---
title: "പേരാമ്പ്രയിലേത് ആസൂത്രിത കൊലപാതകമെന്ന് സോനയുടെ കുടുംബം, ആത്മഹത്യാ ശ്രമമെന്ന് സിസിടിവി ദൃശ്യം; രജിൻ മടങ്ങിയത് ദുരൂഹതകൾ ബാക്കിയാക്കി, പോസ്റ്റ്‌മോർട്ടം ഇന്ന്"
english_title: "Content Highlights:- postmortem of the body of Rajinlal, who died of burns in a car fire in Cheruvannur, Perambra, will be conducted today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361329/content-highlights-postmortem-of-the-body-of-rajinlal-who-died-of-burns-in-a-car-fire-in-cheruvannur-perambra-will-be-conducted-today"
published_at: "2026-05-24T06:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11c935ce6de_rajin_lal_perambra.jpg"
keywords: ["Latest News", "Perambra Car Fire", "Death Case", "Sona Death", "Rajinlal Death", "Kozhikode"]
---

# പേരാമ്പ്രയിലേത് ആസൂത്രിത കൊലപാതകമെന്ന് സോനയുടെ കുടുംബം, ആത്മഹത്യാ ശ്രമമെന്ന് സിസിടിവി ദൃശ്യം; രജിൻ മടങ്ങിയത് ദുരൂഹതകൾ ബാക്കിയാക്കി, പോസ്റ്റ്‌മോർട്ടം ഇന്ന്

> **Lead Summary:** **കോഴിക്കോട്: ** പേരാമ്പ്ര ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച രാജിൻലാലിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

## Article Content

**കോഴിക്കോട്: ** പേരാമ്പ്ര ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച രാജിൻലാലിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

കാറിന് തീപിടിച്ച് മുഖം, നെഞ്ച് തുടങ്ങിയ ശരീര ഭാഗങ്ങളിൽ അറുപത് ശതമാനത്തോളം പൊള്ളലേറ്റ രജിൻ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടോടെയാണ് രാജിൻലാൽ മരിച്ചത്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഗർഭിണിയായ ഭാര്യ സോനാ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.

മെയ് പതിനഞ്ചിന് രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ഭാര്യയും സോനയും ഭർത്താവ് രാജിൻലാലും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാറിന് തീപിടിച്ചത്.

തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട രജിന്‍ലാല്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങി പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല. അപ്പോഴേക്കും രജിന്റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നു.

ഇതോടെ രജിന്‍ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ സോനയേയും രജിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിക്കാന്‍ കാരണമെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

കാറില്‍ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നതായി ചികിത്സയില്‍ കഴിയുന്നതിനിടെ രജിൻ മൊഴി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

കാറിനു തീപിടിച്ചതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. പെട്രോൾ പമ്പിൽ നിന്ന് സോന പെട്രോൾ വാങ്ങി മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പിന്നീട് പുറത്തുവന്നതോടെ ആത്മഹത്യാ ശ്രമത്തിനിടെയാണ് സോന മരിച്ചത് എന്ന സൂചനയും ഉണ്ടായി. അപകടവും സോന മരിക്കാൻ ഇടയായ സംഭവവും ഏറെ പ്രയാസം ഉണ്ടാക്കുന്നതാണെന്നു മാത്രമാണ് ഇതേക്കുറിച്ച് രജിൻലാലിന്റെ കുടുംബം അന്ന് പ്രതികരിച്ചത്.

കത്തിയ കാറിൽ പൊലീസും ഫൊറൻസിക് വിഭാഗവും മോട്ടർ വാഹനവകുപ്പും നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിന് ചോർച്ചയില്ലെന്നും എൻജിനിൽ നിന്നല്ല തീ പടർന്നതെന്നും വ്യക്തമായിരുന്നു. കാറിലെ എസി, റേഡിയേറ്റർ, വയറുകൾ തുടങ്ങിയവയ്ക്കും പ്രശ്നങ്ങളില്ലെന്നും മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.

അന്വേഷണത്തിന്റെ ഭാഗമായി കാറിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ, ബാഗിന്റെ അവശിഷ്ടം, കത്താതെ ശേഷിച്ച തുണി തുടങ്ങിയവ സാംപിൾ പരിശോധനയ്ക്ക് മേപ്പയൂർ പൊലീസ് അയച്ചിരുന്നു.

കാറിനുള്ളിൽ നിന്ന് ഒരു കാനിന്റെ മൂടിയും കണ്ടെത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്.

പ്ലസ് ടു പഠനകാലത്താണ് സോനയും രജിൻലാലും പരിചയപ്പെടുന്നത്. വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ വിവാഹം വേണ്ടെന്നുവയ്ക്കുകയും രജിൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇതറിഞ്ഞ സോന വടകര റെയിൽവേ സ്റ്റേഷനിൽ എത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനിടെ അതു കണ്ട റെയിൽവേ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഈ കേസിൽ നിയമനടപടി സ്വീകരിച്ചതിനിടെയാണ് രജിൻലാൽ സോനയെ വിവാഹം ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.

വിവാഹശേഷം ഭർതൃവീട്ടിൽ ചില ദുരനുഭവങ്ങൾ ഉണ്ടായതായി സോന ഒരു ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നതായി സോനയുടെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഗർഭിണിയായിരിക്കെ രണ്ടു മാസം സോന അമ്മ വസന്തയ്ക്കൊപ്പം പാലേരിയിലെ വീട്ടിലായിരുന്നു. ഒരു മാസം മുൻപ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ രജിൻലാൽ കാർ കത്തിയ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപാണ് സോനയെ ഭർതൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

കാർ കത്തിയ ദിവസം അമ്മയുടെ സഹോദരിയുടെ മകളുടെ കൂടെ സോന ടൗണിൽ പോയിരുന്നു. ഈ സമയത്താണോ പിന്നീട് ഭർത്താവിനൊപ്പം പോയപ്പോഴാണോ സോന പെട്രോൾ വാങ്ങിയതെന്ന സംശയവും ഇതിനിടെ ഉയർന്നു.

എന്നാൽ സഹോദരിക്കൊപ്പം ടൗണിൽ പോയപ്പോൾ പാതിവഴിയിൽ സോന ഒറ്റയ്ക്ക് പോയതായും പൊലീസ് കണ്ടെത്തി. അതിനാൽ തന്നെ രജിന്റെ നിർദേശപ്രകാരമല്ല സോന പെട്രോൾ വാങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

യാത്രയ്ക്കിടെ കാറിൽ നിന്ന് പെട്രോളിന്റെ മണം ഉണ്ടായെന്നും പെട്ടെന്ന് ശബ്ദത്തോടെ തീ ആളിപ്പടർന്നെന്നുമാണ് പൊളളലേറ്റ് ചികിത്സയിലിരിക്കെ രജിൻലാൽ മേപ്പയൂർ പൊലീസിന് നൽകിയ മൊഴി.

കാറിന്റെ എൻജിനു വലിയ കേടുപാടുകൾ ഇല്ലാത്തതും ഉൾഭാഗം മാത്രം പൂർണമായും കത്തിനശിച്ചതും കണക്കിലെടുത്ത് പെട്രോൾ പോലുളള വസ്തു കാരണമാകാം തീപിടിത്തമുണ്ടായതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ തേടി പൊലീസ് വീണ്ടും മൊഴിയെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് രജിന്റെ മരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361329/content-highlights-postmortem-of-the-body-of-rajinlal-who-died-of-burns-in-a-car-fire-in-cheruvannur-perambra-will-be-conducted-today)