---
title: "വണ്ടി വാങ്ങാൻ പ്ലാനുണ്ടോ? ജൂൺ ഒന്നിന് മുമ്പ് വാങ്ങിയാൽ ലാഭം; മാരുതി കാറുകളുടെ പുതിയ നിരക്കുകൾ ഇങ്ങനെ "
english_title: "Content highlight:-Maruti Suzuki to increase vehicle prices from June"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361580/content-highlight-maruti-suzuki-to-increase-vehicle-prices-from-june"
published_at: "2026-05-25T11:37:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13e8463d990_maruthi_car.jpg"
keywords: ["Maruti Suzuki", "Car", "Price"]
---

# വണ്ടി വാങ്ങാൻ പ്ലാനുണ്ടോ? ജൂൺ ഒന്നിന് മുമ്പ് വാങ്ങിയാൽ ലാഭം; മാരുതി കാറുകളുടെ പുതിയ നിരക്കുകൾ ഇങ്ങനെ 

> **Lead Summary:** **[**രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ജൂൺ മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു. വിവിധ മോഡലുകൾക്ക് 30,000 രൂപ വരെയാണ് വില വർധിക്കുക. നിർമാണച്ചെലവ് ക്രമാതീതമായി ഉയരുന്നതും വിപണിയിലെ പണപ്പെരുപ്പവുമാണ് വില കൂട്ടാൻ കമ്പനിയെ നിർബന്ധിതമാക്കിയത്. ജൂൺ 1 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.

## Article Content

**[**രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ജൂൺ മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു. വിവിധ മോഡലുകൾക്ക് 30,000 രൂപ വരെയാണ് വില വർധിക്കുക. നിർമാണച്ചെലവ് ക്രമാതീതമായി ഉയരുന്നതും വിപണിയിലെ പണപ്പെരുപ്പവുമാണ് വില കൂട്ടാൻ കമ്പനിയെ നിർബന്ധിതമാക്കിയത്. ജൂൺ 1 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.

ഏതാനും മാസങ്ങളായി മറ്റ് ചിലവുകൾ ചുരുക്കിക്കൊണ്ട് വില വർധനവ് പരമാവധി ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഈ കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടി വന്നതായി കമ്പനി ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.

എല്ലാ കാറുകൾക്കും ഒരേ തോതിലായിരിക്കില്ല വില വർധന. മോഡലുകൾക്കും അവയുടെ വേരിയന്റുകൾക്കും അനുസരിച്ചായിരിക്കും മാറ്റം. എങ്കിലും മാരുതിയുടെ എൻട്രി-ലെവൽ ചെറു കാറുകൾ മുതൽ പ്രീമിയം എസ്‌യുവികളും എംപിവികളും ഉൾപ്പെടുന്ന മുഴുവൻ മോഡലുകളെയും ഈ വിലവർധന ബാധിക്കും.

നേരത്തെ ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ മുൻനിര കമ്പനികളും സമാനമായ രീതിയിൽ വിലവർധന പ്രഖ്യാപിച്ചിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലയും ലോജിസ്റ്റിക്സ് (ട്രാൻസ്പോർട്ടേഷൻ) ചെലവുകളും ഉയർന്നതാണ് കാർ നിർമാണ മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്നത്.

ചെറു കാറുകൾക്കുള്ള ജി.എസ്.ടി കുറച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ചില മോഡലുകളുടെ വില മാരുതി കുറച്ചിരുന്നു. എന്നാൽ പുതിയ വിലവർധനവിലൂടെ ആ ആനുകൂല്യത്തിന്റെ ഒരു വലിയ ഭാഗം ഉപഭോക്താക്കൾക്ക് നഷ്ടപ്പെടും. ഇന്ധനവില വർധനവിനൊപ്പം വാഹനവിലയും ഉയരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തികഭാരമാണ് ഉണ്ടാക്കുക. ഇത് വിപണിയിൽ എൻട്രി-ലെവൽ വാഹനങ്ങളുടെ ഡിമാൻഡ് കുറച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361580/content-highlight-maruti-suzuki-to-increase-vehicle-prices-from-june)