---
title: "വീട്ടിലേക്ക് ക്ഷണിച്ചത് അമ്മായിയമ്മ...! പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം, പുരോഹിതൻ അറസ്റ്റിൽ"
english_title: "Content Highlights:- Priest Arrested For Trying To Rape Married Woman During Puja"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361566/content-highlights-priest-arrested-for-trying-to-rape-married-woman-during-puja"
published_at: "2026-05-25T11:15:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13e2b1a571e_Priest_Arrested_for_rapecase.jpg"
keywords: ["Latest News", "Rape Case", "Arrest", "Priest", "Bhopal"]
---

# വീട്ടിലേക്ക് ക്ഷണിച്ചത് അമ്മായിയമ്മ...! പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം, പുരോഹിതൻ അറസ്റ്റിൽ

> **Lead Summary:** ഭോപ്പാൽ: പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പുരോഹിതൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛിന്ദ്വാരയിലാണ് സംഭവം. സ്ത്രീയുടെ പരാതി പ്രകാരം, ഏപ്രിൽ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ പണ്ഡിറ്റ് ഗണേഷ് പ്രസാദ് സരളിനെ പരാതിക്കാരിയുടെ അമ്മായിയമ്മയാണ് മതപരമായ ചടങ്ങുകൾ നടത്തുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ചത്.

## Article Content

ഭോപ്പാൽ: പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പുരോഹിതൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛിന്ദ്വാരയിലാണ് സംഭവം. സ്ത്രീയുടെ പരാതി പ്രകാരം, ഏപ്രിൽ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ പണ്ഡിറ്റ് ഗണേഷ് പ്രസാദ് സരളിനെ പരാതിക്കാരിയുടെ അമ്മായിയമ്മയാണ് മതപരമായ ചടങ്ങുകൾ നടത്തുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ചത്.

യുവതി തന്റെ മുറിയിൽ വീട്ടുജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇയാൾ അകത്തുകയറി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം മേയ് 18-നാണ് കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

''പരാതിയെത്തുടർന്ന് പ്രാഥമിക അന്വേഷണം നടത്തുകയും, സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി വൈകി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിശദമായ അന്വേഷണം നടന്നു വരികയാണ്''- കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ആശിഷ് ധുർവെ മാധ്യമങ്ങളോട് പറഞ്ഞു.

പരാതിക്കാരിയുടെ സ്വന്തം വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. പൂജയ്ക്കായി പ്രതിയെ വീട്ടിലേക്ക് വിളിച്ചതായി അമ്മായിയമ്മയും സമ്മതിച്ചിട്ടുണ്ട്. ഈ സമയത്താണ് പ്രതി തന്നോട് മോശമായി പെരുമാറിയതെന്ന് അതിജീവിതയുടെ പരാതിയിൽ പറയുന്നത്. ഛിന്ദ്വാരയിൽ നടന്ന ആറ് ദിവസം നീണ്ടുനിന്ന മതപ്രഭാഷണ പരിപാടി അവസാനിക്കുകയും ഭക്തർ സ്ഥലത്തുനിന്ന് പിരിഞ്ഞുപോകുകയും ചെയ്ത ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

നഗരത്തിൽ സംഘടിപ്പിച്ച മതപരമായ ചടങ്ങിൽ ദിവസവും വൻ ജനക്കൂട്ടമാണ് എത്തിയിരുന്നത്. പരിപാടിയുടെ സംഘാടക സമിതി അംഗങ്ങളും ഏതാനും അനുയായികളും മാത്രം സ്ഥലത്തുണ്ടായിരുന്ന രാത്രി വൈകിയാണ് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361566/content-highlights-priest-arrested-for-trying-to-rape-married-woman-during-puja)