---
title: "പിച്ചിച്ചീന്തി കൊന്നതോ...? കോയമ്പത്തൂരില്‍ കാണാതായ പത്ത് വയസുകാരിയുടെ മൃതദേഹം കുളത്തില്‍, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സംശയം"
english_title: "Content Highlights:- Body of missing 10-year-old girl found in pond in Coimbatore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361217/content-highlights-body-of-missing-10-year-old-girl-found-in-pond-in-coimbatore"
published_at: "2026-05-23T13:15:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06904cba022_crime.jpg"
keywords: ["Latest News", "Missing Case", "Death", "Rape Case"]
---

# പിച്ചിച്ചീന്തി കൊന്നതോ...? കോയമ്പത്തൂരില്‍ കാണാതായ പത്ത് വയസുകാരിയുടെ മൃതദേഹം കുളത്തില്‍, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സംശയം

> **Lead Summary:** **ചെന്നൈ: **കോയമ്പത്തൂര്‍ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി.

## Article Content

**ചെന്നൈ: **കോയമ്പത്തൂര്‍ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി.

കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് സംശയം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സുലൂര്‍ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.

വ്യാഴാഴ്ച വൈകുന്നേരം വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയതോടെ മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് കുടുംബം സുലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ, പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ പിന്നിലായി സ്ഥിതി ചെയ്യുന്ന കണ്ണമ്പാളയം എന്ന സ്ഥലത്തെ വലിയ ഒരു കുളത്തില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി നാട്ടുകാരാണ് കണ്ടത്.

പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പെണ്‍കുട്ടി ലൈംഗികമായ പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു.

കോയമ്പത്തൂര്‍ ജില്ലാ പൊലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സംശയമുള്ള പരിസരവാസികളായ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ റോഡ് ഉപരോധിച്ചു.പുതിയതായി ചുമതലയേറ്റ ജില്ലാ പൊലീസ് സൂപ്രണ്ട് എ പവന്‍കുമാര്‍ റെഡ്ഡി കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361217/content-highlights-body-of-missing-10-year-old-girl-found-in-pond-in-coimbatore)