---
title: "ഓടിയോടി എവിടെ വരെ ഓടും......? മയക്കുമരുന്നുമായി പിടിയിലായ കോഴിക്കോട് സ്വദേശിയായ പ്രതി കൈവിലങ്ങോടെ ചാടിപ്പോയി"
english_title: "CONTENT HIGHLIGHTS:- The suspect jumped off the train while in handcuffs and escaped."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361228/the-suspect-jumped-off-the-train-while-in-handcuffs-and-escaped"
published_at: "2026-05-23T13:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a116287ecf23_drugs_case.jpg"
keywords: ["Latest News", "Drugs Case", "Defendant", "Kozhikode"]
---

# ഓടിയോടി എവിടെ വരെ ഓടും......? മയക്കുമരുന്നുമായി പിടിയിലായ കോഴിക്കോട് സ്വദേശിയായ പ്രതി കൈവിലങ്ങോടെ ചാടിപ്പോയി

> **Lead Summary:** **കോഴിക്കോട്: [**കോടികളുടെ മാരക ലഹരിമരുന്നുമായി പിടികൂടിയ കേസിലെ പ്രതി തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് ഓടുന്ന ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടു.

## Article Content

**കോഴിക്കോട്: [**കോടികളുടെ മാരക ലഹരിമരുന്നുമായി പിടികൂടിയ കേസിലെ പ്രതി തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് ഓടുന്ന ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടു.

മുക്കം പൂളപ്പൊയിൽ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് ഗുജറാത്തിലെ വടോദരയ്ക്ക് സമീപം വെച്ച് ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയത്. മുക്കം ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘവും ഡാൻസാഫ് ഉദ്യോഗസ്ഥരും ചേർന്ന് തെളിവെടുപ്പിനായി പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സിനിമാറ്റിക്കായ സംഭവം.

കൈവിലങ്ങോടെയാണ് പ്രതി ട്രെയിനിൽനിന്ന് ചാടിയതെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് വിപണിയിൽ കോടികൾ വിലമതിക്കുന്ന 2.803 കിലോഗ്രാം എംഡിഎംഎയുമായി ഹനീഫയെ പോലീസ് പിടികൂടിയത്.

ആദ്യം മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് 500 ഗ്രാം ലഹരിമരുന്നുമായാണ് ഇയാൾ വലയിലാകുന്നത്. തുടർന്ന് ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്കി മയക്കുമരുന്ന് കൂടി കണ്ടെടുത്തത്.

ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹനീഫയ്ക്കൊപ്പം താമസിച്ചിരുന്ന ഒരു സ്ത്രീയെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മേയ് ഒന്നിന് മുക്കത്തെ വാടകവീട്ടിലെത്തിച്ച് പ്രതിയുടെ പ്രാഥമിക തെളിവെടുപ്പ് പോലീസ് പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ലഹരിമരുന്നിന്റെ പ്രധാന ഉറവിടം തേടി ഡൽഹിയിലേക്കുള്ള യാത്ര തിരിച്ചത്.

പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിക്കായി ഗുജറാത്ത് കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361228/the-suspect-jumped-off-the-train-while-in-handcuffs-and-escaped)