---
title: "മഴ നനഞ്ഞ് കോടമഞ്ഞിലൂടെ ഒരു യാത്ര; ദാ എത്തിക്കഴിഞ്ഞു മലനിരകളുടെ രാജകുമാരിയിലെ മഴക്കാല വസന്തം!"
english_title: "A journey through the rain and mist; the rainy spring has arrived in the princess of the hills!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361684/a-journey-through-the-rain-and-mist-the-rainy-spring-has-arrived-in-the-princess-of-the-hills"
published_at: "2026-05-25T16:01:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1425bab86ca_Kodaikanal.jpg"
keywords: ["Travel", "Kodaikanal", "Kodaikanal Diaries", "Hill Station", "Monsoon Travel", "Guna Caves"]
---

# മഴ നനഞ്ഞ് കോടമഞ്ഞിലൂടെ ഒരു യാത്ര; ദാ എത്തിക്കഴിഞ്ഞു മലനിരകളുടെ രാജകുമാരിയിലെ മഴക്കാല വസന്തം!

> **Lead Summary:** സഞ്ചാരപ്രേമികളുടെ മനസ്സിലേക്ക് കുളിർമഴയായി പെയ്തിറങ്ങുന്ന ഒരു പേരുണ്ട്; കൊടൈക്കനാൽ. പശ്ചിമഘട്ടത്തിലെ പളനിമലയ്ക്ക് മുകളിൽ, സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2133 മീറ്റർ ഉയരത്തിൽ പ്രകൃതി ഒരുക്കിവെച്ച ഈ മാന്ത്രികഭൂമിയെ 'മലനിരകളുടെ രാജകുമാരി' എന്ന് വിശേഷിപ്പിച്ചതിൽ ഒട്ടും അതിശയോക്തിയില്ല.

## Article Content

സഞ്ചാരപ്രേമികളുടെ മനസ്സിലേക്ക് കുളിർമഴയായി പെയ്തിറങ്ങുന്ന ഒരു പേരുണ്ട്; കൊടൈക്കനാൽ. പശ്ചിമഘട്ടത്തിലെ പളനിമലയ്ക്ക് മുകളിൽ, സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2133 മീറ്റർ ഉയരത്തിൽ പ്രകൃതി ഒരുക്കിവെച്ച ഈ മാന്ത്രികഭൂമിയെ 'മലനിരകളുടെ രാജകുമാരി' എന്ന് വിശേഷിപ്പിച്ചതിൽ ഒട്ടും അതിശയോക്തിയില്ല.

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ പരപ്പാർ, ഗുണ്ടാർ എന്നീ താഴ്വരകൾക്കിടയിലാണ് ഈ സുന്ദര ഹിൽ സ്റ്റേഷൻ ഒളിച്ചിരിക്കുന്നത്. കിഴക്ക് പളനി മലനിരകളും, വടക്ക് വിൽപ്പെട്ടി, പള്ളങ്കി ഗ്രാമങ്ങളും, പടിഞ്ഞാറ് മഞ്ഞംപട്ടി, അണ്ണാമലൈ മലകളും, തെക്ക് കമ്പം താഴ്വരയും കാവൽ നിൽക്കുന്ന ഈ സുന്ദര താവളത്തിന്റെ പേരിന് പിന്നിലും ഒരു കവിതയുണ്ട്. തമിഴിൽ 'കൊടൈക്കനാൽ' എന്നാൽ 'കാടിന്റെ വരദാനം' എന്നാണ് പ്രധാന അർത്ഥം. കാടിന്റെ അറ്റം, വേനലിലെ കാട്, കാടിന്റെ വരം എന്നിങ്ങനെ വ്യത്യസ്തമായ അർത്ഥതലങ്ങളും ഈ പേരിന് ഭംഗിയേകുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാൽ, പ്രണയജോഡികളുടെ പ്രിയപ്പെട്ട ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണ്. കനത്ത കാടുകളും, അങ്ങിങ്ങായി പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും, കോടമഞ്ഞു മൂടിയ പാറക്കൂട്ടങ്ങളും, പച്ചപ്പുനിറഞ്ഞ വന്മരങ്ങളുമാണ് കൊടൈക്കനാലിനെ സഞ്ചാരികളുടെ ഹൃദയത്തോട് ചേർത്തുനിർത്തുന്നത്. കാഴ്ചകളുടെ ഒരു വലിയ വസന്തം തന്നെയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

കോക്കേഴ്‌സ് വാക്കിലൂടെയുള്ള പ്രഭാത സവാരിയും, ബിയർ ഷോല, സിൽവർ കാസ്‌കേഡ് വെള്ളച്ചാട്ടങ്ങളുടെ സംഗീതവും, ബ്രയാന്റ് പാർക്കിന്റെ ഭംഗിയും, ശാന്തമായി ഒഴുകുന്ന കൊടൈക്കനാൽ തടാകത്തിലെ ബോട്ടിംഗും മനസ്സിന് പുതിയൊരു ഉണർവ്വ് നൽകും. ഇവിടുത്തെ ഗ്രീൻ വാലി വ്യൂവും, ഡോൾഫിൻസ് നോസും, ആകാശത്തോളം ഉയർന്നുനിൽക്കുന്ന പില്ലർ റോക്‌സും പ്രകൃതിയുടെ വിസ്മയങ്ങളാണ്. 'ഗുണ' എന്ന സിനിമയിലൂടെ പ്രശസ്തമായ ഗുണ ഗുഹകളും, ചരിത്രമുറങ്ങുന്ന ഷെബാംഗനൂർ മ്യൂസിയവും, കൊടൈക്കനാൽ സയൻസ് ഒബ്‌സർവേറ്ററിയും, പ്രകൃതിഭംഗി തുളുമ്പുന്ന ബെരിജാം തടാകവും കുറിഞ്ഞി ആണ്ടവാർ മുരുക ക്ഷേത്രവുമെല്ലാം ഈ മലയോര നഗരത്തിന്റെ തിളക്കം കൂട്ടുന്നു.

