---
title: "കുടിക്കുന്നത് പാലല്ല, മാരക വിഷം! ഡിറ്റർജെന്റും യൂറിയയും ചേർത്ത വ്യാജ പാൽ തിരിച്ചറിയാൻ വീട്ടിൽ തന്നെ ചെയ്യാം ഈ അഞ്ച് പരീക്ഷണങ്ങൾ"
english_title: "Content Highlights:-  These five tests can be done at home to identify fake milk containing detergent and urea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361458/content-highlights-these-five-tests-can-be-done-at-home-to-identify-fake-milk-containing-detergent-and-urea"
published_at: "2026-05-24T17:08:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12e3e576c4c_milk.jpg"
keywords: ["Health", "Health Tips", "Fake Milk Test"]
---

# കുടിക്കുന്നത് പാലല്ല, മാരക വിഷം! ഡിറ്റർജെന്റും യൂറിയയും ചേർത്ത വ്യാജ പാൽ തിരിച്ചറിയാൻ വീട്ടിൽ തന്നെ ചെയ്യാം ഈ അഞ്ച് പരീക്ഷണങ്ങൾ

> **Lead Summary:** **[**ഭക്ഷണസാധനങ്ങളിൽ മായം കലർന്നിട്ടുണ്ടെന്ന വാർത്തകൾ പലപ്പോഴായി നമ്മൾ കേൾക്കാറുണ്ട്. എന്നാൽ പാലിലും വലിയ തോതിൽ മായം കലരുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? അതും ഡിറ്റർജെന്റ്, യൂറിയ പോലുള്ള മാരക വസ്തുക്കൾ! അടുത്തിടെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്ന് 1,400 ലിറ്ററും, ആഗ്രയിൽ നിന്ന് 450 ലിറ്ററും വ്യാജപാലാണ് അധികൃതർ പിടിച്ചെടുത്തത്. പരിശോധനയിൽ ഈ പാലിൽ ഡിറ്റർജെന്റ്, യൂറിയ, സ്റ്റാർച്ച് (അന്നജം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.

## Article Content

**[**ഭക്ഷണസാധനങ്ങളിൽ മായം കലർന്നിട്ടുണ്ടെന്ന വാർത്തകൾ പലപ്പോഴായി നമ്മൾ കേൾക്കാറുണ്ട്. എന്നാൽ പാലിലും വലിയ തോതിൽ മായം കലരുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? അതും ഡിറ്റർജെന്റ്, യൂറിയ പോലുള്ള മാരക വസ്തുക്കൾ! അടുത്തിടെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്ന് 1,400 ലിറ്ററും, ആഗ്രയിൽ നിന്ന് 450 ലിറ്ററും വ്യാജപാലാണ് അധികൃതർ പിടിച്ചെടുത്തത്. പരിശോധനയിൽ ഈ പാലിൽ ഡിറ്റർജെന്റ്, യൂറിയ, സ്റ്റാർച്ച് (അന്നജം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.

മായം ചേർത്ത പാൽ ശരീരത്തിന് വരുത്തുന്ന ദോഷങ്ങൾ

മായം കലർന്ന പാൽ ഉപയോഗിക്കുന്നത് കരൾ, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കാൻ സാധ്യതയുള്ളതാണ്.

പാലിൽ മായം കലർന്നിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

പാൽ വാങ്ങുമ്പോൾ അതിന്റെ നിറം, മണം എന്നിവ പ്രത്യേകം പരിശോധിക്കേണ്ടതാണ്. അസ്വാഭാവികമായി നന്നായി വെളുത്തതോ അല്ലെങ്കിൽ അമിതമായി നുരയുന്നതോ ആയ പാലിൽ മായം കലർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ട്. വില വളരെ കുറച്ച് ലഭിക്കുന്നതോ, വൃത്തിഹീനമായ സാഹചര്യങ്ങളിൽ വിൽക്കുന്നതോ ആയ പാൽ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. വിശ്വസനീയമായ ഡയറികളിൽ നിന്നോ അംഗീകൃത കമ്പനികളുടെ പാക്കറ്റ് പാലോ വാങ്ങാൻ ശ്രമിക്കുക.

വീടുകളിൽ വെച്ചുതന്നെ പാലിന്റെ ഗുണനിലവാരം പരിശോധിക്കാൻ ചില എളുപ്പവഴികൾ ഇതാ:

1. വെള്ളം ചേർത്തിട്ടുണ്ടോ?

