---
title: "കരളിനെ കാക്കാം സുരക്ഷിതമായി; മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയാം"
english_title: "Content Highlights:- Know the symptoms and prevention methods of jaundice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361424/content-highlights-know-the-symptoms-and-prevention-methods-of-jaundice"
published_at: "2026-05-24T15:01:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12c891604be_WhatsApp_Image_2026-05-24_at_3.14.09_PM.jpeg"
keywords: ["Health", "Liver Health", "Hepatitis Awareness", "Health Tips"]
---

# കരളിനെ കാക്കാം സുരക്ഷിതമായി; മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയാം

> **Lead Summary:** **[** ശരീരത്തിലെ ആന്തരിക അവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. രക്തത്തിൽ 'ബിലിറുബിൻ' എന്ന മഞ്ഞനിറമുള്ള പിഗ്മെന്റിന്റെ അളവ് അമിതമായി കൂടുമ്പോൾ പ്രകടമാകുന്ന ഈ അവസ്ഥ പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത്.

## Article Content

**[** ശരീരത്തിലെ ആന്തരിക അവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. രക്തത്തിൽ 'ബിലിറുബിൻ' എന്ന മഞ്ഞനിറമുള്ള പിഗ്മെന്റിന്റെ അളവ് അമിതമായി കൂടുമ്പോൾ പ്രകടമാകുന്ന ഈ അവസ്ഥ പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത്.

കരളിനുണ്ടാകുന്ന കേടുപാടുകൾ മൂലമുള്ള ഹെപ്പറ്റോസെല്ലുലാർ ജൗണ്ടിസ്, ചുവന്ന രക്താണുക്കൾ നശിക്കുന്നത് വഴിയുണ്ടാകുന്ന ഹീമോലിറ്റിക് ജൗണ്ടിസ്, പിത്തരസം പുറന്തള്ളുന്ന കുഴലുകളിലെ തടസ്സം മൂലമുള്ള ഒബ്‌സ്ട്രക്റ്റീവ് ജൗണ്ടിസ് എന്നിവയാണവ.

കണ്ണിലെ വെള്ളഭാഗവും ചർമ്മവും മഞ്ഞനിറമാകുക, മൂത്രത്തിന് കടുത്ത മഞ്ഞനിറം വരിക, കഠിനമായ ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, വിസർജ്യത്തിന് കളിമണ്ണിന്റെ നിറം വരിക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകളും, രക്തത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും ഉൾപ്പെടുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് ഇതിന്റെ പ്രധാന കാരണം. കൂടാതെ അമിതമായ മദ്യപാനം മൂലമുള്ള സിറോസിസ്, പിത്തസഞ്ചിയിലെ കല്ലുകൾ, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയും മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു.

ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് ലിവർ ഫങ്ഷൻ ടെസ്റ്റ് , അൾട്രാസൗണ്ട് സ്കാനിംഗ് എന്നിവയിലൂടെ രോഗനിർണ്ണയം നടത്തി കൃത്യമായ വിശ്രമവും ചികിത്സയും ഉറപ്പാക്കേണ്ടതാണ്.

രോഗബാധിതർ ധാരാളം വെള്ളം, കരിക്കിൻ വെള്ളം, കഞ്ഞി, പുഴുങ്ങിയ നേന്ത്രപ്പഴം തുടങ്ങിയ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുകയും, എണ്ണമയമുള്ള വിഭവങ്ങൾ, മാംസാഹാരം, മദ്യം, കാപ്പി എന്നിവ പൂർണ്ണമായും ഒഴിവാക്കുകയും വേണം.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാരത്തിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, ഹെപ്പറ്റൈറ്റിസ് എ, ബി പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കുക,  ഉപയോഗിച്ച സൂചികൾ  ഒഴിവാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ.

കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്ന ഒന്നാണ് മഞ്ഞപ്പിത്തം എന്നാൽ ലക്ഷണങ്ങളെ അവഗണിക്കുകയോ ശാസ്ത്രീയമല്ലാത്ത വ്യാജചികിത്സകൾക്ക് പിന്നാലെ പോവുകയോ ചെയ്യുന്നത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ജീവന് തന്നെ അപകടമാകുകയും ചെയ്തേക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361424/content-highlights-know-the-symptoms-and-prevention-methods-of-jaundice)