---
title: "'അവളായിട്ട് കണ്ടെത്തിയ പുയ്യാപ്ലയല്ലേ...അതുകൊണ്ടാണ് ആരേയും ഒന്നുമറിയിക്കാതെ അവൾ ഈ കടുംകൈ ചെയ്തത്'; സുഫൈദയുടെ മരണത്തില്‍ ബന്ധു"
english_title: "Content Highlights:- Update On The Investigation Into The Acid Induced Death Of Fatimath Sufaida"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361664/content-highlights-update-on-the-investigation-into-the-acid-induced-death-of-fatimath-sufaida"
published_at: "2026-05-25T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14187203355_Fatimath_Sufaida_death.jpg"
keywords: ["Latest News", "Fatimath Sufaida Death", "Suicide", "Kasaragod"]
---

# 'അവളായിട്ട് കണ്ടെത്തിയ പുയ്യാപ്ലയല്ലേ...അതുകൊണ്ടാണ് ആരേയും ഒന്നുമറിയിക്കാതെ അവൾ ഈ കടുംകൈ ചെയ്തത്'; സുഫൈദയുടെ മരണത്തില്‍ ബന്ധു

> **Lead Summary:** കാസർഗോഡ് : കാസർഗോഡ് ഭർതൃവീട്ടിൽ ആസിഡ് കഴിച്ച് ജീവനൊടുക്കിയ ഫാത്തിമത്ത് സുഫൈദയുടെ മരണത്തിൽ നിന്ന് ഞെട്ടൽ വിട്ടുമാറാതെ ബന്ധുക്കൾ. അവളായിട്ട് കണ്ടുപിടിച്ച പുയ്യാപ്ലയല്ലേ അതുകൊണ്ടാണ് ആരേയും ഒന്നുമറിയിക്കാതെ അവൾ ഈ കടുംകൈ ചെയ്തതെന്ന് സുഫൈദയുടെ ബന്ധുക്കള്‍ പറയുന്നു.

## Article Content

കാസർഗോഡ് : കാസർഗോഡ് ഭർതൃവീട്ടിൽ ആസിഡ് കഴിച്ച് ജീവനൊടുക്കിയ ഫാത്തിമത്ത് സുഫൈദയുടെ മരണത്തിൽ നിന്ന് ഞെട്ടൽ വിട്ടുമാറാതെ ബന്ധുക്കൾ. അവളായിട്ട് കണ്ടുപിടിച്ച പുയ്യാപ്ലയല്ലേ അതുകൊണ്ടാണ് ആരേയും ഒന്നുമറിയിക്കാതെ അവൾ ഈ കടുംകൈ ചെയ്തതെന്ന് സുഫൈദയുടെ ബന്ധുക്കള്‍ പറയുന്നു.

'പ്രണയിച്ചു വിവാഹിതരായവരാണ് ആദിലും സുഫൈദയും. പ്രണയം വിവാഹത്തിലേക്ക് കടന്നതോടെ ആദിലിന്റെ സ്വഭാവം മാറി. നിരന്തരം മര്‍ദ്ദിക്കാനും പീഡിപ്പിക്കാനും തുടങ്ങി. സ്വന്തം കുടുംബത്തോടോ ബന്ധുക്കളോടോ സുഫൈദ ഒന്നും പറഞ്ഞില്ല. ഒടുവില്‍ ഇനി സഹിക്കാനാവില്ലെന്ന് വന്നതോടെ ആസിഡ് കുടിച്ച് ജീവിതം അവസാനിപ്പിച്ചു'.

നാടിനെ നടുക്കിയ സംഭവമാണ് കാസര്‍കോട് ചര്‍ലക്കുട സ്വദേശി ഫാത്തിമത്ത് സുഫൈദയുടെ മരണം. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം. രണ്ടു മാസം പ്രായമുള്ളൊരു കുഞ്ഞുമുണ്ട്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ ആദിലിന്റെ പീഡനമേറ്റുവാങ്ങിയിട്ടുണ്ട് സുഫൈദ. ദേഷ്യം വരുമ്പോഴെല്ലാം മര്‍ദ്ദിക്കും. പ്രസവശേഷം പോലും മര്‍ദ്ദനത്തിന് കുറവുണ്ടായിരുന്നില്ല. താന്‍ തന്നെ കണ്ടുപിടിച്ച വ്യക്തിയാണ് ഭര്‍ത്താവ് എന്ന ഒറ്റക്കാരണത്താല്‍ സുഫൈദ ഉമ്മയോടോ സഹോദരനോടോ കാര്യങ്ങള്‍ ഒന്നും തുറന്നുപറഞ്ഞില്ല.

ഒടുവില്‍ ഒരുദിവസം ഉമ്മയോട് തുറന്നുപറഞ്ഞു, ഉമ്മ കാര്യങ്ങള്‍ ആദിലിനോട് ചോദിച്ചപ്പോള്‍ ഉമ്മയേയും മര്‍ദ്ദിക്കാനോങ്ങി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടും ആദില്‍ സുഫൈദയെ മര്‍ദ്ദിച്ചു. പിന്നാലെ ഫോണെടുത്ത് ഉമ്മയെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ആദില്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. പിന്നീട് സുഫൈദ അടുത്ത വീട്ടിലെത്തി മൊബൈല്‍ വാങ്ങി ഉമ്മയെ കാര്യങ്ങള്‍ അറിയിച്ചു. സുഫൈദയേയും കുഞ്ഞിനേയും വിളിച്ചുകൊണ്ടുവരാനായി സഹോദരന്‍ രാത്രി ആദിലിന്റെ വീട്ടിലെത്തിയെങ്കിലും കടുത്ത ഭീഷണിയായിരുന്നു മറുപടി. ഇതിനിടെ സുഫൈദ വീടിനകത്തേക്ക് പോയി ആസിഡ് കുടിച്ചു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൈദയുടെ കുടുംബം വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും ഭാഗത്തുനിന്നും കടുത്ത പീഡനമാണ് യുവതി നേരിട്ടത്.

യുവതിയുടെ സ്വർണം അടക്കം ആദിലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഫാത്തിമത്ത് സുഫൈദയ്ക്ക് വലിയ മനപ്രയാസമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

അതെസമയം സുഫൈദയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് മർദ്ദനമേറ്റതിന്റെ തെളിവുകൾ പുറത്തുവന്നത്. സുഫൈദയുടെ മരണത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. ഫാത്തിമത്ത് സുഫൈദ ഭർതൃവീട്ടുകാരിൽ നിന്നും നിരന്തര പീഡനം അനുഭവിച്ചന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361664/content-highlights-update-on-the-investigation-into-the-acid-induced-death-of-fatimath-sufaida)