---
title: "ഗൺമാന്മാരുടെ മർദ്ദനം: ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിച്ചത് എഡിജിപി അജിത് കുമാര്‍; തെളിവ് നിരത്തി ഉദ്യോഗസ്ഥര്‍, നടപടിക്ക് സാധ്യത"
english_title: " Content Highlights:- ADGP MR Ajith Kumar Accused Of Sabotaging Assault Case Against CM Gunmen In Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361506/content-highlights-adgp-mr-ajith-kumar-accused-of-sabotaging-assault-case-against-cm-gunmen-in-alappuzha"
published_at: "2026-05-25T08:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13ba354abf8_gunmen_attack_case.jpg"
keywords: ["Latest News", "Gunmen Attack Case", "ADGP MR Ajith Kumar", "Nava Kerala Yathra", "SIT"]
---

# ഗൺമാന്മാരുടെ മർദ്ദനം: ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിച്ചത് എഡിജിപി അജിത് കുമാര്‍; തെളിവ് നിരത്തി ഉദ്യോഗസ്ഥര്‍, നടപടിക്ക് സാധ്യത

> **Lead Summary:** തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് കുരുക്കായി പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി.

## Article Content

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് കുരുക്കായി പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി.

ഗണ്‍മാന്‍മാരെ ചോദ്യംചെയ്യുന്നത് അജിത് കുമാര്‍ തടഞ്ഞുവെന്നും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ അനുവദിച്ചില്ലെന്നുമാണ് മൊഴി. തെളിവുകള്‍ ശേഖരിക്കാന്‍ തടസം നിന്നെന്നും കേസ് ഡയറിയും അന്തിമ അന്വേഷണ റിപ്പോര്‍ട്ടും തിരുത്തിച്ചെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. കേസ് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. രണ്ട് ഡിവൈഎസ്പിമാരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ഒരു എസ്‌ഐയുമാണ് മൊഴി നല്‍കിയത്.

അജിത് കുമാറിനെതിെര കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിന് ശേഷം മാത്രമാകും എഡിജിപിക്കെതിരെ റിപ്പോര്‍ട്ട് നല്‍കുക. എസ്‌ഐയെ അധിക്ഷേപിച്ചതടക്കം റിപ്പോര്‍ട്ടിലുണ്ടാകും എന്നാണ് വിവരം. ഉദ്യോഗസ്ഥന്‍ തല കറങ്ങി വീണതിന്റെ മെഡിക്കല്‍ രേഖകളും തിരിച്ചടിയാകും. കേസ് അട്ടിമറിച്ചതില്‍ അജിത് കുമാറിനെ പ്രതി ചേര്‍ത്തേക്കും.

അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരും പ്രതികളാകും. കേസ് അന്വേഷിച്ച ഡിവൈഎസ്പിയെ മാപ്പുസാക്ഷിയാക്കാനും ആലോചനയുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര വകുപ്പാകും എടുക്കുക.  

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം' ചട്ടലംഘനവും സുരക്ഷാവീഴ്ച്ചയുമാണ് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ റിപ്പോര്‍ട്ട് ഇന്ന് എസ്‌ഐടി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. പ്രതികളായ അഞ്ചുപേര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയുണ്ടാകും. ചട്ടലംഘനത്തിന് പുറമേ സുരക്ഷാവീഴ്ച്ചയും ചൂണ്ടിക്കാണിക്കും.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്ന കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ടാകും. അഞ്ചുപേരെയും സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. ചുമത്തുന്ന വകുപ്പുകളിലും ഇന്ന് തീരുമാനമുണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361506/content-highlights-adgp-mr-ajith-kumar-accused-of-sabotaging-assault-case-against-cm-gunmen-in-alappuzha)