---
title: "പെൻഷൻ വാങ്ങാൻ 90കാരിയെ തോളിലേറ്റി  കിലോമീറ്ററോളം നടന്ന് മരുമകൾ; കാട്ടുപാത താണ്ടിയത് 500 രൂപയ്ക്കായി "
english_title: "Content highlight:-Daughter-in-law carries mother-in-law on shoulders to collect pension"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361522/content-highlight-daughter-in-law-carries-mother-in-law-on-shoulders-to-collect-pension"
published_at: "2026-05-25T09:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13c6ae8e4ff_dfsd.jpg"
keywords: ["latest news", "Pension", "National"]
---

# പെൻഷൻ വാങ്ങാൻ 90കാരിയെ തോളിലേറ്റി  കിലോമീറ്ററോളം നടന്ന് മരുമകൾ; കാട്ടുപാത താണ്ടിയത് 500 രൂപയ്ക്കായി 

> **Lead Summary:** സർഗുജ: **[**സർക്കാർ നൽകുന്ന തുച്ഛമായ ക്ഷേമപെൻഷൻ കൈപ്പറ്റാൻ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി 50-കാരിയായ മരുമകൾ നടന്നത് ഒൻപത് കിലോമീറ്റർ. ഛത്തീസ്‌ഗഡിലെ സർഗുജ ജില്ലയിലെ മയിൻപത് മേഖലയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. സുകുമനിയ ബായി എന്ന ദളിത് സ്ത്രീയാണ് തന്റെ വയോധികയായ അമ്മായിഅമ്മയ്ക്കായി ബാങ്കിലേക്ക് വനത്തിലൂടെ നടന്നെത്തിയത്. കാടിനുള്ളിലൂടെ കല്ലും മുള്ളും നിറഞ്ഞ ദുർഘടമായ പാത മുഴുവനും 90-കാരിയെ ഇവർ ചുമലിലേറ്റുകയായിരുന്നു.

## Article Content

സർഗുജ: **[**സർക്കാർ നൽകുന്ന തുച്ഛമായ ക്ഷേമപെൻഷൻ കൈപ്പറ്റാൻ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി 50-കാരിയായ മരുമകൾ നടന്നത് ഒൻപത് കിലോമീറ്റർ. ഛത്തീസ്‌ഗഡിലെ സർഗുജ ജില്ലയിലെ മയിൻപത് മേഖലയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. സുകുമനിയ ബായി എന്ന ദളിത് സ്ത്രീയാണ് തന്റെ വയോധികയായ അമ്മായിഅമ്മയ്ക്കായി ബാങ്കിലേക്ക് വനത്തിലൂടെ നടന്നെത്തിയത്. കാടിനുള്ളിലൂടെ കല്ലും മുള്ളും നിറഞ്ഞ ദുർഘടമായ പാത മുഴുവനും 90-കാരിയെ ഇവർ ചുമലിലേറ്റുകയായിരുന്നു.

ഛത്തീസ്‌ഗഡിൽ പ്രതിമാസം 500 രൂപയാണ് ക്ഷേമപെൻഷൻ. കഴിഞ്ഞ നാല് മാസമായി കെ.വൈ.സി  അപ്ഡേറ്റ് ചെയ്തില്ലെന്ന കാരണത്താൽ ഇവർക്ക് പെൻഷൻ ലഭിച്ചിരുന്നില്ല. ഇത്തവണ കെ.വൈ.സി പൂർത്തിയാക്കുന്നതിനും വിരലടയാളം പതിപ്പിക്കുന്നതിനും ഉപഭോക്താവ് നേരിട്ട് ബാങ്കിലെത്തണമെന്ന് അധികൃതർ നിർബന്ധം പിടിച്ചു. വനത്തിനുള്ളിൽ കഴിയുന്ന, യാതൊരു വാഹനസൗകര്യവുമില്ലാത്ത പാവപ്പെട്ട കുടുംബത്തിന് ഇത് വലിയ തിരിച്ചടിയായി.

മരുമകൾ അമ്മായിയമ്മയെ പുറത്തുചുമന്ന് കാട്ടുപാതയിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നു. വയോധികർക്കും അവശർക്കും പെൻഷൻ വീട്ടിൽ എത്തിച്ചു നൽകണമെന്ന ഉത്തരവ് നിലനിൽക്കെയാണ് ഉദ്യോഗസ്ഥർ ഈ ക്രൂരത കാട്ടിയത്.

സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ടു. കുടിശ്ശികയായിരുന്ന പെൻഷൻ തുക 90-കാരിക്ക് ഉടൻ കൈമാറാൻ നിർദ്ദേശിച്ചു. 'ബാങ്ക് മിത്ര' വഴി പെൻഷൻ വീട്ടിലെത്തിച്ചിരുന്ന സംവിധാനം കെ.വൈ.സി പ്രശ്നം കാരണമാണ് തടസ്സപ്പെട്ടതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361522/content-highlight-daughter-in-law-carries-mother-in-law-on-shoulders-to-collect-pension)