർച്ചകളാണ് പാർട്ടിയിൽ നടക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ വിശദമായി വിലയിരുത്തുന്നതിനായി ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലും തീവ്ര വലതുപക്ഷ സാന്നിധ്യം ഉദിച്ചുയർന്നു കഴിഞ്ഞുവെന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച ചില നിലപാടുകളും ഇപ്പോഴത്തെ ഈ സാഹചര്യത്തിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ പാർട്ടികളോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും ഇത് രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ടെന്നും സി പി എം ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സി പി എം - ബി ജെ പി ഡീൽ ഉണ്ടെന്ന തരത്തിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ എത്രത്തോളം ബാലിശമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ പ്രതിപക്ഷ ഐക്യത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്നും എം എ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നീറ്റ്, സി ബി എസ് ഇ ക്രമക്കേടുകളെ അപലപിച്ച് കേന്ദ്ര കമ്മിറ്റി പ്രമേയങ്ങൾ അവതരിപ്പിച്ചെന്നും സി പി എം ജനറൽ സെക്രട്ടറി അറിയിച്ചു. സി ജെ പിയുടെ ജനപിന്തുണ കൂടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ നയങ്ങളിലുള്ള പ്രതിഷേധമാണ് പ്രകടമാകുന്നതെന്നും ബേബി വിവരിച്ചു. ഫിഫ ലോകകപ്പ് ദൂരദർശനിലൂടെ കാണിക്കണമെന്നും സി പി എം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361693/content-highlights-cpim-suffered-a-major-setbackin-the-election-ma-baby)