ഒരു തുള്ളി പാൽ മിനുസമാർന്നതും ചരിഞ്ഞതുമായ ഒരു പ്രതലത്തിലേക്ക് (ഉദാഹരണത്തിന് ടൈൽസ് അല്ലെങ്കിൽ കല്ല്) ഒഴിക്കുക. പാൽത്തുള്ളി പതുക്കെ താഴേക്ക് ഒഴുകുകയും ഒരു വെളുത്ത വര പ്രതലത്തിൽ അവശേഷിക്കുകയും ചെയ്താൽ അത് ശുദ്ധമായ പാലാണ്. എന്നാൽ പാൽത്തുള്ളി വേഗത്തിൽ ഒഴുകിപ്പോകുകയും അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതിരിക്കുകയും ചെയ്താൽ അതിൽ വെള്ളം കലർന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

2. ഡിറ്റർജെന്റ് കലർന്നിട്ടുണ്ടോ?

ഒരു കുപ്പിയിലേക്ക് കുറച്ച് പാലൊഴിച്ച് ശക്തിയായി കുലുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അമിതമായി നുര രൂപപ്പെടുകയും, ആ നുര ദീർഘനേരം നിലനിൽക്കുകയും ചെയ്താൽ അതിൽ ഡിറ്റർജെന്റ് അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.

3. അന്നജം (സ്റ്റാർച്ച്) അടങ്ങിയിട്ടുണ്ടോ?

പാൽ അല്പം തിളപ്പിച്ച ശേഷം തണുക്കാൻ അനുവദിക്കുക. ഇതിലേക്ക് അല്പം അയോഡിൻ ലായനി ചേർക്കുക. പാലിന്റെ നിറം നീലയായി മാറുകയാണെങ്കിൽ അതിൽ അന്നജം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം.

4. സിന്തറ്റിക് പാൽ എങ്ങനെ തിരിച്ചറിയാം?

സിന്തറ്റിക് പാലിന് അല്പം കൈപ്പോ അല്ലെങ്കിൽ സോപ്പിന്റേയോ പോലുള്ള രുചിയുണ്ടാകും. അല്പം പാലെടുത്ത് കൈവിരലുകൾക്കുള്ളിൽ വെച്ച് തിരുമ്മുകയാണെങ്കിൽ എണ്ണമയമുള്ളതായി തോന്നും. കൂടാതെ, ഇത്തരം പാൽ ചൂടാക്കുമ്പോൾ ഇളം മഞ്ഞനിറമായി മാറുകയും ചെയ്യും.

5. യൂറിയ അടങ്ങിയിട്ടുണ്ടോ?

ഒരു ടീസ്പൂൺ പാലിലേക്ക് പകുതി ടീസ്പൂൺ സോയാബീൻ പൊടിയോ തുവരപ്പരിപ്പ് പൊടിയോ ചേർത്ത് നന്നായി ഇളക്കി അഞ്ച് മിനിറ്റ് വെക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ചുവന്ന ലിറ്റ്മസ് പേപ്പർ മുക്കുക. ഈ പേപ്പർ നീലനിറമായി മാറുകയാണെങ്കിൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.

പാൽ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എപ്പോഴും വിശ്വസനീയവും എഫ്.എസ്.എസ്.എ.ഐ (FSSAI) അംഗീകാരമുള്ളതുമായ ബ്രാൻഡുകളിൽ നിന്ന് മാത്രം പാൽ വാങ്ങുക.

പാക്കറ്റിലെ പാക്കിംഗ് തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും (Expiry Date) കൃത്യമായി പരിശോധിക്കുക.

പാൽ തിളപ്പിക്കുന്നതിന് മുൻപ് അതിന്റെ നിറവും ഗുണവും സ്വാഭാവികമാണോ എന്ന് ഉറപ്പുവരുത്തുക.

കുട്ടികൾക്ക് ഒരിക്കലും പച്ചപ്പാൽ കുടിക്കാൻ നൽകരുത്; നന്നായി തിളപ്പിച്ചാറ്റിയ പാൽ മാത്രം നൽകുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361458/content-highlights-these-five-tests-can-be-done-at-home-to-identify-fake-milk-containing-detergent-and-urea)