---
title: "സൗജന്യ യാത്രക്കായി ഇനി അധികം കാത്തിരിക്കേണ്ട...! സ്ത്രീകൾ കാത്തിരുന്ന ആ പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാവുമെന്ന് സൂചന,നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഗതാഗതമന്ത്രി"
english_title: "CONTENT HIGHLOGHTS :- KSRTC free travel announcement on Monday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361225/content-highloghts-ksrtc-free-travel-announcement-on-monday"
published_at: "2026-05-23T13:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d8c89ccf69_22.jpg"
keywords: ["Latest News", "Thiruvanandapuram", "Ksrtc Free Travel", "Announcement"]
---

# സൗജന്യ യാത്രക്കായി ഇനി അധികം കാത്തിരിക്കേണ്ട...! സ്ത്രീകൾ കാത്തിരുന്ന ആ പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാവുമെന്ന് സൂചന,നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഗതാഗതമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: [ **സംസ്ഥാനത്തെ വനിതകൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതിക്ക് വരുംദിവസങ്ങളിൽ അന്തിമരൂപമാകും.

## Article Content

**തിരുവനന്തപുരം: [ **സംസ്ഥാനത്തെ വനിതകൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതിക്ക് വരുംദിവസങ്ങളിൽ അന്തിമരൂപമാകും.

ഇതുസംബന്ധിച്ച നിർണായക തീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ ഏഷ്യാനെറ്റ് ന്യൂസിന്റെ 'നമസ്തേ കേരളം' പരിപാടിയിൽ വ്യക്തമാക്കി.

പ്രായ-വരുമാന പരിധികൾ ഏതുമില്ലാതെ സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് നിലവിലെ ആലോചന. വി.ഡി.എസ്. സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി വരുന്ന പതിനഞ്ചാം തീയതിയോടെ യാഥാർത്ഥ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേൽ കെഎസ്ആർടിസി ഉദ്യോഗസ്ഥർ ഇപ്പോൾ അന്തിമഘട്ട ചർച്ചകളിലാണ്.

കെഎസ്ആർടിസിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കാത്ത രീതിയിലാകും പദ്ധതി നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയ മന്ത്രി, ഓർഡിനറി ബസുകൾക്ക് പുറമെ സൂപ്പർ ഫാസ്റ്റുകളിലും സൗജന്യം അനുവദിക്കുന്നതും കർണാടക മാതൃകയിൽ സ്ത്രീകൾക്കായി പ്രത്യേക യാത്രാ കാർഡുകൾ ഏർപ്പെടുത്തുന്നതുമുൾപ്പെടെയുള്ള വിവിധ നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്നും അറിയിച്ചു.

ഇതിനായുള്ള വിശദമായ റിപ്പോർട്ട് തിങ്കളാഴ്ചത്തെ കാബിനറ്റ് യോഗത്തിൽ സമർപ്പിക്കും. പ്രമുഖ വനിതാ താരങ്ങളെ ഉൾപ്പെടുത്തി വിപുലമായ ചടങ്ങോടെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കുമെന്നും എല്ലാ മാസവും ഒന്നാം തീയതി തന്നെ പെൻഷൻ ഉറപ്പാക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു.

പെൻഷൻ ഫണ്ടിൽ നിന്നും ചില സഹകരണ സ്ഥാപനങ്ങൾ പിന്മാറിയത് നിലവിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, അവരുമായി അടിയന്തരമായി ചർച്ച നടത്തും. ശമ്പളം വിതരണം ചെയ്യുന്നതിനൊപ്പം തന്നെ പെൻഷനും കൃത്യമായി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361225/content-highloghts-ksrtc-free-travel-announcement-on-monday)