---
title: "വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ ; കാസിമിന്റെ മൊബൈൽ ഫോൺ എവിടെ? പൊലീസ് പ്രവർത്തിച്ചത് പാർട്ടി ഓഫിസ് പോലെയെന്ന് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല"
english_title: "Content Highlights:- State Home Department prepares for further investigation into Vadakara 'Kaffir screenshot' controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361230/content-highlights-state-home-department-prepares-for-further-investigation-into-vadakara-kaffir-screenshot-controversy"
published_at: "2026-05-23T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a101721afd69_Parakkal_Abdullah.jpg"
keywords: ["Latest News", "Kafir Screenshot", "Vatakara", "Parakkal Abdulla", "Kuttiady MLA"]
---

# വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ ; കാസിമിന്റെ മൊബൈൽ ഫോൺ എവിടെ? പൊലീസ് പ്രവർത്തിച്ചത് പാർട്ടി ഓഫിസ് പോലെയെന്ന് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല

> **Lead Summary:** **കോഴിക്കോട്: ** വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിൽ തുടരന്വേഷണത്തിന് ഒരുങ്ങി സംസ്ഥാന ആഭ്യന്തര വകുപ്പ് .

## Article Content

**കോഴിക്കോട്: ** വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിൽ തുടരന്വേഷണത്തിന് ഒരുങ്ങി സംസ്ഥാന ആഭ്യന്തര വകുപ്പ് .

കഴിഞ്ഞ മാസം പൊലീസ് അവസാനിപ്പിച്ച കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല വെള്ളിയാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നൽകിയ കത്ത് പ്രകാരമാണ് നടപടിക്രമങ്ങളിലേക്ക് ആഭ്യന്തര വകുപ്പ് കടക്കുന്നത്.

ഒരു പാർട്ടി ഓഫിസിൽനിന്ന് പ്രവർത്തകർ എങ്ങനെയാണോ പാർട്ടി നിർദേശം അനുസരിക്കുക എന്നതു പോലെയാണ് വടകരയിലെയും പരിസരപ്രദേശങ്ങളിലെയും പൊലീസ് കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ നടപടി സ്വീകരിച്ചതെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ പറഞ്ഞു.

ഏകപക്ഷീയമായ നിലപാടാണ് ഈ കേസിൽ പൊലീസ് കൈക്കൊണ്ടത്. കോടതിയിൽ കേസ് നിലനിൽക്കുകയും ഫൊറൻസിക്കിൽനിന്ന് റിപ്പോർട്ട് ലഭിക്കാത്തതുമായ സാഹചര്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് എഴുതിത്തള്ളിയെന്ന വിവരമാണ് വടകര പൊലീസിൽനിന്ന് മാധ്യമങ്ങൾക്കു നൽകിയത്.

നാട്ടിൽ വലിയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയിൽ ഉണ്ടായത്. ഇനി അങ്ങനെ ഒരു ശ്രമം നമ്മുടെ നാട്ടിൽ ഉണ്ടാകാൻ പാടില്ല.

ഇതിനു പിന്നിൽ ഗൂഢാലോചന നടത്തിയത് ആരാണ്, ഈ സ്ക്രീൻഷോട്ട് നിർമിച്ചത് ആരാണ്, എന്നതെല്ലാം കൃത്യമായി അന്വേഷിക്കണം. വടകരയിൽ ഇതുപോലുള്ള വിഷയങ്ങൾ കത്തിക്കുന്നതിൽ സിപിഎമ്മിനെ പോലെ തന്നെ പൊലീസിനും പങ്കുണ്ട്.

കേസിൽ എൽഡിഎഫിന്റെ വ്യാജപരാതി പ്രകാരം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഫൊറൻസിക്കിനു കൈമാറിയ ലീഗ് പ്രവർത്തകൻ പി.കെ.മുഹമ്മദ് കാസിമിന്റെ മൊബൈൽ ഫോൺപോലും ഇതുവരെ തിരികെ നൽകിയിട്ടില്ല.

പൊലീസ് തന്നെയാണ് ഇതിൽ എല്ലാ ഒത്തുകളിയും നടത്തിയിരിക്കുന്നത്. ന്യായമോ മെറിറ്റോ നോക്കാതെയാണ് പൊലീസ് കേസ് അന്വേഷണത്തിൽ ഏകപക്ഷീയമായി മുന്നോട്ടുപോയത്.

അതിനാലാണ് കേസ് അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘം തന്നെ വേണം എന്ന നിലപാട് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചത്. ഇതുപ്രകാരം ഉചിതമായ നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പാറക്കൽ അബ്ദുല്ല പറഞ്ഞു.

കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ട് ഇപ്പോൾ 20 മാസം പിന്നിട്ടിരിക്കുകയാണ്.

എന്നാൽ ഈ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതായി വാർത്തകൾ വരുന്നത് കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചതായി അദ്ദേഹം വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361230/content-highlights-state-home-department-prepares-for-further-investigation-into-vadakara-kaffir-screenshot-controversy)