---
title: "ഇതെന്ത് ഫാൻസിസം? ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസീക്കയ്ക്ക് നേരെ ഇന്ത്യൻ ആരാധകരുടെ സൈബർ ആക്രമണം"
english_title: "Travis Head's wife Jessica gets cyberattacked by Indian fans"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361571/travis-heads-wife-jessica-gets-cyberattacked-by-indian-fans"
published_at: "2026-05-25T11:25:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13e4bea25c2_VIRAT_KOLI.jpg"
keywords: ["Latest News", "Sports", "Travis", "Virat koli", "Travis Wife", "Cricket"]
---

# ഇതെന്ത് ഫാൻസിസം? ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസീക്കയ്ക്ക് നേരെ ഇന്ത്യൻ ആരാധകരുടെ സൈബർ ആക്രമണം

> **Lead Summary:** ബെംഗളൂരു: **[** ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും നാണക്കേടായി മാറ്റിനിർത്താനാകാത്ത സൈബർ ആക്രമണം. ഐ.പി.എൽ മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോലിയും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസീസ് താരം ട്രാവിസ് ഹെഡും തമ്മിൽ മൈതാനത്ത് തർക്കമുണ്ടായതിന് പിന്നാലെയാണ് സംഭവം. ഹെഡിന്റെ ഭാര്യ ജെസീക്ക ഹെഡിന് നേരെ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത അധിക്ഷേപങ്ങളും മോശം പ്രയോഗങ്ങളും ഉയരുകയാണ്.

## Article Content

ബെംഗളൂരു: **[** ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും നാണക്കേടായി മാറ്റിനിർത്താനാകാത്ത സൈബർ ആക്രമണം. ഐ.പി.എൽ മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോലിയും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസീസ് താരം ട്രാവിസ് ഹെഡും തമ്മിൽ മൈതാനത്ത് തർക്കമുണ്ടായതിന് പിന്നാലെയാണ് സംഭവം. ഹെഡിന്റെ ഭാര്യ ജെസീക്ക ഹെഡിന് നേരെ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത അധിക്ഷേപങ്ങളും മോശം പ്രയോഗങ്ങളും ഉയരുകയാണ്.

ആർ.സി.ബി - സൺറൈസേഴ്‌സ് മത്സരത്തിലുടനീളം വിരാട് കോലി ട്രാവിസ് ഹെഡിനെ സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. നോൺ-സ്ട്രൈക്കർ എൻഡിൽ നിന്ന ഹെഡിനെ പന്തെറിയാൻ വെല്ലുവിളിക്കുകയും മാറിപ്പോകാൻ ആംഗ്യം കാണിക്കുകയും ചെയ്ത കോലിക്ക്, താൻ എറിഞ്ഞ പതിനെട്ടാം ഓവറിലെ രണ്ടാം പന്തിൽ തന്നെ ആർ.സി.ബി ക്യാപ്റ്റൻ രജത് പാടിദാറിനെ പുറത്താക്കിക്കൊണ്ട് ഹെഡ് മറുപടി നൽകി. ഫീൽഡിംഗ് പൊസിഷൻ മാറുന്നതിനിടയിലും ഇരുവരും നേർക്കുനേർ വന്നിരുന്നു. എന്നാൽ നാടകീയ രംഗങ്ങൾ കളി കഴിഞ്ഞും അവസാനിച്ചില്ല; മത്സരശേഷം കോലി ഹെഡിന് ഹസ്തദാനം നൽകാതെ ഒഴിഞ്ഞുമാറിപ്പോകുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

കോലിയെപ്പോലൊരു സീനിയർ താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം വിമർശിക്കപ്പെടുന്നതിനിടയിലാണ് ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസീക്കയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ സൈബർ ആക്രമണമുണ്ടായത്. ഇതാദ്യമായല്ല ജെസീക്ക ഇന്ത്യൻ ഫാൻസിന്റെ സൈബർ ആക്രമണം നേരിടുന്നത്.

2023 ഏകദിന ലോകകപ്പ് ഫൈനലിൽ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് ട്രാവിസ് ഹെഡ് എടുത്തതിന് പിന്നാലെയും ജെസീക്കയ്ക്ക് നേരെ സമാനമായ സൈബർ ആക്രമണം നടന്നിരുന്നു. ലോകകപ്പിന് ശേഷം നടന്ന ക്രൂരമായ സൈബർ ആക്രമണത്തിന്റെ ആവർത്തനമായാണ് ഇപ്പോഴത്തെ സംഭവവും തോന്നുന്നത് എന്നായിരുന്നു ജെസീക്കയുടെ പ്രതികരണം. കായികപരമായ മത്സരങ്ങളെ വ്യക്തിപരമായി എടുത്ത് താരങ്ങളുടെ കുടുംബത്തെ വേട്ടയാടുന്ന ഫാൻസ് ഗ്രൂപ്പുകൾക്കെതിരെ കായികലോകത്ത് നിന്ന് വലിയ വിമർശനമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361571/travis-heads-wife-jessica-gets-cyberattacked-by-indian-fans)