---
title: "രക്ഷാപ്രവർത്തനമല്ല, വധശ്രമം; നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം, അഞ്ച് പൊലീസുകാരെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും"
english_title: "Content Highlights:- Alappuzha gunman issue Five Policeman will get Suspension"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361349/content-highlights-alappuzha-gunman-issue-five-policeman-will-get-suspension"
published_at: "2026-05-24T09:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bc226a0daf_gunman_attack.jpg"
keywords: ["Latest News", "Alappuzha", "Gunman Attack", "Suspension"]
---

# രക്ഷാപ്രവർത്തനമല്ല, വധശ്രമം; നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം, അഞ്ച് പൊലീസുകാരെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും

> **Lead Summary:** **ആലപ്പുഴ: **നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകും.

## Article Content

**ആലപ്പുഴ: **നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകും.

ഗൺമാൻ അടക്കം അഞ്ച് പൊലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യും. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ് സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരനായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുക.

ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങളും ചുമത്തും. എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് നീക്കം.

വ്യാജരേഖ ചമച്ചതില്‍ കേസെടുക്കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ ഇടക്കാല റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എസ്‌ഐടി തലവന്‍ എസ്പി ഷൗക്കത്തലി ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ വാക്കാലാണ് വിവരങ്ങള്‍ ധരിപ്പിച്ചത്. എസ്‌ഐടിയുടെ നടപടി ശുപാര്‍ശാ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറും.

അതേസമയം സന്ദീപും അനില്‍കുമാറും ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന് മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് സുരുക്ഷയൊരുക്കുക എന്ന ജോലിയാണ് തങ്ങള്‍ ചെയ്തതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ലോക്കല്‍ പൊലീസിന്റെ അഭാവത്തിലാണ് ഇടപെടേണ്ടി വന്നതെന്നും പ്രതിഷേധം നിയന്ത്രിക്കാന്‍ മതിയായ പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും ഗണ്‍മാന്മാര്‍ പറഞ്ഞു.

'മന്ത്രിമാരുടെ വാഹനവ്യൂഹത്തിന് പിന്നാലെ പ്രതിഷേധക്കാര്‍ ഓടിയത് തടയാനാണ് ശ്രമിച്ചത്. യാത്രയില്‍ ഉടനീളം നിരത്തുകളില്‍ പ്രതിഷേധം ഉണ്ടായിരുന്നു.

പലസ്ഥലങ്ങളിലും പൊലീസ് ഇല്ലായിരുന്നു. അതുകൊണ്ടാണ് ലാത്തി കയ്യില്‍ കരുതിയിരുന്നത്. അറസ്റ്റിലായി 48 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ ജോലി നഷ്ടമാകും', ജാമ്യാപേക്ഷയില്‍ പറയുന്നു. 26നാണ് ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361349/content-highlights-alappuzha-gunman-issue-five-policeman-will-get-suspension)