കാഴ്ചകൾക്കപ്പുറം രുചിയുടെയും വശ്യതയുടെയും ലോകം കൂടിയാണ് കൊടൈക്കനാൽ. പിയേഴ്‌സ് പോലുള്ള നാടൻ പഴങ്ങൾക്കും, വീടുകളിൽ തന്നെ നിർമ്മിക്കുന്ന സ്വാദിഷ്ടമായ ചോക്ലേറ്റുകൾക്കും ഈ മണ്ണ് ഏറെ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ ചോക്ലേറ്റ് പ്രേമികൾ കൊടൈക്കനാലിനെ 'ചോക്ലേറ്റ് സ്വർഗ്ഗം' എന്ന് വിളിക്കുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നീലപ്പട്ടുടുത്ത് പൂത്തുലയുന്ന നീലക്കുറിഞ്ഞികളാണ് കൊടൈക്കനാലിലെ ഏറ്റവും അത്യപൂർവ്വമായ വിസ്മയം. സാഹസികതയെ പ്രണയിക്കുന്നവർക്ക് ട്രക്കിംഗിനും സൈക്ലിംഗിനും ബോട്ടിംഗിനുമുള്ള അനന്തമായ സാധ്യതകളും ഈ മണ്ണിലുണ്ട്.

ഈ സുന്ദരഭൂമിയുടെ ചരിത്രത്തിന് ഒട്ടനവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലരിയാർ വിഭാഗത്തിൽപ്പെട്ട ആദിവാസികളായിരുന്നു കൊടൈക്കനാലിലെ ആദ്യകാല താമസക്കാരെന്നാണ് ചരിത്രം പറയുന്നത്. ക്രിസ്തുവർഷത്തിന്റെ ആദ്യകാലങ്ങളിലെ സംഘകാല കൃതികളിൽ പോലും കൊടൈക്കനാലിന്റെ ഭംഗിയെക്കുറിച്ച് പരാമർശങ്ങളുണ്ട്. പിന്നീട് 1821-ലാണ് ബ്രിട്ടീഷുകാർ ഈ മലനിരകളിൽ കാൽകുത്തുന്നത്. തുടർന്ന് 1845 മുതൽ ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലാണ് കൊടൈക്കനാൽ എന്ന നഗരം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടതും വികസിച്ചതും.

കൊടൈക്കനാലിലേക്ക് എത്തിച്ചേരുക എന്നത് ഏറെ എളുപ്പമാണ്. 120 കിലോമീറ്റർ അകലെയുള്ള മധുരയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ഇവിടെ നിന്നും വിമാന സർവീസുകളുണ്ട്. ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് കേവലം മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള കൊടായ് റോഡ് റെയിൽവേ സ്റ്റേഷൻ ആശ്രയിക്കാം. എന്നാൽ ബാംഗ്ലൂർ, മുംബൈ, കേരളത്തിലെ എറണാകുളം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് നേരിട്ട് ട്രെയിൻ ലഭിക്കണമെങ്കിൽ കോയമ്പത്തൂർ ജംഗ്ഷൻ വഴി യാത്ര ചെയ്യുന്നതായിരിക്കും കൂടുതൽ സൗകര്യം. കേരളം, തമിഴ്‌നാട്, കർണാടകം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നിരവധി കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.

വർഷത്തിൽ എപ്പോൾ ചെന്നാലും നമ്മെ വരവേൽക്കാൻ കൊടൈക്കനാലിൽ മനോഹരമായ കാലാവസ്ഥയുണ്ടാകും. എങ്കിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വേനൽക്കാലമാണ് കൊടൈക്കനാലിന്റെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ ഏറ്റവും അനുയോജ്യം. കൂടാതെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളും ഇവിടം സന്ദർശിക്കാൻ മികച്ചതാണ്. പ്രകൃതി മുഴുവൻ പച്ചപ്പണിഞ്ഞു നിൽക്കുന്ന ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മഴക്കാലവും, പഞ്ഞിപോലുള്ള കോടമഞ്ഞിന്റെ കുളിരറിയാൻ പറ്റിയ മഞ്ഞുകാലവും കൊടൈക്കനാലിനെ കൂടുതൽ റൊമാന്റിക്കാക്കുന്നു. തിരക്കുകളിൽ നിന്ന് ഒളിച്ചോടി പ്രകൃതിയുടെ മടിത്തട്ടിൽ അല്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും കൊടൈക്കനാൽ ഒരു സ്വർഗ്ഗം തന്നെയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361684/a-journey-through-the-rain-and-mist-the-rainy-spring-has-arrived-in-the-princess-of-the-hills)