---
title: "കൊലയാളി അച്ഛൻ! മകളെ കൊന്ന് സെപ്റ്റിക് ടാങ്കിലെറിഞ്ഞു; തട്ടിക്കൊണ്ടുപോയെന്ന നാടകം പൊളിഞ്ഞത് പോലീസിന്റെ ചോദ്യം ചെയ്യലിൽ"
english_title: "Content Highlights:- Father kills 10-month-old baby girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361526/content-highlights-father-kills-10-month-old-baby-girl"
published_at: "2026-05-25T09:34:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0becf65099f_crime.jpg"
keywords: ["Latest News", "Crime News", "Murder"]
---

# കൊലയാളി അച്ഛൻ! മകളെ കൊന്ന് സെപ്റ്റിക് ടാങ്കിലെറിഞ്ഞു; തട്ടിക്കൊണ്ടുപോയെന്ന നാടകം പൊളിഞ്ഞത് പോലീസിന്റെ ചോദ്യം ചെയ്യലിൽ

> **Lead Summary:** **ന്യൂഡൽഹി: ** ഡൽഹി മുകുന്ദ്പൂരിൽ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്.

## Article Content

**ന്യൂഡൽഹി: ** ഡൽഹി മുകുന്ദ്പൂരിൽ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്.

കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ പിതാവാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയായ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. കൃത്യം നടത്തുന്നതിന് മുമ്പായി പ്രതി തന്റെ ഭാര്യയ്ക്കും മൂത്ത മകൾക്കും ലഹരിപദാർത്ഥം കലർത്തിയ ആഹാരമോ പാനീയമോ നൽകി ബോധം കെടുത്തുകയായിരുന്നു.

തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. നിലവിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

ഞായറാഴ്ച രാവിലെ പാൽ വാങ്ങാനായി പിതാവ് പുറത്തുപോയ സമയത്ത് കുഞ്ഞിനെ കാണാതായെന്നായിരുന്നു കുടുംബം ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, ചോദ്യം ചെയ്യലിൽ പിതാവിന്റെ മൊഴികളിലെ വൈരുധ്യമാണ് പൊലീസിന് സംശയമുണ്ടാക്കിയത്. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

കൊലപാതകത്തിൽ മറ്റ് കുടുംബാംഗങ്ങൾക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്നറിയാൻ പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. തന്റെ മകൻ രാവിലെ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിയുന്നതെന്ന് കുഞ്ഞിന്റെ മുത്തശ്ശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭർത്താവ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ താനും മൂത്ത മകളും ബോധരഹിതരായ നിലയിലായിരുന്നുവെന്നാണ് കുഞ്ഞിന്റെ അമ്മ സൂര്യ പൊലീസിന് നൽകിയ മൊഴി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361526/content-highlights-father-kills-10-month-old-baby-girl)