---
title: "'​മിസ്റ്റർ ചീഫ് മിനിസ്റ്റർ ഇനി ഈ കള്ളം പറയരുത്.... എങ്ങനെയാണ് പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുക?' -എ എ റഹീം"
english_title: "Content Highlights:- AA Rahim responds to Chief Minister VD Satheesan's allegation that the treasury is empty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361494/content-highlights-aa-rahim-responds-to-chief-minister-vd-satheesans-allegation-that-the-treasury-is-empty"
published_at: "2026-05-24T22:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db095c63645_rahim.jpg"
keywords: []
---

# '​മിസ്റ്റർ ചീഫ് മിനിസ്റ്റർ ഇനി ഈ കള്ളം പറയരുത്.... എങ്ങനെയാണ് പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുക?' -എ എ റഹീം

> **Lead Summary:** **കൊച്ചി: ** 8793 കോടി രൂപയുടെ ചിലവ് താങ്ങാൻ ശേഷിയുള്ള ഒരു ഖജനാവിനെ നോക്കി മിസ്റ്റർ ചീഫ് മിനിസ്റ്റർ താങ്കൾക്ക് എങ്ങനെയാണ് പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുകയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ എ റഹീം.

## Article Content

**കൊച്ചി: ** 8793 കോടി രൂപയുടെ ചിലവ് താങ്ങാൻ ശേഷിയുള്ള ഒരു ഖജനാവിനെ നോക്കി മിസ്റ്റർ ചീഫ് മിനിസ്റ്റർ താങ്കൾക്ക് എങ്ങനെയാണ് പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുകയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ എ റഹീം.

സംസ്ഥാന ഖജനാവ് കാലിയാണെന്നും പൂച്ചപെറ്റുകിടക്കുകയാണെന്നും നയാപൈസയില്ലെന്നും നിരന്തരം പരിഹസിച്ച യുഡിഎഫ് നേതാക്കൾക്കുള്ള വ്യക്തമായ മറുപടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ ഔദ്യോഗിക ആർബിഐ രേഖയെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ എ എ റഹീം ചൂണ്ടിക്കാണിക്കുന്നുണ്ട്.

മിസ്റ്റർ ചീഫ് മിനിസ്റ്റർ ഇനി ഈ കള്ളം പറയരുത്, ഇതാ വിവരാവകാശ രേഖയെന്ന തലക്കെട്ടോടെയാണ് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

***

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം**

**​മിസ്റ്റർ ചീഫ് മിനിസ്റ്റർ ഇനി ഈ കള്ളം പറയരുത്, ഇതാ വിവരാവകാശ രേഖ.***

***8793 കോടി രൂപയുടെ ചിലവ് താങ്ങാൻ ശേഷിയുള്ള ഒരു ഖജനാവിനെ നോക്കി മിസ്റ്റർ ചീഫ് മിനിസ്റ്റർ താങ്കൾക്ക് എങ്ങനെയാണു പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുക???***

***​സംസ്ഥാന ഖജനാവ് കാലിയാണെന്നും പൂച്ചപെറ്റുകിടക്കുകയാണെന്നും നയാപൈസയില്ലെന്നും നിരന്തരം പരിഹസിച്ച യു.ഡി.എഫ് നേതാക്കൾക്കുള്ള വ്യക്തമായ മറുപടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ ഔദ്യോഗിക ആർ.ബി.ഐ രേഖ.***

***​കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതങ്ങൾ ബോധപൂർവ്വം നിഷേധിച്ച്, ഒരു വലിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ കാലഘട്ടത്തെയാണ് ഇടതുപക്ഷ സർക്കാർ അതിജീവിച്ചത്.***

***ജനങ്ങളെ ദ്രോഹിക്കാതെ, ക്ഷേമ പെൻഷനുകൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ അർഹമായ അവകാശങ്ങൾ പരമാവധി കൊടുത്തുതീർത്തുകൊണ്ടാണ് എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്.***

***2026 മെയ് 1-ലെ റിസർവ് ബാങ്കിന്റെ ഒഫീഷ്യൽ 'Daily Position' റിപ്പോർട്ട് പ്രകാരം, യൂണിയൻ സർക്കാരിന്റെ ട്രഷറി ബില്ലുകളിൽ കേരളത്തിനുള്ള നിക്ഷേപം 5,429.01 കോടി രൂപയാണ്!***

***സംസ്ഥാന ട്രഷറിയിലെ മിനിമം ബാലൻസിന് മുകളിൽ വരുന്ന തുക ആർ.ബി.ഐ വഴി കേന്ദ്ര ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്ന സാധാരണ സാമ്പത്തിക ക്രമീകരണമാണിത്. മെയ് ഒന്നിന് മാത്രം 165.19 കോടി രൂപ ഇങ്ങനെ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ***

***മുൻ ദിവസങ്ങളിലെ തുകയടക്കമാണ് ഈ 5429 കോടി രൂപയായി കാണിക്കുന്നത്. ഏപ്രിൽ മാസത്തെ ഭീമമായ ചെലവുകൾക്ക് ശേഷവും മെയ് മാസത്തെ ശമ്പള-പെൻഷൻ വിതരണത്തിന് തൊട്ടു മുൻപായി കൃത്യമായ പണലഭ്യത ഉറപ്പാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.***

***​ഇതിനുപുറമേ, അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനത്തിന് ഉപയോഗിക്കാവുന്ന സ്പെഷ്യൽ ഡ്രോയിംഗ് ഫെസിലിറ്റി ഇനത്തിൽ 3363 കോടി രൂപയുടെ ക്രെഡിറ്റ് പരിധിയും ലഭ്യമാണ്. ചുരുക്കത്തിൽ, കൃത്യമായ പ്ലാനിങ്ങോടെയുള്ള ഫണ്ട് മാനേജ്‌മെന്റാണ് ഇവിടെ നടന്നിരിക്കുന്നത്.***

***സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ ഖജനാവിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കുന്നതിൽ ഒന്നും രണ്ടും പിണറായി സർക്കാരുകൾ പുലർത്തിയ ധനകാര്യ സൂക്ഷ്മതയും മാനേജ്‌മെന്റ് മികവുമാണ് ഈ ആർ.ബി.ഐ രേഖ അടിവരയിടുന്നത്.***

***​ഇടതുപക്ഷം കെട്ടിപ്പടുത്ത ഈ ശക്തമായ സാമ്പത്തിക അടിത്തറയെ,ജനങ്ങളെ ദ്രോഹിക്കാതെ തുടർന്നു കൊണ്ടു പോകാൻ യുഡിഎഫ് സർക്കാരിന് കഴിയുമോ എന്നാണ് കാലം കാത്തിരിക്കുന്ന ഉത്തരം.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361494/content-highlights-aa-rahim-responds-to-chief-minister-vd-satheesans-allegation-that-the-treasury-is-empty)