---
title: "രണ്ടാഴ്ചയ്ക്കിടെ കൂട്ടിയത് 8 രൂപ; മോദി തവണകളായി ജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന് രാഹുൽ ഗാന്ധി"
english_title: "content highlights:- Rahul Gandhi says Modi is picking people's pockets"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361641/content-highlights-rahul-gandhi-says-modi-is-picking-peoples-pockets"
published_at: "2026-05-25T14:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a140f7f1f592_modi_and_rahul.jpg"
keywords: ["Latest News", "Newdelhi", "Narendramodi", "Rahulgandhi", "Fuel Price"]
---

# രണ്ടാഴ്ചയ്ക്കിടെ കൂട്ടിയത് 8 രൂപ; മോദി തവണകളായി ജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന് രാഹുൽ ഗാന്ധി

> **Lead Summary:** **ന്യൂഡൽഹി:[ **[ ]തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനെതിരെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്.

## Article Content

**ന്യൂഡൽഹി:[ **[ ]തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനെതിരെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്.

സാധാരണക്കാർ അറിയാതെ അവരുടെ പോക്കറ്റടിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ തവണകളായി വില വർദ്ധിപ്പിക്കുന്നതെന്നും, 'വിലക്കയറ്റ മനുഷ്യൻ' ആയ മോദി വീണ്ടും ജനങ്ങൾക്ക് മേൽ സാമ്പത്തിക ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

രാജ്യത്ത് വലിയൊരു സാമ്പത്തിക പ്രതിസന്ധി വരാൻ പോകുകയാണെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും, എന്നാൽ തെരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്ന പ്രധാനമന്ത്രി അത് പതിവുപോലെ അവഗണിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് വൻ വാഗ്ദാനങ്ങൾ നൽകുകയും ബാക്കി സമയങ്ങളിൽ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുക എന്നത് മാത്രമാണ് കേന്ദ്ര സർക്കാരിന്റെ ജോലിയെന്നും, ഈ വിലവർദ്ധനവ് ഇനിയും തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കി രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് ഇന്ന് ഇന്ധനവില വർദ്ധിപ്പിച്ചത്. ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമായി വില കുതിച്ചുയർന്നു.

കഴിഞ്ഞ മെയ് 15-ന് മൂന്ന് രൂപ വീതവും, മെയ് 19-ന് 90 പൈസ വീതവും, മെയ് 23-ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കൂട്ടിയത്.

ഇതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പെട്രോളിനും ഡീസലിനും എട്ട് രൂപയോളമാണ് രാജ്യത്ത് വർദ്ധിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361641/content-highlights-rahul-gandhi-says-modi-is-picking-peoples-pockets)