---
title: "ജമ്മു കശ്മീരിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി"
english_title: "Content Highlights:- 12-year-old girl found raped and murdered in Jammu and Kashmir"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361555/content-highlights-12-year-old-girl-found-raped-and-murdered-in-jammu-and-kashmir"
published_at: "2026-05-25T10:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13dd521960a_raped_and_murdered.jpg"
keywords: ["Latest News", "Jammu Kashmir", "Budgam Minor Girl Assault Case"]
---

# ജമ്മു കശ്മീരിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

> **Lead Summary:** ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഗാൽവാൻപോറ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. വീടിന് 200 മീറ്റർ മാത്രം അകലെയുള്ള പാടത്താണ് മൃതദേഹം കിടന്നിരുന്നത്.

## Article Content

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഗാൽവാൻപോറ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. വീടിന് 200 മീറ്റർ മാത്രം അകലെയുള്ള പാടത്താണ് മൃതദേഹം കിടന്നിരുന്നത്.

പ്രാഥമിക നി​ഗമനത്തിൽ ഇത് ബലാത്സംഗവും കൊലപാതകവുമാണെന്ന് വ്യക്തമാക്കിയ പൊലീസ്, സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് വ്യാപക ജനരോഷം ഉണ്ടായി.

ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ മതപഠനത്തിനായി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഞായറാഴ്ച രാവിലെ 7.15 ഓടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി കൈയിൽ കരുതിയിരുന്ന ഖുറാൻ പാടത്ത് നിന്നും കണ്ടെടുത്തു. പ്രദേശത്ത് നിരവധി വീടുകളുണ്ടായിട്ടും കുട്ടിയെ കാണാതായതിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അന്വേഷണം തികച്ചും സുതാര്യവും ഊർജ്ജിതവുമായിരിക്കുമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ബുദ്ഗാം എസ്എസ്പി ഹരിപ്രസാദ് കെ കെ അറിയിച്ചു. കേസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്നും പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

> സംഭവത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു. "നമ്മുടെ കൊച്ചുകുട്ടികൾക്ക് പോലും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു സമൂഹം എന്ന നിലയിൽ നമ്മൾ എവിടേക്കാണ് പോകുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്" എന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ അന്വേഷണ ഏജൻസികൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361555/content-highlights-12-year-old-girl-found-raped-and-murdered-in-jammu-and-kashmir)