---
title: " പകതീർത്തത്  മരുമകളുടെ കൈ വെട്ടി....!  കൊട്ടാരക്കരയിൽ ഭർതൃപിതാവ് വെട്ടിമാറ്റിയ യുവതിയുടെ കൈപ്പത്തി തുന്നിച്ചേർത്തു"
english_title: "Content Highlights:-  Woman's hand cut off by father-in-law stitched back together in Kottarakkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361400/content-highlights-womans-hand-cut-off-by-father-in-law-stitched-back-together-in-kottarakkara"
published_at: "2026-05-24T13:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12b1f764be4_kottarakkara_crime.jpg"
keywords: ["Woman Handcut", "Stitched", "Kottarakkara Family Issue"]
---

#  പകതീർത്തത്  മരുമകളുടെ കൈ വെട്ടി....!  കൊട്ടാരക്കരയിൽ ഭർതൃപിതാവ് വെട്ടിമാറ്റിയ യുവതിയുടെ കൈപ്പത്തി തുന്നിച്ചേർത്തു

> **Lead Summary:** **കൊല്ലം: **കുടുംബവഴക്കിനെ തുടർന്ന് കൊട്ടാരക്കരയിൽ ഭർതൃപിതാവിന്റെ ക്രൂരമായ വെട്ടേറ്റ് അറ്റുപോയ മുപ്പതുകാരിയുടെ കൈപ്പത്തി സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർത്തു.

## Article Content

**കൊല്ലം: **കുടുംബവഴക്കിനെ തുടർന്ന് കൊട്ടാരക്കരയിൽ ഭർതൃപിതാവിന്റെ ക്രൂരമായ വെട്ടേറ്റ് അറ്റുപോയ മുപ്പതുകാരിയുടെ കൈപ്പത്തി സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർത്തു.

വലതുകൈ വേർപെട്ട നിലയിൽ ട്രാവൻകൂർ മെഡിസിറ്റിയിൽ എത്തിച്ച കൊട്ടാരക്കര കിഴക്കേതെരുവ് ഐപ്പള്ളൂർ പടിഞ്ഞാറെ വീട്ടിൽ ഷിന്‍റോയുടെ ഭാര്യ ജിൻസി ജോണിന്‍റെ(30) കൈയാണ് തുന്നിച്ചേർത്ത് പൂർവസ്ഥിതിയിലാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് യുവതിയെ ഭർതൃപിതാവ് അലക്സാണ്ടർ(60) വെട്ടിപ്പരിക്കേൽപിച്ചത്. ഇയാളുടെ ഭാര്യ സാറാമ്മക്കും(55) പരിക്കേറ്റിരുന്നു.

മെഡിസിറ്റിയിൽ അത്യാഹിതവിഭാഗത്തിൽ എത്തിച്ച ജിൻസിയെ പ്രഥമ ശുശ്രൂഷക്കുശേഷം പ്ലാസ്റ്റിക് സർജറി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പ്ലാസ്റ്റിക് സർജന്മാരുടെയും അനസ്തേഷ്യ, ഓർത്തോപീഡിക്സ് ഡോക്ടർമാരുടെയും നേതൃത്വത്തിൽ മൈക്രോ വസ്കുലർ റീപ്ലാന്റേഷൻ ശസ്ത്രക്രിയക്ക് വിധേയയാക്കി.

12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ മൈക്രോസ്കോപ്പികളുടെ സഹായത്തോടെ കൈയിലെ തലമുടിയെക്കാൾ നേർത്ത രക്തക്കുഴലുകൾ പരസ്പരം തുന്നിച്ചേർത്ത് രക്തയോട്ടം പുനഃസ്ഥാപിച്ചതായി ഡോക്ടർമാർ പറഞ്ഞു. കൂടാതെ കൈകളുടെ ചലനശേഷിയും സ്പർശനശേഷിയും ലഭിക്കുന്നതിനായി പ്രധാന നാഡികളും വിരലുകളുടെ ചലനത്തെ നിയന്ത്രിക്കുന്ന സൂക്ഷമായ ഞരമ്പുകളും (റ്റെൻഡൻസ്) കൂട്ടിച്ചേർത്തു.

നിലവിൽ വിരലുകളിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിൽ ആവുകയും കൈ സ്വാഭാവിക നിറം കൈവരിക്കുകയും ചെയ്തു. രോഗി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അതേസമയം കൈയുടെ ചലനശേഷിയും സ്പർശനശേഷിയും തിരികെവരാൻ ദീർഘനാളത്തെ ഫിസിയോതെറപ്പി ആവശ്യമാണ്.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361400/content-highlights-womans-hand-cut-off-by-father-in-law-stitched-back-together-in-kottarakkara)