---
title: "'പിള്ളേര് മോഡിഫൈ ചെയ്യട്ടെ.... '; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊളിയുമോ? മോഡിഫിക്കേഷന് വില്ലനായി സുപ്രീംകോടതി വിധി "
english_title: "Content Highlights:- Supreme Court verdict on modification is easy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361420/content-highlights-supreme-court-verdict-on-modification-is-easy"
published_at: "2026-05-24T14:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12c1dddc469_v_d_satheesan.jpg"
keywords: ["Latest News", "Supreme Court", "Modification", "V D Satheesan"]
---

# 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ.... '; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊളിയുമോ? മോഡിഫിക്കേഷന് വില്ലനായി സുപ്രീംകോടതി വിധി 

> **Lead Summary:** **കൊച്ചി: ** വാഹനത്തിന്റെ മോഡിഫിക്കേഷനെക്കുറിച്ചുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനവും യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

## Article Content

**കൊച്ചി: ** വാഹനത്തിന്റെ മോഡിഫിക്കേഷനെക്കുറിച്ചുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനവും യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനവും വലിയ ആവേശത്തോടെയാണ് യുവാക്കൾ ഏറ്റെടുത്തത്. എന്നാൽ, നിലവിലെ നിയമക്കുരുക്കുകൾ പദ്ധതിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കേന്ദ്ര മോട്ടോർ വാഹന നിയമവും സുപ്രീംകോടതി, ഹൈക്കോടതി വിധികൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങളും നിലവിൽ മോഡിഫിക്കേഷന് അനുകൂലമല്ല.

ഈ സാഹചര്യത്തിൽ പദ്ധതി എങ്ങനെ പ്രായോഗികമാക്കാം എന്ന ആലോചനയിലാണ് ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി അപകടകരമായ രൂപമാറ്റം ഏതാണ്, അനുവദിക്കാവുന്ന മാറ്റങ്ങൾ ഏതെല്ലാം എന്നത് സംബന്ധിച്ച പ്രത്യേക പട്ടിക തയാറാക്കാൻ വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.

നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് തന്നെ യുവാക്കളുടെ താൽപ്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്ന കാര്യത്തിൽ വിദഗ്ധോപദേശം തേടാനാണ് സർക്കാർ നീക്കം.

കോടതി വിധികളെ മറികടന്നുകൊണ്ട് മാറ്റങ്ങൾ കൊണ്ടുവരുന്നത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും, വ്യക്തമായ മാനദണ്ഡങ്ങളോടെ പുതിയ വിജ്ഞാപനം പുറത്തിറക്കാനാകുമോ എന്നാണ് ഗതാഗത വകുപ്പ് പരിശോധിക്കുന്നത്.

**എന്താണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്?**

റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഒരിളവും നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വാഹനനിര്‍മാതാക്കള്‍ അനുവദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാനാകില്ലെന്നാണ് 1988-ലെ മോട്ടോര്‍വാഹന നിയമം വകുപ്പ് 52-ല്‍ പറയുന്നത്.

കേരള മോട്ടോര്‍വാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതി നല്‍കിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് തള്ളി 2019-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

മൂന്നാറില്‍ ടൂറിസ്റ്റുകള്‍ക്കായി കെഎസ്ആര്‍ടിസി നിരത്തിലിറക്കിയ ഡബിള്‍ ഡക്കര്‍ ബസില്‍ ഒരു ഹെഡ് ലൈറ്റ് അധികമായിവെച്ചത് നീക്കംചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതൊക്കെ മറികടന്ന് വേണം മോഡിഫിക്കേഷന്‍ ചെയ്യാന്‍. അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കാനും മോഡിഫിക്കേഷന്‍ കാരണമായേക്കാം.

**മോട്ടോര്‍വാഹന നിയമം വകുപ്പ് 52-ല്‍ പറയുന്നതിങ്ങനെ:**

വാഹന നിര്‍മാതാക്കള്‍ അനുവദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കരുത്. രൂപമാറ്റത്തിന് അനുവാദം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. സംസ്ഥാനത്തിനുള്ളത് പരിമിതമായ അധികാരം.

2000 ലെ നിയമഭേദഗതിയിലും രൂപമാറ്റത്തിനപ്പുറം പരിഗണന നല്‍കിയത് റോഡ് സുരക്ഷയ്ക്കും മലിനീകരണം തടയുന്നതിനുമാണ്. ടയറിന്റെ മാറ്റം പോലും അനുവദിച്ചില്ല.

**2019 ല്‍ സുപ്രീംകോടതി പറഞ്ഞത്**

മോഡിഫിക്കേഷന്‍ തടഞ്ഞ 2006-ലെ കേരള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുകൂല ഉത്തരവാണ് പുറപ്പെടുവിച്ചത്.

ഇതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് രൂപമാറ്റത്തെ വിലക്കുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ലെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. തുടര്‍ന്ന് സുപ്രീം കോടതി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി.

**പ്രോട്ടോടൈപ്പ് ടെസ്റ്റ്**

വിദേശത്ത് നിന്ന്് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളടക്കം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ ശേഷമാണ് നിരത്തിലിറക്കുന്നത്. പിന്നീട് ഈ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ അനുവദിക്കാനാകില്ലെന്നാണ് നിയമം.

**എന്താണ് മോഡിഫിക്കേഷൻ?**

വാഹനനിർമാതാക്കൾ നൽകിയിട്ടുള്ളതിൽനിന്ന് എന്തു അധികം വച്ചാലും അത് മോഡിഫിക്കേഷൻ ആണ്. വാഹനനിർമാതാക്കൾ നൽകിയിട്ടുള്ള സ്പെസിഫിക്കേഷനിൽനിന്ന് മാറ്റം വരുത്താൻ നിയമപരമായി അനുവാദമില്ല. വാഹനത്തിന്റെ പുറം കാഴ്ചയിൽ മാറ്റം വരാൻ പാടില്ല.

അതിന്റെ സ്ട്രക്ചറിൽ മാറ്റം വരുത്താനും അവകാശമില്ല. വാഹനത്തിലെ ഓരോ പാർട്ടും ടെസ്റ്റ് ചെയ്തു ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നിർമാതാക്കൾ ഒരു വാഹനം നിരത്തിലിറക്കുന്നത്.

ശരിയായ രീതിയിലല്ലാതെ ടയർ അപ്സൈസ് ചെയ്യുന്നതും സൈലൻസർ മാറ്റുന്നതും കുറ്റകരമായ മോഡിഫിക്കേഷൻ ആണ്. അതുപോലെ ഇരുചക്രവാഹനങ്ങളിൽ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കുന്നതിനായി മൂന്നു വീൽ ഘടിപ്പിക്കുന്നതും മോഡിഫിക്കേഷൻ ആണ്.

പക്ഷേ, നിയമപരമായി അനുമതി തേടിയിരിക്കണം എന്ന് മാത്രം. എല്ലാ മോഡിഫിക്കേഷനും നിയമവിധേയമല്ല. എന്നാൽ നിയമപരമായി ചെയ്യാൻ കഴിയുന്ന മോഡിഫിക്കേഷനും ഉണ്ട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361420/content-highlights-supreme-court-verdict-on-modification-is-easy)